ഐ.പി.സി ഭൂട്ടാന്‍ റീജിയന്‍ ഭാരവാഹികള്‍
ജയ്ഗോണ്‍: മെയ് 26 ന് ജയ്ഗോണ്‍ ഗ്രേസ് ചാപ്പലില്‍ കൂടിയ ഐ.പി.സി. ഭൂട്ടാന്‍ റീജിയന്‍റെ ജനറല്‍ ബോഡിയില്‍ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള കൗണ്‍സിലിനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. പ്രസിഡന്‍റ് പാസ്റ്റര്‍ അലക്സ് വെട്ടിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ അലക്സ് വെട്ടിക്കല്‍ (പ്രസിഡന്‍റ്), പാസ്റ്റര്‍ ബിന്നി മാത്യൂസ് (വൈസ് പ്രസിഡന്‍റ്), പാസ്റ്റര്‍ ബോബി മാത്യൂസ് (സെക്രട്ടറി), പാസ്റ്റര്‍ സന്തോഷ് ലോഹര്‍ (ജോ. സെക്രട്ടറി), ബ്രദര്‍ ജിജോ ജേക്കബ് (ട്രഷറര്‍) എന്നിവരെ കൂടാതെ പത്ത് കൗണ്‍സില്‍ അംഗങ്ങള്‍ ഉള്‍പ്പെടുന്ന പതിനഞ്ചംഗ കൗണ്‍സിലിനെ തിരഞ്ഞെടുത്തു. പാസ്റ്റര്‍ പി.എം. മാത്യൂസ് സീനിയര്‍ മിനിസ്റ്ററായി പ്രവര്‍ത്തിക്കും.
പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ അലക്സ് കഴിഞ്ഞ 13 വര്‍ഷമായി ഐ.പി.സി. യുടെ ഇവിടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതല വഹിച്ചു പോരുകയായിരുന്നു. ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ പുത്രികാ സംഘടനകളായ പി.വൈ.പി.എ., സണ്‍ഡേസ്കൂള്‍ പ്രസ്ഥാനങ്ങളിലൂടെ സഭയുടെ നേതൃത്വ നിരകളില്‍ വരികയായിരുന്നു അദ്ദേഹം. 1990-93 കാലഘട്ടത്തില്‍ ഐ.പി.സി. കേരള കൗണ്‍സിലും അംഗമായിരുന്നിട്ടുണ്ട്. 1993-ല്‍ അമേരിക്കയിലേക്കു കുടിയേറിയ പാസ്റ്റര്‍ അലക്സ് വെട്ടിക്കല്‍ അമേരിക്കയിലും ഇന്ത്യയിലും പ്രസ്ഥാനത്തിന് വിവിധ നിലകളില്‍ നേതൃത്വം നല്‍കിവരുന്നു. 2009-2011 കാലഘട്ടത്തില്‍ ഐ.പി.സി. നോര്‍ത്ത് അമേരിക്കന്‍ മിഡ് വെസ്റ്റ് റീജിയന്‍റെ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2015 ല്‍ ഒക്കലഹോമയില്‍ നടന്ന പതിമൂന്നാമത് ഐ.പി.സി. നോര്‍ത്തമേരിക്കന്‍ ഫാമിലി കോണ്‍ഫറന്‍സിന്‍റെ കണ്‍വീനറായി പ്രവര്‍ത്തിച്ചത് തന്‍റെ നേതൃത്വപാടവത്തിന്‍റെ ഒരു മകുടോദാഹരണമായിരുന്നു. ഭാര്യ: കൊച്ചുമോള്‍. മക്കള്‍ : ഡാന്‍, ആന്‍, എബി.
വൈസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ ബിന്നി മാത്യു ജയ്ഗോണ്‍ ഐ.പി.സി. ചര്‍ച്ചിന്‍റെ പാസ്റ്റര്‍ ആണ്. പാസ്റ്റര്‍ ബിന്നി തന്‍റെ ബിരുദാനന്തര പഠനശേഷം കര്‍ത്താവിന്‍റെ വേലയ്ക്കായി സമര്‍പ്പിക്കുകയും ഡെറാഡൂണ്‍ ബൈബിള്‍ കോളജില്‍ നിന്ന് വേദപഠനത്തില്‍ മാസ്റ്റേഴ്സ് ബിരുദം സമ്പാദിക്കുകയും ചെയ്തു. ഇപ്പോള്‍ സെറാംപൂര്‍ യൂണിവേഴ്സിറ്റിയില്‍ ഡോക്ടറേറ്റ് പഠനം നടത്തിവരുന്നു. ഭാര്യ: ബ്ലെസി, മക്കള്‍ : നേഥന്‍, ജെമീമാ, ഡാനി.
സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ ബോബി മാത്യൂസ് ഈ പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു. എം.ബി.എ. ബിരുദധാരിയായ പാസ്റ്റര്‍ ബോബിക്ക് ദൈവവിളിയുണ്ടായപ്പോള്‍ തനിക്കുണ്ടായിരുന്ന ഗവണ്മെന്‍റ് ജോലി ഉപേക്ഷിച്ച് ദൈവവേലയ്ക്കായി സമര്‍പ്പിച്ചു. മലേഷ്യയില്‍ ദൈവവചന പഠനം നടത്തി മടങ്ങി വന്ന് ഭൂട്ടാന്‍ തന്‍റെ പ്രവര്‍ത്തന മേഖലയായി തെരഞ്ഞെടുത്തു. ഭാര്യ : ഷൈനി. മക്കള്‍ : ജോഷ്വാ, ജോയാന.
ജോയിന്‍റ് സെക്രട്ടറി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ സന്തോഷ് ലോഹാള്‍ ഈ റീജിയനിലെ ഏറ്റവും വലിയ സഭയായ മധുബഗാന്‍ ഐ.പി.സി. ചര്‍ച്ചിന്‍റെ പാസ്റ്റര്‍ ആണ്. ഇവിടെ തദ്ദേശീയരായ ഏകദേശം നാനൂറിലധികം ആളുകള്‍ ദൈവത്തെ ആരാധിക്കുന്നു. ഭാര്യ: നിസ്സി. മക്കള്‍ : കരുണ, പ്രസന്‍സ.
ട്രഷറാറായി തെരഞ്ഞെടുക്കപ്പെട്ട ബ്രദര്‍ ജിജോ ഐ.റ്റി. ബിരുദധാരിയും ഒരു ഹൈസ്കൂള്‍ ജീവനക്കാരനുമാണ്. അവിവാഹിതനായ ജിജോ ഒരു അത്ഭുത രോഗസൗഖ്യത്തിലൂടെയാണ് കര്‍ത്താവിനെ കണ്ടുമുട്ടിയത്.
സീനിയര്‍ മിനിസ്റ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന പാസ്റ്റര്‍ പി.എം. മാത്യൂസ് ഏകദേശം 53 വര്‍ഷങ്ങള്‍ക്കു മുമ്പ് നേപ്പാള്‍, ഭൂട്ടാന്‍, വെസ്റ്റ് ബംഗാളിന്‍റെ വടക്കന്‍ ജില്ലകള്‍ എന്നിവിടങ്ങളില്‍ സുവിശേഷവുമായി കടന്നുപോയ വ്യക്തിയാണ്. പാസ്റ്റര്‍ മാത്യൂസിന്‍റെയും ഭാര്യ ഗ്രേസിയുടെയും പ്രവര്‍ത്തന ഫലമായി ഈ പ്രദേശങ്ങളില്‍ അനേകം ഇടങ്ങളില്‍ സുവിശേഷം എത്തിക്കുവാനും സഭകള്‍ സ്ഥാപിക്കുവാനും ഇടയായിട്ടുണ്ട്. അവരുടെ ചുമതലയില്‍ ജയ്ഗോണില്‍ ഒരു ബാലമന്ദിരവും ഒരു സ്കൂളും പ്രവര്‍ത്തിച്ചുവരുന്നു.