നമുക്ക് ചുറ്റും: ജന്മദിനം മരണദിനത്തിന് വഴിമാറി മിൻസ മോൾ യാത്രയായി! | ജെ പി വെണ്ണിക്കുളം
പിറന്നാൾ ദിനത്തിൽ തന്നെ മിൻസ മോളുടെ മരണം സംഭവിച്ചിരിക്കുന്നു! ഒരല്പം ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ കൊച്ചു മകൾക്കു ഇങ്ങനെ സംഭവിക്കില്ലായിരുന്നു. ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ നാല് വയസുകാരി മിൻസ മോൾ കടുത്ത ചൂടിനെ തുടർന്നാണ് മരിച്ചത്. സ്കൂൾ വിട്ടു വീട്ടിൽ എത്തുന്നതും പ്രതീക്ഷിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് താങ്ങാവുന്നതിലും അപ്പുറമായ ദുഃഖ വാർത്തയാണിത്. കുട്ടികളെ കൃത്യ സമയത്തു വീട്ടിൽ എത്തിക്കാനുള്ള ഉത്തരവാദിത്തം ഡ്രൈവർക്കുണ്ട്. രാവിലെ കൃത്യമായി അവരെ വാഹനത്തിൽ കയറ്റി സ്കൂളിൽ എത്തിക്കുക, സ്കൂൾ വിടുമ്പോൾ എല്ലാ കുട്ടികളും വാഹനത്തിൽ കയറി എന്നുറപ്പാക്കുക, അവർ ഇറങ്ങേണ്ട സ്ഥലത്തു ഇറങ്ങി എന്നുറപ്പാക്കുക ഇത്യാദി കാര്യങ്ങൾ ബസ് ജീവനക്കാർ കൃത്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. മാത്രമല്ല, കുട്ടികൾ ഇറങ്ങിയ ശേഷം വാഹനത്തിനുള്ളിൽ ഒന്നുകൂടി പരിശോധിച്ച് ഉറപ്പാക്കുക, ആരും അതിനുള്ളിൽ ഇല്ല എന്ന്. ബസ് ജീവനക്കാരുടെ അനാസ്ഥ എന്നല്ലാതെ ഇതിനെ മറ്റൊന്നും പറയാനാവില്ല. മാതാപിതാക്കൾ എന്തെല്ലാം സ്വപ്നം കണ്ടാണ് കുഞ്ഞുങ്ങളെ വളർത്തുന്നത്. അവർക്കു ഒരു പോറൽ പോലും സംഭവിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. എന്നാൽ മരണദൂതൻ എപ്പോഴാണ് കടന്നുപിടിക്കുന്നത് എന്ന് പറയാനാവില്ലല്ലോ! ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കട്ടെ. സ്കൂൾ അധികൃതർ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രതയുള്ളവരാവുകയും വേണം. ‘കാക്കയ്ക്ക് തൻകുഞ്ഞ് പൊൻകുഞ്ഞാണെന്ന്’ മറക്കേണ്ട.