എഡിറ്റോറിയൽ: മൗലാന അബ്ദുൾ കലാം ആസാദും ചില വിദ്യാഭ്യാസ ചിന്തകളും | ജെ. പി വെണ്ണിക്കുളം
12/ 11/ 2021 ദേശീയ വിദ്യാഭ്യാസ ദിനമാണ്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ ഒന്നുകൂടി ഓർക്കുന്ന ഈ ദിനത്തിൽ നാം വിസ്മരിക്കാൻ പാടില്ലാത്ത ഒരാളുണ്ട്. അദ്ദേഹമാണ് മൗലാന അബ്ദുൾ കലാം ആസാദ്. അദ്ദേഹത്തിന്റെ ജന്മദിനമാണ് ഇന്ന്.2008 സെപ്റ്റംബർ 11ന് മാനവ വിഭവശേഷി വികസന മന്ത്രാലയം മൗലാന അബുൾ കലാം ആസാദിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കാൻ തീരുമാനിച്ചു.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന (1947 ഓഗസ്റ്റ് 15 മുതൽ 1958 ഫെബ്രുവരി 2 വരെ) അദ്ദേഹത്തിന്റെ സംഭാവനകൾ വിലമതിക്കാനാകാത്തതാണ്. ഉറുദു സാഹിത്യത്തിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ആസാദ് മികച്ച വിദ്യാഭ്യാസ വിചക്ഷണനും വിദ്യാഭ്യാസ മേഖലയിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തിയുമാണ്.
വിദ്യാഭ്യാസം, ദേശീയ വികസനം, സ്ഥാപന വികസനം എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ അബുൾ കലാം ആസാദിന്റെ സംഭാവന നിസ്തുല്യമാണ്. സ്വാതന്ത്ര്യ സമര സേനാനി, പത്രപ്രവർത്തകൻ, നവോത്ഥാന നായകൻ, എന്നീ നിലകളിൽ അദ്ദേഹത്തിന്റെ പേര് ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ രാജ്യത്തെ ഐ.ഐ.ടികളുടേയും ഡൽഹി സർവകലാശാലയുടേയും രൂപീകരണത്തിന് പിന്നിൽ അദ്ദേഹത്തിന്റെ പങ്കു വലുതാണ്. 1992ൽ രാജ്യം അദ്ദേഹത്തെ മരണാനന്തര ബഹുമതിയായി ഭാരത രത്‌നം നൽകി ആദരിച്ചു. സാഹിത്യത്തെയും ഫൈൻ ആർട്‌സിനെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
യു.ജി.സി, എ.ഐ.സി.ടി.സി, ഖരക്പൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യൂക്കേഷൻ, യൂണിവേഴ്‌സിറ്റി എജ്യൂക്കേഷൻ കമ്മീഷൻ, സെക്കൻഡറി എജ്യൂക്കേഷൻ കമ്മീഷൻ തുടങ്ങിയ ചില പ്രധാനപ്പെട്ട കമ്മീഷനുകൾ രൂപീകരിച്ചത് ആസാദിന്റെ കാലഘട്ടത്തിലാണ്.
ലോകത്തെ മാറ്റിമറിക്കാൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ശക്തമായ ആയുധമാണ് വിദ്യാഭ്യാസമെന്നു കോഫി അന്നാൻ പറഞ്ഞിട്ടുണ്ട്. വിദ്യാഭാസം എന്നാൽ എഴുത്തും വായനയും പഠിക്കലല്ല,പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്താർജിക്കലാണെന്നു ഗാന്ധിജി അഭിപ്രായപ്പെട്ടിട്ടുണ്ട്.
‘വിദ്യാധനം സർവധനാൽ പ്രധാനം’ എന്നു കേട്ടിട്ടില്ലേ?
വിദ്യ സമ്പാദിക്കുന്നതിലൂടെയും,
ജ്ഞാനം ആര്‍ജ്ജിക്കുക വഴിയും നല്ല മനുഷ്യർ ഉണ്ടാകുന്നു. അറിവിന്റെ തലങ്ങള്‍ വ്യത്യസ്തങ്ങളാണ്. ഈ ലോകത്തിലെ വിശാലമായ അറിവ് സ്വായത്തം ആക്കുകയാണ് ഓരോരുത്തരും ചെയ്യേണ്ടത്. അക്ഷരം കൂട്ടിവായിക്കാൻ അറിയാത്തവർക്ക് വിദ്യ നല്‍കി അറിവിലേക്ക് എത്തുവാനുള്ള സാധ്യതയൊരുക്കണം. വളര്‍ച്ചയുടെ പടവുകള്‍ കയറുന്നതിനോടൊപ്പം അറിവിന്റെ മേഖലകളിലും വ്യത്യാസം സംഭവിക്കും.
ജീവിതത്തിന്റെ വിവിധ അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോള്‍
ജ്ഞാനത്തിന്റെ പലതരം വിത്തുകള്‍ മനുഷ്യന്റെ മനസിലേക്കെത്തുകയും അറിവിന്റെ മഹാ വൃക്ഷമായിത്തീരുകയും ചെയ്യുന്നു. അതിലെ ഫലങ്ങള്‍ മറ്റുള്ളവര്‍ക്കു നല്‍കുമ്പോഴാണ് മനുഷ്യർ പൂർണരാവുന്നത്. വിദ്യ എന്ന ധനം ആർജ്ജിക്കാത്തവന് ജീവിതവിജയം സാധ്യമല്ല. വിദ്യാധനം എന്നാൽ വിദ്യാലയത്തിൽ പോയി മാത്രം സംഭവിക്കാവുന്ന ഒന്നല്ല,വിദ്യ പലരീതിയിൽ ആഭ്യസിക്കാം എന്നു പ്രകൃതി പോലും പഠിപ്പിക്കുന്നുണ്ട്. മൂല്യബോധത്തിൽ അടിയുറച്ച മനുഷ്യരെ വാർത്തെടുക്കുകയാകട്ടെ വിദ്യയുടെ ഉദ്ദേശം.