എഡിറ്റോറിയല്‍: റോസാപൂക്കളുടെ ദിനം | ദീന ജെയിംസ്
സെപ്റ്റംബർ 22 ലോക റോസ് ദിനമായി (World Rose Day ) ആചരിക്കുന്നു
റോസ് ദിനം എന്ന് കേൾക്കുമ്പോൾ പെട്ടെന്ന് മനസ്സിൽ ഓടിയെത്തുന്നത് പ്രണയിക്കുന്നവരുടെ ദിനത്തിലെ റോസ് ഡേ ആയിരിക്കും. സെപ്റ്റംബർ മാസത്തിലെ റോസ് ദിനം കരുണയുടേയും സഹാനുഭൂതിയുടെയും സാന്ത്വനത്തിന്റേതുമാണ്.
ഈ ദിനം അർബുദരോഗികൾക്കായി സമർപ്പിച്ചിരിക്കുന്നതാണ്. അസ്‌കിൻസ് ട്യൂമർ എന്ന രക്താർബുദം ബാധിച്ചു മരിച്ച 12വയസ്സുകാരി മെലിൻഡ റോസ് എന്ന കനേഡിയൻ പെൺകുട്ടിയുടെ സ്മരണാർത്ഥമാണ് ഈ ദിനം ആചരിക്കുന്നത്. രോഗബാധിതയായ അവൾ ആഴ്ചകളിലേറെ ജീവിച്ചിരിക്കയില്ലെന്ന് ഡോക്ടർ വിധി പറഞ്ഞെങ്കിലും ആറ് മാസംകൂടി ജീവിച്ചു അവൾ. ആ ദിനങ്ങൾ ആയിരക്കണക്കിന് രോഗികളിൽ സന്തോഷവും പ്രതീക്ഷയും നിറച്ചു അവൾ. തന്റെ എണ്ണപ്പെട്ട ദിവസങ്ങൾ ജീവിതത്തിനായി പോരാടുകയും അർബുദബാധിതരായവർക്ക് വേണ്ടി ശുഭപ്രതീക്ഷ നിറഞ്ഞ കവിതകളും കത്തുകളും ഇമെയിലുകളും എഴുതി അയച്ചു. ചെറിയപ്രായത്തിൽ തന്നെ മാരകരോഗത്തോട് പോരാടി ഈ ലോകത്തോട് വിടപറഞ്ഞെങ്കിലും അനേകർക്ക് വെളിച്ചം പകർന്ന പെൺകുട്ടിയായി ഇന്നും ഓർമ്മിക്കപെടുന്നു അവൾ.
അർബുദമെന്ന ഭീകരവഴിയിലൂടെ യാത്ര ചെയ്യേണ്ടി വരുന്നവർക്ക് ധൈര്യവും പ്രതീക്ഷയും പകരുവാൻ ഈ ദിനം കാരണമാകുന്നു. അതോടൊപ്പം ഈ മഹാവ്യാധി നേരത്തെ തന്നെ തിരിച്ചറിയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിക്കുന്നതിനും ഉപകരിക്കുന്നു. ഈ രോഗബാധിതരായവരെ കാത്തുനിൽക്കുന്നത് കഠിനയമേറിയ ജീവിതത്തിന്റെ വഴിത്താരകളാണ്. ശരീരത്തിനുണ്ടാകുന്ന പ്രത്യാഘാതങ്ങൾ മാത്രമല്ല ഉത്കണ്o യും മാനസിക പിരിമുറുക്കവും വളരെ വലുതാണ്. അതിജീവിച്ചു മുൻപോട്ട് പോകണമെങ്കിൽ ചികിത്സയോടൊപ്പം പ്രതീക്ഷകൈവിടാതെയുള്ള മനോധൈര്യവും രോഗിയ്ക്കും അവരെ പരിചരിക്കുന്നവർക്കും ഉണ്ടെങ്കിൽ മാത്രമേ സാധിക്കൂ. അതാണ് ഈ ദിനത്തിന്റെ ലക്ഷ്യവും. ഇന്ന് സർവ്വസാധാരണമായി മാറിക്കഴിഞ്ഞു ഈ രോഗം. പ്രായഭേദമെന്യേ നിരവധിപേർ നമുക്ക് ചുറ്റും ഈ മഹാവ്യാധിയുടെ പിടിയിലമരുന്നു. അവർക്കും അവരുടെ പ്രിയപെട്ടവർക്കും അടിപതറാതെ മുന്നോട്ട് പോകുവാൻ നമ്മുടെ വാക്കുകളും പ്രവർത്തികളും പ്രചോദനമായിതീരട്ടെ.
ഈ ദിവസം ആശുപത്രികളിൽ രോഗികൾക്ക് സ്നേഹത്തിന്റെയും കരുതലിന്റെയും സൂചകമായി റോസാപൂക്കൾ നൽകും. ഭീതിയോടെ കാണുന്ന ഈ രോഗത്തെ അതിജീവിക്കുവാൻ കഴിയുമെന്ന ഉറച്ചവിശ്വാസം അവരുടെയുള്ളിൽ നിറയ്ക്കുവാൻ ശ്രമിക്കുന്നു. ഈ ദിനം അനേകഅർബുദരോഗികൾക്ക് സന്തോഷത്തിന്റെയും പ്രതീക്ഷയുടേയും തിരി തെളിയിക്കുന്നതായിരിക്കട്ടെ….
അർബുദമെന്ന രോഗത്തോട് മല്ലിടുന്ന എല്ലാവർക്കും ശുഭാപ്തിവിശ്വാസവും പ്രതീക്ഷയും നിറഞ്ഞ ഒരുപിടി റോസാപൂച്ചെണ്ടുകൾ….
ദീന ജെയിംസ്