മഹാത്മാ ഗാന്ധിയുടെ പ്രിയഗാനം റിപബ്ലിക് ഡേ ബീറ്റിങ് റിട്രീറ്റ് ചടങ്ങില്‍ നിന്ന് ഒഴിവാക്കി
KE NEWS Desk | Delhi
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള അവസാന ചടങ്ങായ ‘ബീറ്റിങ് റിട്രീറ്റി’ല്‍ നിന്ന് മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ഗാനം ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍.
‘Abide with me’ എന്നു തുടങ്ങുന്ന ഗാനമാണ് ഒഴിവാക്കുക.
ഒരു ദിവസത്തെ യുദ്ധത്തിനു ശേഷം, പോരാട്ടത്തിനു വിരാമമിടുന്ന, ഒരു നൂറ്റാണ്ടു പഴക്കമുള്ള സൈനിക ഗാനമാണ് ഒഴിവാകുക. ഡല്‍ഹിയിലെ വിജയ് ചൗക്കില്‍, എല്ലാ വര്‍ഷവും ജനുവരി 29നാണ് ‘ബീറ്റിങ് റിട്രീറ്റ്’ ചടങ്ങ് നടത്തുന്നത്. ഈ ചടങ്ങോടെയാണു റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ ഔദ്യോഗികമായി അവസാനിക്കുക. കൊളോണിയല്‍ ഭരണകാലത്താണ് ബീറ്റിങ് റിട്രീറ്റ് ചടങ്ങിന്റെ ഉദ്ഭവം.
1950 മുതല്‍ അവതരിപ്പിച്ച് വരുന്നതാണ് സ്‌കോട്ടിഷ് ആംഗ്ലിക്കന്‍ സാഹിത്യകാരനായ ഹെന്‍ട്രി ഫ്രാന്‍സിസ് ലൈറ്റ് എഴുതിയ ഈ ഗാനം. വില്യം ഹെന്‍ട്രി മോങ്ക് സംഗീതം നല്‍കിയ ഗാനം 2020ലാണ് ആദ്യമായി ഒഴിവാക്കിയത്. ദൈവത്തോടുള്ള പ്രാര്‍ത്ഥനയാണ് ഗാനത്തിന്റെ ഉള്ളടക്കം. മഹായുദ്ധങ്ങളില്‍ കൊല്ലപ്പെട്ടവരെ ആദരിച്ചുള്ളതുമാണ് ഗാനം.
ഡല്‍ഹി ഇന്ത്യാഗേറ്റില്‍ അരനൂറ്റാണ്ടായി അണയാതെ കത്തിയ അമര്‍ ജവാന്‍ ജ്യോതി ദേശീയ യുദ്ധസ്മാരകത്തിലെ ജ്വാലയുമായി ലയിപ്പിച്ചതിന് പിന്നാലെയാണ് ഈ നീക്കം. റിപബ്ലിക് ഡേ ചടങ്ങുകളിലടക്കം നേരത്തെ ബ്രിട്ടീഷ് മാര്‍ഷ്യല്‍ സംഗീതമാണ് അവതരിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യന്‍ സംഗീതജ്ഞരുടെ ഗാനങ്ങള്‍ കൊണ്ടുവരികയാണ്. ഈ വര്‍ഷം ലതാ മങ്കേഷ്‌കറുടെ ഗാനമായ ‘ഐ മേരേ വതന്‍ കെ ലോഗോന്‍’ ട്യൂണുകളുടെ ലിസ്റ്റിലുണ്ട്. ‘അബിഡെ വിത്ത് മി’ ഒഴിവാക്കിയതില്‍ ട്വിറ്ററടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇതിലെ സന്ദേശം ദേശവിരുദ്ധമാണോയെന്ന ചോദ്യമാണ് എന്‍ഡി ടിവിയിലെ മാധ്യമപ്രവര്‍ത്തകന്‍ വിഷ്ണു സോം ട്വിറ്ററില്‍ ഉയര്‍ത്തിയത്. വിദ്വേഷത്തിന് അവസാനമില്ലെന്നായിരുന്നു മന്‍ അമാന്‍ സിങ് ഛിന്നയെന്ന അക്കൗണ്ടിലെ പ്രതികരണം. മറ്റൊരാള്‍ ഗാനത്തിന്റെ ട്യൂണ്‍ വായിച്ച് പ്രതിഷേധമറിയിച്ചു.
പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് ഡല്‍ഹി ഇന്ത്യാഗേറ്റില്‍ അരനൂറ്റാണ്ടായി അണയാതെ കത്തിയ അമര്‍ ജവാന്‍ ജ്യോതി ദേശീയ യുദ്ധസ്മാരകത്തിലെ ജ്വാലയുമായി ലയിപ്പിച്ചത്. ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് മേധാവി എയര്‍ മാര്‍ഷല്‍ ബാലഭദ്ര രാധാകൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. അമര്‍ജവാന്‍ ജ്യോതി കെടുത്തുന്നതിനെതിരെ രാഹുല്‍ ഗാന്ധി അടക്കമുള്ളവരുടെ എതിര്‍പ്പ് അവഗണിച്ചാണ് ചടങ്ങുകള്‍ നടത്തിയത്. 1971 ലെ പാകിസ്താന്‍ യുദ്ധവിജയത്തിന് ശേഷം രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരസൈനികരുടെ ഓര്‍മയ്ക്കയായിട്ടാണ് അമര്‍ ജവാന്‍ ജ്യോതി സ്ഥാപിച്ചത്.ബംഗ്ലാദേശിന്റെ രൂപീകരണത്തിന് വഴിയൊരുക്കിയ പോരാട്ട ജയത്തിന് ശേഷം 1972 ജനുവരി 26 ന് അമര്‍ജവാന്‍ ജ്യോതിയില്‍ ദീപനാളം കൊളുത്തിയത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു. അന്ന് മുതല്‍ ഇന്ന് വൈകുന്നേരം വരെ കെട്ടുപോകാതെ രാജ്യം കാത്തു സൂക്ഷിച്ചു. ഒന്നാം ലോക മഹായുദ്ധത്തില്‍ ജീവന്‍ സമര്‍പ്പിച്ചു പോരാടിയ ധീര ജവാന്മാരുടെ ഓര്‍മയ്ക്കായി 1931 ഇല്‍ പൂര്‍ത്തിയാക്കിയ ഇന്ത്യ ഗേറ്റിന്റെ കീഴിലാണ്, കുത്തി നിര്‍ത്തിയ തോക്കിനേയും മുകളിലെ തൊപ്പിയെയും സാക്ഷിയാക്കി ജ്യോതി രാപകല്‍ ഭേദം തെളിഞ്ഞു നിന്നത്. മൂന്ന് സേനകള്‍ക്കും കൂടിയായിരുന്നു സംരക്ഷണ ചുമതല.




- Advertisement -