എഡിറ്റോറിയൽ: പരിഭാഷയുടെ പ്രാധാന്യം | ദീന ജെയിംസ്
അധികമാരുടെയും ശ്രദ്ധയാകർഷിക്കപ്പെടാത്തതും എന്നാൽ പ്രാധാന്യതയേ റിയതുമായൊരു ദിനം ആണ് ഇന്ന്. സെപ്റ്റംബർ 30 ലോക പരിഭാഷാ ദിനം. പരിഭാഷകരുടെ രക്ഷാ ധികാരിയായി കണക്കാക്കപ്പെടുന്ന സെന്റ് ജെറോമിന്റെ ഓർമ്മയ്ക്കായിട്ടാണ് ഈ ദിനം ആചരിക്കുന്നത്. അതോടൊപ്പം പരിഭാഷകരെ ആദരിക്കാൻ കൂടിയാണ് ഈ ദിനം. വടക്കുകിഴക്കൻ ഇറ്റലിയിൽ നിന്നുള്ള പുരോഹിതനായിരുന്ന അദ്ദേഹം മരിച്ച ദിവസമാണ് ഇന്ന്. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ട്രാൻസ്ലേറ്റേഴ്‌സ് എന്ന അന്തർദേശീയ ഫെഡറേഷൻ ആണ് ഈ ദിനത്തെ 1953 മുതൽ പ്രോത്സാഹിപ്പിക്കുന്നത്.
പരിഭാഷാ വ്യവസായത്തെക്കുറിച്ചും നമ്മുടെ സമൂഹത്തിന്റെ വളർച്ചയിൽ പങ്ക് വഹിക്കുന്ന ഭാഷകളെക്കുറിച്ചും അവബോധം വർധിപ്പിക്കുകഎന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. പല രാജ്യങ്ങളിലും ഈ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.
മൊഴിമാറ്റത്തിലൂടെ വായനാക്കാരന് പുതിയൊരു സംസ്കാരവും ശൈലിയും പരിചിതമാകുന്നതുപോലെ എഴുത്തുകാരുടെ ഒരു സമൂഹത്തെയും ഇത് ഏറെ സ്വാധീനിക്കുന്നു. സാഹിത്യ ശാസ്ത്രീയ സാങ്കേതിക വിഷയങ്ങൾ ഒരു ഭാഷയിൽ നിന്ന് മറ്റൊന്നിലേക്കു വിവർത്തനം ചെയ്യുന്നത് ലോകത്തിന്റെ പുരോഗതിയ്ക്ക് സഹായിക്കുന്നു. പരിഭാഷ അഥവാ വിവർത്തനം ഒരു സാംസ്‌കാരിക പ്രക്രിയ കൂടിയാണ്.
“വിശുദ്ധ ബൈബിൾ “ആണ് ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുള്ള പുസ്തകം.
നാം വളരെ ഉത്സാഹത്തോടെ വായിക്കുന്നഒട്ടനവധി പുസ്തകങ്ങളും വിവിധ ഭാഷകളിൽ നിന്നും പരിഭാഷപെടുത്തിയിട്ടുള്ളതാണ്. അതിന്റെ പിന്നിലെ പരിഭാഷകരുടെ കഠിനാധ്വാനവും പരിശ്രമവും വിലമതിക്കാനാവാത്തതാണ്. നീണ്ടനാളത്തെ ശ്രമഫലമായി വിവർത്തനം പൂർത്തീകരിക്കുന്ന പുസ്തകങ്ങൾ അനായാസം നമ്മുടെ കരങ്ങളിൽ എത്തുമ്പോൾ അതിനായി ആഹോരാത്രം യത്നിച്ചവരെ വിസ്മരിക്കപ്പെടുന്നു.
അവരെന്നും ആദരിക്കപെടേണ്ടവർ തന്നെയാണ്.
പുസ്തകവായനയെ സ്നേഹിക്കുന്ന ഏതൊരാളും അറിഞ്ഞിരിക്കേണ്ട ദിവസമാണ് ഇന്ന്. ലോകപരിഭാഷാദിനത്തിൽ ഓർക്കാം വലിയ ത്യാഗം സഹിക്കുന്ന പരിഭാഷകരെ….
ദീന ജെയിംസ്