എഡിറ്റോറിയൽ : മറവി അനുഗ്രഹമാണ്; മറവിരോഗം ശ്രദ്ധിക്കേണ്ടതും | ജെ പി വെണ്ണിക്കുളം

Kraisthava ezhuthupura news desk

സെപ്റ്റംബർ 21 ലോക മറവിരോഗ (Alzheimer’s disease)
ദിനമാണ്.
ലോകമെമ്പാടും ഈ രോഗത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ദിനമായി ഇന്നെ ദിവസം വേർതിരിച്ചിരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 76 അൽഷെമേഴ്സ് ഘകങ്ങളുടെ കൂട്ടായ്മയായ അൽഷെമേഴ്സ് ഡിസീസ് ഇന്റർനാഷണൽ (Alzheimer’s Disease International) ആണ് ലോക അൽഷെമേഴ്സ് ദിന പ്രവർത്തനങ്ങൾ എകോപിപ്പിക്കുന്നത്. ഇന്ത്യയിൽ , അൽഷെമേഴ്സ് ഡിസീസ് ഇന്റർനാഷണലിന്റെ വളരെ സജീവമായ ഒരു ഘടകമാണ് കേരളത്തിൽ കുന്നംകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽഷിമേഴ്‌സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ (ARDSI). കേരളത്തിലെ വിവിധ പട്ടണങ്ങൾ ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഈ സംഘടന പ്രവർത്തിക്കുന്നുണ്ട്.
മറവി ഉണ്ടാക്കുന്ന രോഗത്തെയാണ് അൽഷെമേഴ്സ് അഥവാ മറവിരോഗം എന്നു പറയുന്നത്. തലച്ചോറിലെ തകരാർ മൂലമുണ്ടാവുന്ന ബുദ്ധിമാന്ദ്യം എന്ന് ഈ രോഗാവസ്ഥയെ വിശേഷിപ്പിക്കാം(ഓർഗാനിക് മെൻറൽ ഡിസ് ഓർഡർ OMD).സാവധാനം മരണകാരണമാവുന്നതും വേണ്ടത്ര ചികിത്സയില്ലാത്തതുമായ ഒരു രോഗമാണിത്. ഡിമെൻഷ്യ (മേധക്ഷയം)വിഭാഗത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന അസുഖവും ഇതാണ്‌.

