ഏറ്റവും ഉയര്‍ന്ന ജീവിത നിലവാര സൂചികയുള്ള രാജ്യമായി ഖത്തര്‍
KE NEWS DESK | DOHA, QATAR
ദോഹ: അറബ് ലോകത്ത് ഏറ്റവും ഉയര്‍ന്ന ജീവിത നിലവാര സൂചികയുള്ള രാജ്യമായി ഖത്തര്‍. കുവൈത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിങ്ക് ടാങ്ക് ഏജന്‍സി നടത്തിയ സര്‍വേയിലാണ് 20 അറബ് രാജ്യങ്ങളില്‍ ഖത്തര്‍ ഒന്നാമതായത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഖത്തര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. യു.എ.ഇയാണ് രണ്ടാമത്. കുവൈത്ത് മൂന്നാം സ്ഥാനത്താണ്. ബഹ്റൈന്‍, ഒമാന്‍, സൗദി അറേബ്യ, ജോര്ഡന്, മൊറോകോ, അല്‍ജീരിയ, തുനീഷ്യ എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റു രാജ്യങ്ങള്‍. കോവിഡ് പ്രതിരോധം, സുരക്ഷ, അന്താരാഷ്ട്ര സമാധാന സൂചിക, കാലാവസ്ഥ ഭീഷണികള്‍, മലിനീകരണം, മാനവ വിഭവശേഷി വികസനം, വിദ്യാഭ്യാസം, സ്വാതന്ത്ര്യം, ജനാധിപത്യം, അഴിമതി, തൊഴിലില്ലായ്മ തുടങ്ങി ജീവിത നിലവാരവുമായി ബന്ധപ്പെട്ട 15 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു സര്‍വേ.
സര്‍വേ പ്രകാരം ഗള്‍ഫ് രാജ്യങ്ങള്‍ മറ്റു അറബ് രാജ്യങ്ങളേക്കാള്‍ പുരോഗതി കൈവരിക്കുന്നതായും കണ്ടെത്തി. മാനവ വിഭവ വികസനം, സാമൂഹിക വികസനം, കോവിഡ് പ്രതിരോധം, വാക്സിനേഷന് നടപടികള്‍, ജനങ്ങളുടെ സുരക്ഷ, അഴിമതിരഹിത ഭരണവ്യവസ്ഥ, പരിസ്ഥിതി വെല്ലുവിളികള്‍ നേരിടുന്നതിലെ കാര്യക്ഷമത തുടങ്ങി വിവിധ മേഖലകളിലും ഗള്‍ഫ് രാഷ്ട്രങ്ങള്‍ മറ്റു അറബ് രാജ്യങ്ങളേക്കാള്‍ ഏറെ മുന്നിലാണ്. സാമ്ബത്തിക ഭദ്രതയും ആഭ്യന്തര രാഷ്ട്രീയ കെട്ടുറപ്പും കാരണം ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഭാവി സുരക്ഷിതമാണെന്നും സര്‍വേയില്‍ സൂചിപ്പിക്കുന്നു.