ലേഖനം: കല്‍പ്പാത്രം | സോഫി ബാബു ചിറയില്‍

രിക്കല്‍ ഗലീലയിലെ കാനാവില്‍ ഒരു വീടിന്റെ പരിസരത്തു 6 കൽപ്പാത്രങ്ങൾ ഉണ്ടായിരുന്നു. ആ വഴി കടന്നുപോയ വഴിപോക്കർ ഈ കൽപ്പാത്രങ്ങളെ ശ്രദ്ധിക്കുവാൻ ഇടയായി. പുരാതന കാലങ്ങളിൽ വീട്ടിൽ വരുന്നവർ കാലുകൾ കഴുകി വീടിനുള്ളിൽ പ്രവേശിക്കുവാൻ വേണ്ടി കൽപ്പാത്രങ്ങളിൽ വെള്ളം നിറച്ചു വെക്കുമായിരുന്നു. ഇപ്പോഴിതാ ഈ കൽപ്പാത്രങ്ങളെ തേച്ചുമിനുക്കി മാനപാത്രങ്ങളാക്കി സൂക്ഷിച്ചിരിക്കുന്നു .ഈ കൽപ്പാത്രങ്ങൾക്കു എന്താണ് ഇത്ര പ്രത്യേകത? ഇവയെ ഇത്ര മാന്യമായി സൂക്ഷിച്ചിരിക്കുന്നത് എന്തിനാണെന്ന് ആ വഴിപോക്കർ തമ്മിൽ തമ്മിൽ സംസാരിക്കുവാൻ ഇടയായി. അതു കേട്ട കൽപ്പാത്രങ്ങൾ ആറും ഒരുപോലെ പുഞ്ചിരി തൂകി. എന്നിട്ട് ഒരു കൽപ്പാത്രം അവരോട് ഇപ്രകാരം പറഞ്ഞു, ഈ വീട്ടിൽ ഒരു കല്യാണം ഉണ്ടായി. ആ കല്യാണത്തിന് അവർ യേശുവിനെ ക്ഷണിച്ചിരുന്നു. പുറംപറമ്പിൽ ആയിരുന്ന ഞങ്ങളെ കല്യാണവീട്ടിലേക്കു കടന്നുവന്ന കർത്താവ് മുന്നമേ കണ്ടിരുന്നു. കല്യാണസദ്യയിലെ പ്രധാനവിഭവമായ വീഞ്ഞ് തീർന്നുപോയപ്പോൾ ആ ഭവനത്തിന്റെ നിന്ദ മാറ്റുവാൻ, വിരുന്നുവാഴിയും മണവാളനും പരിഹസിക്കപ്പെടാതിരിക്കാൻ അത്ഭുതമന്ത്രിയായ യേശുകർത്താവ് അവിടെ അത്ഭുതം പ്രവർത്തിച്ചു.

അതു കേട്ടപ്പോൾ ആ വഴിപോക്കർക്കു വളരെ ആകാംക്ഷയായി. അവർ ചോദിച്ചു, യേശു എന്ത് അത്ഭുതമാണ് ചെയ്തത് ? കൽപ്പാത്രം പറഞ്ഞു, ശ്രദ്ധിക്കപ്പെടാതെ വെളിയിൽ കിടന്ന ഞങ്ങളെ തേച്ചുമിനുക്കി ഞങ്ങളിൽ വെള്ളം നിറയ്ക്കുവാൻ യേശു ബാല്യക്കാരോടു കല്പിച്ചു. ബാല്യക്കാർ വക്കോളം വെള്ളം നിറച്ചു. “ കോരി വിരുന്നുവാഴിക്കു കൊണ്ടുപോയി കൊടുപ്പിൻ “ എന്ന് യേശു പറഞ്ഞ മാത്രയിൽ തന്നെ ആ വെള്ളം വീഞ്ഞായി മാറി. വീടിനു വെളിയിൽ വിലയില്ലാത്ത, ഭംഗിയില്ലാത്ത മൺപാത്രങ്ങളായി കിടന്ന ഞങ്ങളെ, വിലമതിക്കുന്ന മേത്തരമായ വീഞ്ഞു പകർന്നു സ്പടികതുല്യമായ പാത്രങ്ങളാക്കി മാറ്റുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചതേയില്ല. നിങ്ങളുടെ ഭവനത്തിൽ യേശു വന്നാൽ, നിങ്ങൾ യേശുവിനെ ഹൃദയത്തിൽ കൈക്കൊണ്ടാൽ നിങ്ങളെയും ഈ യേശു മാനപാത്രമാക്കി മാറ്റും. ഇതാണ് ഞങ്ങളുടെ സാക്ഷ്യം എന്നു കൽപ്പാത്രം പറഞ്ഞു. ആ വഴിപോക്കർ കൽപ്പാത്രങ്ങളോട് നന്ദി പറഞ്ഞു യേശുവിനെ കണ്ടുമുട്ടുവാനുള്ള വ്യഗ്രതയോടെ യാത്രയായി. യോഹ : 2 ആദ്യഭാഗത്താണ് ഈ കൽപ്പാത്രങ്ങളെ നാം കാണുന്നത്.

