“ജേക്കബ് അച്ചായി… എനിക്ക് പഠിക്കണം… നല്ലൊരു ടീച്ചറായി മാറണം..” മിഷൻ സീനിയർ ശുശ്രൂഷകനായ ജേക്കബ് പാസ്റ്ററോട് വിനീത പറഞ്ഞു.. മോളെ, ദൈവത്തോട് പ്രാർത്ഥിക്ക്.. ദൈവം വഴി തുറക്കും.. ചെറിയ പ്രായം മുതൽ എപ്പോഴും ചർച്ചിലും വീട്ടിലും സമയം കിട്ടുമ്പോൾ എല്ലാം വിനീത വന്നിരുന്ന് പ്രാർത്ഥിക്കുമായിരുന്നു..
അവരുടെ കോളനിയിൽ നിന്നും ഇതുവരെ ആരും ഉയർന്ന വിദ്യാഭ്യാസം നേടിയിട്ടില്ല… തികച്ചും പ്രതികൂലമായ സഹചര്യത്തിൽ ദൈവത്തിൽ ആശ്രയം വെയ്ക്കുകയും ഒപ്പം പഠിക്കുവാനും ആരംഭിച്ചു. പ്ലസ്റ്റുവിന് ശേഷം ബിഎയ്ക്ക് ചേർന്നു. ബിഎ നല്ല മാർക്കോടെ പാസായി..ശേഷം ബിഎഡ് പഠനം നടത്തി.അതും വളരെ നല്ല മാർക്കോടെ പാസായി. ഇന്ന് പാലക്കാട് ജില്ലയിൽ വട്ടലക്കൈ ബെഥനി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ യുപി വിഭാഗം ടീച്ചറായി സേവനം ചെയ്യുന്നു. അഛൻ മാധവനും അമ്മ കാവേരിയും സഹോദരങ്ങളായ വിനോദ്, വിജേഷ്, മഹേഷ്, ബീന എന്നിവർ വിനീതയ്ക്ക് പിന്തുണയായി കൂടെ ഉണ്ട്.
ക്രൈസ്തവ എഴുത്തുപുര വയനാട് നടത്തിയ ട്രൈബൽ ക്യാമ്പിൽ വോളണ്ടിയറായിരുന്നു വിനീത.. ക്യാമ്പിൽ വന്ന പെൺകുട്ടികൾക്ക് വേണ്ട കരുതലും നേതൃത്വവും നൽകാൻ മൂന്ന് ദിവസം വിനീതയ്ക്ക് കഴിഞ്ഞു. പ്രാർത്ഥനയാണ് തൻ്റെ ജീവിതത്തിൻ്റെ വിജയം എന്ന് ധൈര്യത്തോടെ പറയുന്ന വിനീത ഇനിയും പി എസ് സി പരീക്ഷ എഴുതി ഗവൺമെൻ്റ് ജോലിയ്ക്ക് തയ്യാറാക്കുകയാണ്. ഒപ്പം തന്നാൽ കഴിയുംവിധം സുവിശേഷീകരണത്തിലും പങ്കാളിയാണ് വിനീത… പ്രാർത്ഥനയും ദൈവാശ്രയവും ഉണ്ടെങ്കിൽ ദൈവം ഉയർത്തും എന്നതിൻ്റെ സാക്ഷ്യമാണ് വിനീത… പത്താം ക്ലാസ് വരെ പഠിച്ചിട്ട് പലരും കോളനിയിൽ പഠനം അവസാനിപ്പിക്കുമ്പോൾ അവരിൽ നിന്നും തികച്ചും വ്യത്യസ്തയായി മാറുകയാണ് വിനീത.. കഷ്ടപ്പാടുകൾക്കും ഇല്ലയ്മയ്ക്കും അവഹേളനങ്ങൾക്കും പരിഹാസങ്ങൾക്കും മുന്നിൽ പ്രാർത്ഥനയോടെ ജീവിതത്തെ നേരിട്ട വിനീത ഇന്ന് അവരുടെ കോളനിയ്ക്കും ട്രൈബൽ മിഷൻ തൃശ്ശ്ലേരി സഭക്കും അഭിമാനമായി മാറുകയാണ്..