എഡിറ്റോറിയല്‍: സ്ത്രീ സമത്വദിനം | ദീന ജെയിംസ് ആഗ്ര

നൂറുവർഷങ്ങൾക്കപ്പുറം അമേരിക്കയിലെ സ്ത്രീകൾ അവരുടെ വോട്ടവകാശത്തിനുവേണ്ടി പോരാടി സ്ത്രീകളുടെ വോട്ടവകാശം നേടിയെടുത്തതിന്റെ സ്മരണാർത്ഥം ഓഗസ്റ്റ് 26 സ്ത്രീ സമത്വദിനമായി ആഘോഷിക്കപ്പെടുന്നു.1920 ലാണ് അമേരിക്കയിൽ സ്ത്രീകൾ തങ്ങളുടെ ഈ അവകാശം നേടിയെടുത്തത്. ഈ മാറ്റത്തിന്റെ തുടർച്ചയെന്നോണം ബ്രട്ടീഷ് പ്രവിശ്യകളിലും സ്ത്രീകൾക്ക് വോട്ടവകാശം നല്കപ്പെട്ടു. ഇന്ത്യയിൽ 1919ൽ മദ്രാസിലും 1920ൽ തിരുവിതാംകൂറിലും സ്ത്രീകൾക്ക് വോട്ടവകാശം നിലവിൽ വന്നു.

സ്ത്രീയില്ലെങ്കിൽ മനുഷ്യരാശിയുടെ നിലനിൽപ്പുമില്ല. മകൾ, സഹോദരി, ഭാര്യ, അമ്മ തുടങ്ങി നിരവധി ചുമതലകൾ നിറവേറ്റുന്ന ഒരു പുതിയ ജീവിതത്തിന് ജന്മം നൽകുന്ന എല്ലാവരാലും സ്നേഹിക്കപ്പെടേണ്ടവളാണ് സ്ത്രീ. “സ്ത്രീ പുരുഷന്റെ കൂട്ടാളിയാണ്, തുല്യമായ മാനസികശേഷിയുള്ളവളാണ് ” -മഹാത്മാഗാന്ധി യുടെ വാക്കുകൾ പ്രശംസാവഹമാണ്.
ആധുനിക യുഗത്തിൽ വന്നെത്തിയിട്ടും പല മേഖലകളിലും സ്ത്രീ എന്നും അടിച്ചമർത്തപ്പെട്ടവളായി കഴിയുന്നു. സ്ത്രീകൾക്ക് പുരുഷന് തുല്യമായ തൊഴിലവകാശം നൽകുന്നത് കേവലം ആറ് രാജ്യങ്ങൾ മാത്രമാണ്.സ്വന്തം വരുമാനം കൈകാര്യം ചെയ്യുവാൻ അനുവാദമില്ലാത്ത സ്ത്രീകൾ നിരവധിയാണ്. വിദ്യാഭ്യാസം, തൊഴിൽ, പൊതുരംഗം തുടങ്ങി എല്ലാ മേഖലയിലും സ്ത്രീകളെ പരിഗണിക്കുക എന്നതാണ് പ്രാവർത്തികമാക്കേണ്ടത്. അതോടൊപ്പം സ്ത്രീകൾക്കെതിരെയുള്ള അക്രമണങ്ങളും അടിച്ചമർത്തലുകളും വേർതിരിവുകളും അവസാനിക്കേണ്ടതുണ്ട്. സ്ത്രീ എന്നും ബഹുമാനിക്കപ്പെടേണ്ട വ്യക്തിത്വത്തിനുടമയാണ്.
നമ്മുടെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ഇന്നും സ്ത്രീകൾക്ക് വീടിന് പുറത്തിറങ്ങുവാനോ, വിദ്യാഭ്യാസം ചെയ്യുവാനോ, തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി ശബ്‍ദമുയർത്തുവാനോ കഴിയാത്തവിധം അടിച്ചമർത്തപ്പെട്ടവരാണ്. അതിനൊക്കെ മാറ്റം വരേണ്ടതുണ്ട്. സ്ത്രീ സമത്വം ഉറപ്പാക്കിയില്ലെങ്കിൽ കൂടിയും തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുവാനുള്ള, കഴിവുകൾ തെളിയിക്കുവാനുള്ള അവസരങ്ങൾ ലഭിക്കേണം.
ഈ സ്ത്രീ സമത്വദിനം ഒരു മാറ്റത്തിന്റേതാകട്ടെ!!!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply