കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു
മാവേലിക്കര: ജനപ്രിയനായ കാർട്ടൂണിസ്റ്റ് യേശുദാസൻ (83) അന്തരിച്ചു.കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കൊച്ചിയിലായിരുന്നു അന്ത്യം.
വിടവാങ്ങിയത് വരകളിലെ ലാളിത്യവും കഥാപാത്രങ്ങളുടെ സൂഷ്മാംശങ്ങളും കൊണ്ട് വ്യത്യസ്തത പുലർത്തിയ കാർട്ടൂണിസ്റ്റ്.
കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപക ചെയർമാനും കേരള ലളിതകലാ അക്കാദമിയുടെ മുൻ പ്രസിഡന്റുമായിരുന്നു അദ്ദേഹം.
ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്‌ക്കടുത്ത് ഭരണിക്കാവിൽ കുന്നേൽ ചക്കാലേത്ത് ജോൺ മത്തായിയുടെയും മറിയാമ്മ (ആച്ചിയമ്മ)യുടെയും മകനായി 1938 ജൂൺ 12 നാണ് സി.ജെ. യേശുദാസൻ ജനിച്ചത്. ഭരണിക്കാവ്, ഇടപ്പള്ളി, മാവേലിക്കര എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യഭ്യാസം. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം. 1955 ൽ കോട്ടയത്തുനിന്നു പ്രസിദ്ധീകരിച്ച ഒരു മാസികയിലായിരുന്നു ആദ്യ കാർട്ടൂൺ. ജനയുഗം, ശങ്കേഴ്സ് വീക്കിലി, ബാലയുഗം, കട്ട് –കട്ട് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചു. അസാധു, ടക് – ടക്, ടിക്–ടിക് എന്നീ പ്രസിദ്ധീകരണങ്ങൾ നടത്തി. 1985 മുതൽ 2010 വരെ മനോരമയിൽ സ്റ്റാഫ് കാർട്ടൂണിസ്റ്റായിരുന്നു. ‘വനിത’യിലെ മിസിസ് നായർ, മനോരമ ദിനപത്രത്തിലെ പോക്കറ്റ് കാർട്ടൂൺ ‘പൊന്നമ്മ സൂപ്രണ്ട്’ എന്നിവയടക്കം ഒട്ടേറെ പ്രശസ്ത പംക്തികളുടെ സ്രഷ്ടാവായിരുന്നു യേശുദാസൻ.






- Advertisement -