ക്രൈസ്തവ എഴുത്തുപുരയുടെ പിറന്നാൾ സമ്മാനമായി യു.കെയിലെ ദൈവസഭകളുടെ ഡയറക്ടറി പുറത്തിറക്കി
KE NEWS Desk | London, UK
ലണ്ടൻ / (യു.കെ): ക്രൈസ്തവ എഴുത്തുപുരയുടെ എട്ടാം സ്ഥാപകദിനമായ ജൂൺ ഒന്നിന് യു.കെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ യു.കെയിലുള്ള എല്ലാ മലയാളി പെന്തെക്കൊസ്ത് കൂട്ടായ്മകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ഡയറക്ടറി പുറത്തിറക്കി.
ഇത്ര വിപുലമായ നിലയിൽ ഒരു രാജ്യത്തെ മുഴുവൻ മലയാളി സഭകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രഥമ ഡയറക്ടറിയാണ് ഇത്. യു.കെയിൽ ഇപ്പോഴുള്ള 110ൽ പരം സഭകളുടെ വിവരങ്ങളാണ് ഡയറക്ടറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡയറക്ടറി പുറത്തിറങ്ങിയതോടെ ഇതുവരെ വിവരങ്ങൾ ചേർക്കാതിരുന്ന സഭകളും തങ്ങളുടെ വിവരങ്ങൾ ചേർത്തുകൊണ്ടിരിക്കുന്നു. ആദ്യം ജൂലായ് 1നു ഡയറക്ടറി പുറത്തിറക്കാൻ ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾ ആണ് ആരംഭിച്ചതെങ്കിലും, ലഭിച്ച മികച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ ഉദ്ദേശിച്ചതിലും ഒരു മാസം മുൻപ് തന്നെ ഡയറക്ടറി പുറത്തിറക്കാൻ കഴിയുമെന്ന് മനസ്സിലാക്കി വാർഷിക ദിനമായ ജൂണ് ഒന്നാം തീയിതി തന്നെ ഡയറക്ടറി പുറത്തിറക്കുകയായിരുന്നു. പുതിയ സഭകൾ സ്വയമേ കൂട്ടിച്ചേർക്കുവാനും ഓരോ സഭകൾക്കും ഓരോ പേജും അതിൽ സഭകളുടെ കൂടുതൽ പ്രവർത്തങ്ങളും മറ്റ് വിവരങ്ങളും അവർക്ക് തന്നെ രേഖപ്പെടുത്തുവനും എഡിറ്റ് ചെയ്യുവാനുമൊക്കെയുള്ള സൗകര്യങ്ങൾ സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരാൾ നിൽക്കുന്ന സ്ഥലത്തു നിന്നും അവർ ഉദ്ദേശിക്കുന്ന ചുറ്റളവിലുള്ള സഭകൾ സേർച്ച് ചെയ്ത് കണ്ടുപിടിക്കുവാനും, ഓരോ സംഘടനയുടെ കീഴിലുള്ള സഭകൾ കണ്ടുപിടിക്കുവാനും, ഒരു സിറ്റികളിലുള്ള സഭകൾ കണ്ടുപിടിക്കുവാനുമുള്ള വിപുലമായ സൗകര്യമാണ് സൈറ്റിൽ ഒരുക്കിയിരിക്കുന്നത്.
യു.കെയിലുള്ള ക്രൈസ്തവ സമൂഹത്തിനായി ക്രൈസ്തവ എഴുത്തുപുര ചെയ്യുന്ന വലിയൊരു സാമൂഹ്യ സേവനമാണ് ഇതെന്ന് ലണ്ടനിലെ പ്രഥമ മലയാള സഭയുടെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ പാസ്റ്റർ സാം ജോൺ എഴുത്തുപുരയ്ക്ക് നൽകിയ തന്റെ ആശംസാ സന്ദേശത്തിൽ പറഞ്ഞു. എത്രയും വേഗം തന്നെ ഈ ഡയറക്ടറിയുടെ ആൻഡ്രോയിഡ്, iOS സ്മാർട്ട് ഫോൺ ആപ്പുകൾ പുറത്തിറക്കുവാനുള്ള പ്രവർത്തികൾ അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നു. ദൈവദാസന്മാരിൽ നിന്നും വിശ്വാസികളിൽ നിന്നും മികച്ച പ്രതികരണമാണ് ഡയറക്ടറിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. വെബ്സൈറ്റ് സന്ദർശിക്കുവാൻ http://www.kechurchdirectory.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.