കഥ: മൺതിട്ടയിലെ വേട്ടക്കാരൻ | ബിജോ മാത്യു, പാണത്തൂർ
കിടപ്പുമുറിയുടെ വലിയ ജനൽ പാളികൾക്കുമ പ്പുറം വീടിന് പിൻവശത്തായി അല്പം വിശാലമായ ഒരു തൊടിയുണ്ട്. ചൂടുകാലത്താ ണെങ്കിലും മൂന്നോ നാലോ വേനൽ മഴ കിട്ടിയാൽ അവിടെമാകെ പച്ച നിറമാകും. കാരണം, വെയിലേറ്റ് ഉണങ്ങിക്കിടന്ന പുൽനാമ്പുകൾക്ക് ജീവൻ വെക്കുകയായി. അങ്ങനെ പുല്ലുകൊണ്ട് പരവതാനി വിരിച്ചതുപോലെ വിശാലമായ ഒരു തൊടിയായി അത് മാറുകയാണ്.
ഈ തൊടിക്ക് നടുവിൽ ഏതാണ്ട് മൂന്നടി പൊക്കമുള്ള ഒരു കറിവേപ്പ് നിൽപ്പുണ്ട്. അതിനുമപ്പുറം ഒരു വലിയ മൺതിട്ടയാണ്. ഈ മൺതിട്ടയിൽ ധാരാളം ചെറിയ മാളങ്ങൾ കാണാം. വല്ല പാമ്പോ, അരണയോ ഒക്കെ ഉണ്ടാകുമെന്നതുകൊണ്ട് ആരും അങ്ങോട്ട് പോകാറില്ല. മൺതിട്ടയുടെ മുകളിൽ കുറച്ച് അകലെയായി തെങ്ങുകളുടെ ഒരു നിര കാണാം. അതിനും പിന്നിലേക്ക് റബ്ബർ മരങ്ങളുടെ വലിയ തോട്ടമാണ്. പകലുപോലും അല്പം ഇരുട്ടുള്ള, നിബിഡമായ അടിക്കാടുകൾ ഒക്കെയുള്ള തോട്ടം.
ഈയിടെയായി ഒരു പൊൻമാന്റെ (Kingfisher) ശബ്ദം രാവിലെ വല്ലാതെ അസഹ്യപ്പെടുത്തുന്നുണ്ട്. മിക്കവാറും ഉറക്കമെണീക്കുന്നത് ഈ ശബ്ദം കേട്ടാണ്. നേരത്തെ പറഞ്ഞ മൺതിട്ടയിലെ മാളങ്ങളിലൊന്നിൽ കൂടുകൂട്ടിയിരിക്കുന്നതാണ്. കൂട്ടിൽ കുഞ്ഞുങ്ങളുമുണ്ട്. ആരും അവരെ ശല്യപ്പെടുത്താൻ അങ്ങോട്ട് പോകാറില്ല, അവരായി അവരുടെ വഴിയായി! പാടത്തിനരികിലുള്ള കുളത്തിൽ വളർത്താൻ ഇട്ടിരിക്കുന്ന മത്സ്യങ്ങളിൽ ആയിരിക്കണം മൂപ്പരുടെ കണ്ണ്! പണ്ടെങ്ങോ ആരോ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചതാണ്. പിന്നീട് അവർ ഇങ്ങോട്ട് വന്നിട്ടില്ല. അതുകൊണ്ട് കുളത്തിന്റെ മുകളിൽ ഇട്ടിരുന്ന സംരക്ഷണ വലയൊക്കെ പഴകി പൊട്ടിപ്പോയി.
കഴിഞ്ഞദിവസം രാവിലെ എഴുന്നേൽക്കുന്നത് പൊന്മാന്റെ പതിവിലും വലിയ കരച്ചിൽ കേട്ടുകൊണ്ടാണ്. ഉറക്കം കൂടുകൂട്ടിയിരുന്ന കണ്ണുകൾ വളരെ ബുദ്ധിമുട്ടി തുറന്നു ജനൽ പാളികൾക്കുള്ളിലെ മെറൂൺ നിറമുള്ള വിരിപ്പ് മാറ്റി പുറത്തേക്ക് നോക്കുമ്പോൾ കാണുന്ന കാഴ്ച, മൺതിട്ടയിലൂടെ പതുക്കെ ഇഴഞ്ഞ് കയറുന്ന ഇടത്തരം വലിപ്പമുള്ള ഒരു പാമ്പാ യിരുന്നു!
