എഡിറ്റോറിയൽ: വനിതകൾക്കായി… | ദീന ജെയിംസ്
മാർച്ച് 8 ലോകമെമ്പാടുമുള്ള വനിതകൾക്കായി മാറ്റിവച്ചിരിക്കുന്നു. 1975ലാണ് ഐക്യരാഷ്ട്രസഭ വനിതാദിനം ഔദ്യോഗികമായി അംഗീകരിച്ചതെങ്കിലും 1908ൽ ന്യൂയോർക്കിലെ വസ്ത്ര നിർമാണ തൊഴിലാളികളുടെ തൊഴിൽ രംഗത്തെ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ നടത്തിയ മുന്നേറ്റമാണ് ഇക്കാര്യത്തി ൻറെ തുടക്കം കുറിച്ചത്.
സ്ത്രീവിവേചനവും അവഗണനകളും ഒരു പരിധിവരെ തടയിടപ്പെട്ടിട്ടുണ്ടെങ്കിലും പൂർണ്ണമായി തുടച്ചുനീക്കപ്പെട്ടിട്ടില്ല എന്നുള്ളത് സത്യം തന്നെയാണ്. ഇന്നും സമൂഹത്തിലും കുടുംബത്തിലും അലിഖിത അതിർവരമ്പുകളിൽ തളയ്ക്കപ്പെട്ട കഴിവുറ്റ വിദ്യാസമ്പന്നരായ നിരവധി സ്ത്രീകളുണ്ട് . ഓരോ സ്ത്രീയും ആഗ്രഹിക്കുന്നത് അവരിലുള്ള കഴിവുകൾക്ക് സാമൂഹികപ്രയോജനവും അംഗീകാരവും നേടി ചിറകു മുളച്ചു ഉയരങ്ങളിൽ പറക്കണം എന്നാണ്.
ഈ വനിതാദിനത്തിൽ എനിക്കോർമ്മ വന്നത്, സ്വന്തം സ്വപ്നങ്ങൾക്ക് മീതെ കരിനിഴൽ വീണപ്പോൾ ആത്മവിശ്വാസവും ദൈവാശ്രയവും കൊണ്ട് വിജയശ്രീലാളിതയായി മുന്നേറുന്ന എന്റെ ഒരു സ്നേഹിതയെയാണ്. വർഷങ്ങൾക്കുമുൻപ് ഡിഗ്രി ക്ലാസ്സിൽ വച്ചാണ് ഞങ്ങൾ കണ്ടുമുട്ടിയത്. മൂന്നു വയസ്സുകാരന്റെ അമ്മയായ അവളുടെ ജീവിതകഥയറിഞ്ഞ ഞങ്ങളൊക്കെ ദയനീയഭാവത്തോടെയാണ് അവളോടിടപ്പെട്ടത്. നന്നേ ചെറുപ്പത്തിൽ തന്നെ വിവാഹിതയായ അവളുടെ കുടുബജീവിതം സ്വര ചേർച്ചയിയില്ലാത്തതായിരുന്നെങ്കിലും തോറ്റുകൊടുക്കുവാൻ അവൾ തയ്യാറായിരുന്നില്ല. സമൂഹത്തിൻറെ അവഗണന അവൾ ശ്രദ്ധിച്ചതേയില്ല. കുഞ്ഞിനെ വളർത്തലും വീട്ടുജോലിയുംഒപ്പം പഠനവും ഭാ രമേറിയതായിരുന്നെങ്കിലും അഹോരാത്രം തന്റെ സ്വപ്നത്തിനു വേണ്ടി അധ്വാനിച്ചു . മൂന്നുവർഷത്തെ പഠനം അവസാനിച്ചപ്പോൾ ബി. കോമിന് ഡിസ്റ്റിങ്ഷനോടെയാണ് അവൾ പാസ്സായതു. മുന്നിൽ വന്ന ഓരോ പ്രതിസന്ധിയെയും സധൈര്യം നേരിട്ടു. ഇന്നൊരു മികച്ച അധ്യാപികയാണവൾ. അഭിമാനിക്കുന്നു അവളെയോർത്ത്!
സ്ത്രീകൾ തങ്ങളുടെ പ്രതീക്ഷൾക്ക് മങ്ങലേൽക്കുമ്പോൾ മിക്കപ്പോഴും നിരാശപ്പെട്ടു പോകാറുണ്ട്. ഓർക്കുക… നിങ്ങൾ മികച്ച കഴിവുകൾക്കുടമയാണ്. ആ ആത്മവിശ്വാസത്തോടെ കഠിനാധ്വാനം ചെയ്താൽ ഏതു ലക്ഷ്യത്തിലും വിജയിക്കുവാൻ സാധിക്കും.
വേദചിന്തകളിൽ, ശക്തനായ സീസരയെ കൂടാരത്തിന്റെ കുറ്റിയും ചുറ്റികയും കൊണ്ട് കൊന്ന് യിസ്രായേലിനെ രക്ഷിക്കുവാൻ ദൈവംപ്രാപ്തയാക്കിയത് യായേലെന്ന സ്ത്രീയെയാണെന്ന് ഓർക്കുക.
ഒരു സ്ത്രീയുടെ കഴിവും പ്രാപ്തിയും ദൈവത്തിന്റെ ദാനം ആണ്.യിസ്രായേൽ ഗൃഹം പണിതത് റാഹേലും ലേയയും ആണല്ലോ. (റൂത്ത് : 4 :11) അത് നിമിത്തം അവൾ നേടുന്നത് പ്രശംസഹേതു ആകുന്നത് യഹോവഭക്തിയും ആശ്രയവും നിമിത്തമാണ് .
യഹോവഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും(സദൃശവാക്യങ്ങൾ 31:30)
വീണ്ടുമൊരു വനിതാ ദിനം കൂടി പിന്നിടുമ്പോൾ തങ്ങളുടെ ആഗ്രഹസാഫല്യങ്ങൾക്കും സ്വപ്നസാഷാത്കാരങ്ങൾക്കും വേണ്ടി യത്നിക്കുവാൻ മനക്കരുത്തും പ്രചോദനവും ആർജ്ജിക്കുവാൻ ഓരോ സ്ത്രീയ്ക്കും കഴിയട്ടെ!!
ഒരു സ്ത്രീയുടെ വിജയം അവളുടേത് മാത്രമല്ല അവളുടെ പ്രിയപ്പെ ട്ടവരുടേതും കൂടിയാണ്, സമൂഹത്തിന്റെ കൂടെയാണ് !!
വനിതാദിനാശംസകൾ!!
ദീന ജെയിംസ്