മിഷണറിമാരെ നിരീക്ഷിക്കണം എന്നാവശ്യപ്പെട്ട ഹർജി സുപ്രീംകോടതി തള്ളി
KE News Desk l New Delhi, India
ന്യൂഡൽഹി: ക്രൈസ്തവ മിഷണറിമാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സമിതി വേണം എന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഹിന്ദു ധർമ പരിഷത്ത് ആണ് ഹർജി നൽകിയത്. ഇത്തരം ഹർജികൾ പൊതുജന താത്പര്യത്തെക്കാൾ പബ്ലിസിറ്റി താത്പര്യം മുൻ നിർത്തി ഉള്ളതാണെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ ഇന്ദിര ബാനർജി, എ. എസ്. ബൊപ്പണ്ണ എന്നിവർ ഉൾപ്പെട്ട ബെഞ്ച് തള്ളിയത്. ഇത്തരം ഹർജിയുമായി വരുന്നവർ സാമുദായിക ഐക്യം തകർക്കുകയാണ് ചെയ്യുന്നത് എന്നും കോടതി വിമർശിച്ചു.
നിർബന്ധിത മത പരിവർത്തനം നടക്കുന്നുവെന്നും ക്രൈസ്തവ മിഷണറിമാരെ നിരീക്ഷിക്കാൻ സമിതി വേണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജി നേരത്തേ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരേ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. നിർബന്ധിത മത പരിവർത്തനം തടയുന്നതിന് ഇപ്പോൾത്തന്നെ നിയമം നിലവിലുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈക്കോടതി ഹർജി തള്ളിയത്.