സന്യസ്തർക്കെതിരായ അപവാദ പ്രചാരണം: നിയമനടപടിക്ക് കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ
KE News Desk l Ernakulam, Kerala
കൊച്ചി: സന്യസ്തരെ ലക്ഷ്യംവച്ചുള്ള അപവാദ പ്രചാരണങ്ങള്‍ക്കെതിരേ കെസിബിസി ഐക്യജാഗ്രതാ കമ്മീഷന് നിയമനടപടിക്ക് ഒരുങ്ങുന്നു.
സന്യാസിനികളെ അവഹേളിച്ചു നടത്തിയ ഫോട്ടോഷൂട്ടിനെതിരെയും അപവാദങ്ങള്‍ പ്രചരിപ്പിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയും വ്യക്തികള്‍ക്കെതിരേ യും ഐക്യജാഗ്രത കമ്മീഷന്റെ സമര്‍പ്പിത കൂട്ടായ്മയായ വോയ്സ് ഓഫ് നണ്‍സിന്റെ നേതൃത്വത്തില്‍ കത്തോലിക്കാ സന്യാസിനികള്‍ കേരളത്തിലുടനീളം പരാതികള്‍ നല്കി.
സ്ത്രീത്വത്തെയും ക്രൈസ്തവ വിശ്വാസത്തെയും സന്യാസ ജീവിതാന്തസിനെയും നിരന്തരം അപമാനിക്കുന്ന ഇത്തരം ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും വോയ്സ് ഓഫ് നണ്‍സ് എക്സിക്യൂട്ടിവ് കമ്മിറ്റി അറിയിച്ചു.
സന്യസ്തരെ സംരക്ഷിക്കാനെന്ന പേരില്‍ ചില രാഷ്ട്രീയ-മത സംഘടനകള്‍ രംഗത്തുവരികയും അവഹേളനാപരമായ അപവാദപ്രചാരണങ്ങള്‍ നിരന്തരം നടത്തുകയും ചെയ്യുന്നത് ഗൗരവമായി കാണേണ്ടതുണ്ട്. ഇത്തരം ശ്രമങ്ങള്‍ക്കു പിന്നിലെ ആസൂത്രണങ്ങളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാനും സത്വരനടപടികള്‍ സ്വീകരിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ഏജന്‍സികളോട് കെസിബിസിയുടെ വിവിധ കമ്മീഷനുകളുടെ നേതൃത്വത്തില്‍ ആവശ്യപ്പെടും.
സ്ത്രീത്വ- മതവിശ്വാസ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്കെതിരായി മുന്‍പ് കൊടുത്തിരുന്ന ചില പരാതികള്‍ അന്വേഷിക്കുന്നതില്‍ പോലീസ് കാലതാമസം വരുത്തുന്നതിനാല്‍ കോടതിയെ സമീപിക്കും.
മുഖ്യധാരാ ചാനലുകളിലെ ചര്‍ച്ചകളില്‍ കത്തോലിക്കാ സഭയും സന്യസ്തരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ബോധപൂര്‍വം തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്ന അവതാരകര്ക്കെതിരേയും പാനലിസ്റ്റുകള്ക്കെതിരേയും നിയമനടപടികള്‍ സ്വീകരിക്കാനും മുന്‍കൈ എടുക്കുമെന്ന് കെസിബിസി ഐക്യജാഗ്രത കമ്മീഷന് പത്രക്കുറിപ്പില്‍ അറിയിച്ചു.