നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ മികച്ച രണ്ടാമത്തെ ഹെല്‍ത്ത് കെയററായി റാന്നി സ്വദേശി മാത്യു ഫിലിപ്പ്
KE News Desk | London, UK
ബെൽഫാസ്റ്റ് (യു.കെ): ലോക മലയാളികള്‍ക്ക് അഭിമാനമായ നേട്ടം കൈവരി ച്ചു റാന്നി സ്വദേശിയായ മാത്യു ഫിലിപ്പ്. പത്തനംതിട്ട ജില്ലയിലെ റാന്നി ചെറുകുളഞ്ഞി ജണ്ടായിക്കല്‍ വീട്ടില്‍ ജെം എം ഫിലിപ്പിന്റെയും ചിന്നമ്മ ഫിലിപ്പിന്റെയും മകൻ എബി എന്നറിയപ്പെടുന്ന മാത്യു ഫിലിപ്പിന് ഏപ്രില്‍ 28 ന് വൈകുന്നേരം ബെല്‍ഫാസ്റ്റിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് ലഭിച്ചത്. നോര്‍ത്തേണ്‍ അയര്‍ലണ്ട് എക്സിക്യുട്ടിവ് മുൻ ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര്‍ മിഷേൽ ഓ നീല്‍, ഹെല്‍ത്ത് മിനിസ്റ്റര്‍ റോബിന്‍ സ്വാന്‍ തുടങ്ങി പല വിശിഷ്ടാതിഥികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ എല്ലാ സര്‍ക്കാര്‍ /സ്വകാര്യ / വോളണ്ടിയര്‍ മേഖലയില്‍ നിന്നും ഡോക്ടര്‍, നഴ്സ് ഉള്‍പ്പെടെ ഇരുപത്തിരണ്ട് കാറ്റഗറിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് ഈ അവാര്‍ഡുകള്‍ നല്‍കിയത്. ആരോഗ്യ ശുശ്രൂഷ മേഖലയില്‍ സേവനം ചെയ്യുന്നവരെ ആദരിക്കുവാനായി എന്‍ഐ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ അവാര്‍ഡ് എന്ന സമൂഹത്തിലെ പ്രമുഖര്‍ ഉള്‍പ്പെടുന്ന സ്വതന്ത്ര കമ്മിറ്റിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഈ വര്‍ഷം ഇദംപ്രഥമായാണ് ഈ അവാര്‍ഡ് നല്‍കിയത്. ബെല്‍ഫാസ്റ്റിലെ വളരെ പ്രസിദ്ധമായ റോയല്‍ വിക്ടോറിയ ഹോസ്പിറ്റല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഐസിയു വാര്‍ഡില്‍ ബാന്‍ഡ് 3 ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായി എബി ജോലി ചെയ്തു വരുന്നു.
റോയല്‍ ഹോസ്പിറ്റലില്‍ നിന്നും കൂടെ ജോലി ചെയ്യുന്ന 40 ഓളം പേര്‍ ചേര്‍ന്നാണ് എബിയുടെ നോമിനേഷന്‍ അദ്ദേഹം പോലുമറിയാതെ അവാര്‍ഡ് കമ്മിറ്റിക്ക് നല്‍കിയത്. ഇങ്ങനെ ലഭിച്ച നോമിനേഷനുകളില്‍ നിന്നും ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട 10 പേരില്‍ നിന്നുമാണ് രണ്ടാമതായി ഈ റാന്നി സ്വദേശി തിരഞ്ഞെടുക്കപ്പെട്ടത്.
വിദേശീയ ന്യൂനപക്ഷത്തില്‍ നിന്നുള്ളവര്‍ പൊതുവേ വളരെ കുറവായി നോമിനേറ്റ് ചെയ്യപ്പെട്ടപ്പോഴാണ് എബിയെ തേടി ഈ അവാര്‍ഡ് എത്തിയതെന്നും പ്രത്യേകം ശ്രദ്ധേയമാണ്. ഏകദേശം 1200 നോമിനേഷനുകള്‍ ഈ അവാര്‍ഡിനായി ലഭിച്ചിരുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി യുകെയിലേക്ക് കുടിയേറി ഇപ്പൊള്‍ ബെല്‍ഫാസ്റ്റിനടുത്ത് കാരിക്ഫെര്‍ഗസ്സില്‍ താമസിയ്ക്കുന്ന എബിയുടെ ഭാര്യ ഷീബ ജേക്കബും നഴ്‌സാണ്. മക്കള്‍: ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിനു ബെല്‍ഫാസ്റ്റ് അള്‍സ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന രോഹിത് മാത്യു, ബെല്‍ഫാസ്റ്റ് ക്യൂന്‍സ് യൂണിവേഴ്സിറ്റി നഴ്സിംഗ് വിദ്യാര്‍ഥിനി രേഷ്മ മാത്യു.
അഭിമാനാർഹമായ നേട്ടം കൈവരിച്ച മാത്യു ഫിലിപ്പിന് ക്രൈസ്തവ എഴുത്തുപുരയുടെ ആശംസകൾ!