സാധാരണയായി പ്രായാധിക്യത്താൽ മസ്തിഷ്കത്തിലുണ്ടാകുന്ന ഘടനാപരമോ രാസപരമോ ആയ പ്രവർത്തനത്തെ സംബന്ധിച്ച തകരാറോ മസ്തിഷ്കധർമ്മത്തെ ബാധിക്കുന്ന ശാരീരിക, മാനസിക പ്രവർത്തനങ്ങളുടെ തകരാറോ മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.
തലച്ചോറിലെ നാഡീകോശങ്ങള്‍ ക്രമേണ ജീര്‍ണിക്കുകയും മൃതമാവുകയും ചെയ്യുന്ന അവസ്ഥയാണ് ഈ രോഗത്തിലുണ്ടാകുന്നത്. ഇതോടൊപ്പം തലച്ചോറിന്റെ വലിപ്പം ചുരുങ്ങിവരുന്നതായും കാണപ്പെടുന്നു. നാഡീകോശങ്ങള്‍ ഒരിക്കല്‍ നശിച്ചാല്‍ അവയെ പുനര്‍ജീവിപ്പിക്കുക അസാധ്യമായതുകൊണ്ടുതന്നെ ഈ അസുഖത്തിന് തികച്ചും ഫലപ്രദമായ ചികിത്സാവിധികള്‍ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.
ഇന്ന് പ്രചാരത്തിലുള്ള ഔഷധങ്ങള്‍ രോഗാവസ്ഥ മൂര്‍ച്ഛിക്കാതിരിക്കുന്നതിനും ദിനചര്യകള്‍ നടത്തിക്കൊണ്ടുപോകാനുള്ള കഴിവ് നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. അല്‍ഷിമേഴ്‌സ് രോഗികളുടെ നാഡീകോശങ്ങളില്‍ അസറ്റൈന്‍ കോളിന്‍ എന്ന രാസവസ്തുവിന്റെ കുറവ് ഉള്ളതായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഈ രാസവസ്തുവിന്റെ വിഘടനം തടഞ്ഞ് തലച്ചോറില്‍ അതിന്റെ അളവ് വര്‍ധിപ്പിക്കുന്ന ഔഷധങ്ങളാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. ഡോണപ്പസില്‍, റിവാസ്റ്റിഗ്മിന്‍, മെമാന്റിന്‍, ഗാലന്റമിന്‍ തുടങ്ങി വിദേശരാജ്യങ്ങളില്‍ ലഭ്യമായിട്ടുള്ള ഒട്ടുമിക്ക ഔഷധങ്ങളും ഇന്ന് ഇന്ത്യയില്‍ ലഭ്യമാണ്. ഇത്തരം മരുന്നുകള്‍ അസുഖത്തിന്റെ മുന്നോട്ടുള്ള ഗതിയെ കുറയ്ക്കുന്നതിന് സഹായിക്കുന്നു. അസുഖം നേരത്തേ കണ്ടുപിടിക്കാന്‍ ഇടയാകുന്നപക്ഷം ഈ മരുന്നുകള്‍ കൂടുതല്‍ പ്രയോജനം ചെയ്‌തേക്കും.
കണക്കുകൾ പ്രകാരം ലോകത്തിൽ അൽഷെമേഴ്സ് രോഗം ബാധിച്ചവരായി 44 മില്യൺ ആളുകൾ ഉണ്ട് . 2050 ആവുമ്പോഴേക്കും ഇത് 115 മില്യണിൽ എത്തും. ഇന്ത്യയിൽ ഇപ്പോൾ 3.7 കോടി രോഗികളുണ്ട്.2030 ആകുമ്പോഴേക്കും 7.6 മില്യൻ രോഗികൾ ഉണ്ടാകും. ലോകത്തെ വൃദ്ധജനങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ്‌ ഇൻഡ്യ. രോഗിയുടെ ജീവതം പരിതാപകരമാകുന്നതോടൊപ്പം അവരുടെ കുടുംബങ്ങളെയും , രോഗിയെ പരിചരിക്കുന്നവരുടെയും സമുഹത്തിന്റെ തന്നെയും സുസ്ഥിതി തകർക്കപ്പെടുന്നു എന്നതാണ് വാസ്തവം.
അൽഷിമേഴ്‌സ് ഒരു രോഗമായി നാം കാണുമ്പോൾ തന്നെ
ദൈനംദിന ജീവിതത്തിൽ
മറവി ഒരു അനുഗ്രഹമായി പലപ്പോഴും തീരാറുണ്ട്. അതിൽ ഒരു ദൈവീക ഇടപെടൽ കൂടി ഉണ്ടാകുമ്പോൾ നമ്മൾക്ക് പിന്നെയും മുന്നോട്ടു പോകാനുള്ള ഊർജം ലഭിക്കും. പഴയ കാര്യങ്ങൾ എല്ലാം അതേപോലെ ഓർത്തിരിക്കാൻ എത്രപേർക്ക് കഴിയും? വളരെ കുറച്ചുപേർ മാത്രമേ കുട്ടിക്കാലം മുതലുള്ള എല്ലാ കാര്യങ്ങളും ഓർത്തിരിക്കുന്നുള്ളൂ എന്നത് കൗതുകകരമാണ്. എന്നാൽ ഇതൊരു രോഗമായി മാറുമ്പോഴാണ് വലിയ പ്രശ്നങ്ങളിലേക്ക് പോകുന്നത്. ചിലപ്പോഴൊക്കെ ഓർക്കേണ്ടത് മറക്കുകയും മറക്കേണ്ടത് ഓർക്കുകയും ചെയ്യുന്ന സ്വഭാവം മനുഷ്യനുണ്ട്. അതു അത്ര ആരോഗ്യകരമല്ല. ബൈബിൾ പറയുന്നു: ദൈവം ചെയ്ത ഉപകാരങ്ങൾ ഒന്നും മറക്കരുത്. പിന്നിട്ട വഴികളെ മറന്നാൽ നമ്മെപ്പോലെ നിർഭാഗ്യവാന്മാർ വേറെയില്ല.

ജെ പി വെണ്ണിക്കുളം

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.