പൊന്മാന്റെ മാളത്തിനരികിലേക്കാണ് പാമ്പ് കയറി പോകുന്നതെന്ന് ഉറപ്പാണ്. ആ കുഞ്ഞുങ്ങൾ.. അതാണ് പാമ്പിൻറെ ലക്ഷ്യം. അതിരാവിലെ ഇര പിടിക്കാനുള്ള ആ വേട്ടക്കാരന്റെ ഉത്സാഹം തള്ള പക്ഷിയെ ഭയപ്പെടുത്തുന്നു. അതിൻറെ കുഞ്ഞുങ്ങൾ പാമ്പിൻറെ വയറ്റിൽ ആകുമോന്നുള്ള ഭയം. തിട്ടയിൽ പറ്റിപ്പിടിച്ചിഴയുന്ന പാമ്പിൻറെ ശരീരം ഉരഞ്ഞ് മൺതരികൾ പൊഴിഞ്ഞു വീഴുന്ന കിരു..കിരാ.. ശബ്ദം കേൾക്കാം.
എങ്ങനെയെങ്കിലും ആ കുഞ്ഞുങ്ങളെ രക്ഷിക്കണം. വാതിലൊക്കെ തുറന്ന് പുറത്തിറങ്ങുമ്പോഴേക്കും പാമ്പ് കുഞ്ഞുങ്ങളെ പിടിച്ചിട്ടുണ്ടാകുമോ? പിന്നാമ്പുറത്ത് എത്തുന്നത് വരെ പാമ്പ് പക്ഷിക്കൂടിനരികെ എത്തല്ലെ ദൈവമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട്, പുതപ്പ് വലിച്ചുമാറ്റി ചാടി എഴുന്നേൽക്കുന്ന സമയത്ത് പുറത്ത് നിന്നും “പ്തും” എന്നൊരു ശബ്ദം. നോക്കുമ്പോൾ ഒരു ചെറിയ കല്ല് പാമ്പിൻറെ മേൽ വന്നു വീഴുന്നു.. പാമ്പ് മൺതിട്ടയിൽ നിന്ന് മറിഞ്ഞുവീഴുന്നു. വീണിട്ടും പേടി മാറാതെ വേഗത്തിൽ ഇഴഞ്ഞ് പുൽനാമ്പുകൾക്കിടയിൽ മറയുന്നു.
എന്നാലും ആരായിരിക്കും ആ കല്ലെറിഞ്ഞിട്ടുണ്ടാവുക? ആരായിരിക്കും ആ കുഞ്ഞുങ്ങളുടെ രക്ഷകൻ? ഞാൻ ആലോചിച്ചു. എത്ര ചിന്തിച്ചിട്ടും പിടികിട്ടിയില്ല.. ആ എന്തെങ്കിലും ആവട്ടെ..എന്ന് കരുതി പതുക്കെ പുറത്തേക്കിറങ്ങി ചെല്ലുമ്പോൾ വിജയശ്രീലാളിതയായി എൻറെ ഭാര്യ നിൽക്കുന്നു! പാമ്പിനെ എറിഞ്ഞോടിച്ച ചാരിതാർത്ഥ്യം ആ മുഖത്തുണ്ട്. പക്ഷിക്കുഞ്ഞുങ്ങൾ രക്ഷപ്പെട്ടതിന്റെ സന്തോഷവും.
വേട്ടക്കാരൻ ഇരയും, ഇര വേട്ടക്കാരനുമായി മാറ്റിമറിക്കപ്പെടുന്ന ഈ കാലത്ത് വേട്ടക്കാരന്റെ കെണിയിൽ നിന്ന് നാം അറിഞ്ഞോ അറിയാതെയോ എത്രയോ തവണ സർവ്വശക്തനായ ദൈവം നമ്മെ വിടുവിച്ചിരിക്കുന്നു.. ഇനിയും നമ്മെ സംരക്ഷിക്കാനുള്ള ശക്തമായ കോട്ട നമ്മുടെ കർത്താവാണ്. ആ കൈകളിൽ നാം സുരക്ഷിതരാണ്.
“അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും, നാശകരമായ മഹാമാരിയിൽ നിന്നും വിടുവിക്കും”. (സങ്കി 91:3).
-ബിജോ മാത്യു പാണത്തൂർ.