സഹോദരങ്ങളേ, നിങ്ങളും ഈ കാൽപ്പാത്രങ്ങളെപ്പോലെ പുറംപറമ്പിൽ കിടക്കുന്ന അവസ്ഥയിലാണോ ? നിങ്ങൾ പ്രതീക്ഷിക്കാത്ത രീതിയിൽ, പ്രതീക്ഷിക്കാത്ത വഴിയിലൂടെ ദൈവം നിങ്ങളെയും ഉയർത്തും. നമ്മളാരും ഇങ്ങനെ ഒരു കൊറോണ കാലം വരുമെന്നോ ഒരു മഹാമാരി ലോകം മുഴുവൻ വ്യാപിക്കുമെന്നോ ചിന്തിച്ചതേയില്ല. എന്നാൽ യശയ്യാ 55 ; 8-ൽ ദൈവം പറയുന്നു, “എൻ്റെ വിചാരങ്ങൾ അല്ല നിങ്ങളുടെ വിചാരങ്ങൾ, നിങ്ങളുടെ വഴികൾ എൻ്റെ വഴികളുമല്ല”. ദൈവത്തിൻ്റെ വഴികൾ, പ്ലാനുകൾ, പദ്ധതികൾ ഒന്നും തെറ്റുകയില്ല. പ്രതീക്ഷിക്കാത്ത വഴികളിലൂടെ അവൻ നമ്മെ വഴിനടത്തും. വിക്കനായ മോശെയെ യിസ്രായേൽ ജനത്തിൻ്റെ ലീഡർ ആക്കിയ ദൈവം, സഹോദരങ്ങൾ പൊട്ടക്കുഴിയിലേക്കു വലിച്ചെറിഞ്ഞ യോസേഫിനെ ഈജിപ്തിന് അധിപതിയാക്കിയ ദൈവം, വസ്തി രാഞ്ജിയെ തള്ളിമാറ്റിയിട്ട്, വളരെ ബാല്യത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട അനാഥ പെൺകുട്ടി എസ്ഥേറിനെ സിംഹാസനത്തിൽ ഇരുത്തി അഹശ്വേരോശ്‌ രാജാവിൻറെ രാഞ്ജിയാക്കി മാറ്റിയ ദൈവം നിങ്ങളെയും ഉയർത്തും.

ഫിലിപ്പോസിനെ ദൈവം പ്രതീക്ഷിക്കാത്ത വഴികളിലൂടെ എടുത്തുപയോഗിച്ചു. അപ്പൊ. പ്രവൃ : 6-ൽ ആണ് ഫിലിപ്പോസിനെ ആദ്യമായി കാണുന്നത്. ദൈവവചനം പ്രസംഗിച്ചുകൊണ്ടു നടന്ന ശിഷ്യന്മാർ മേശയിൽ ശുശ്രൂഷ ചെയ്യുവാൻ ആത്മാവും ജ്ഞാനവും നിറഞ്ഞ നല്ല സാക്ഷ്യമുള്ള ഏഴുപേരെ തെരെഞ്ഞെടുത്തു. അവരിൽ ഒരുവനാണ് ഫിലിപ്പോസ്. ശുശ്രൂഷക്കാർ ഏതു ചെറിയ ശുശ്രൂഷ ചെയ്യുന്നവരായാലും പരിശുദ്ധാത്മ നിറവ് പ്രാപിച്ചവരായിരിക്കണം. മേശയിൽ ശുശ്രൂഷിച്ചുകൊണ്ടിരുന്ന ഫിലിപ്പോസ് ശമര്യയിൽ ക്രിസ്തുവിനെ പ്രസംഗിച്ചു (അപ്പൊ. പ്രവൃ. 8:5). മേശയിൽ ശുശ്രൂഷിച്ചുകൊണ്ടിരുന്നവൻ വചനപ്രഘോഷകനായി, വിദേശത്തുപോയി സുവിശേഷം പ്രസംഗിച്ചു. സഭയിൽ ചെറിയ ശുശ്രൂഷ ചെയ്യുന്നവരായാലും പട്ടണങ്ങളെ കീഴ്മേൽ മറിക്കാൻ ദൈവം എടുത്തുപയോഗിക്കും. മൂർച്ഛയുള്ള ആയുധമാക്കി ദൈവം നിങ്ങളെ ഉപയോഗിക്കും. കാണാത്ത മണ്ഡലത്തിൽ കൃപയാലും അഭിഷേകത്താലും വിവേകത്താലും നിങ്ങളെ ഒരുക്കും. നിങ്ങൾ യേശുവിനെക്കുറിച്ചു പറയുമ്പോൾ ജനം വിടുവിക്കപ്പെടും. ഫിലിപ്പോസ് പ്രസംഗിച്ചപ്പോൾ പക്ഷപാതരോഗികളും ഭൂതബാധിതരും സൗഖ്യമായി. പട്ടണത്തിൽ സന്തോഷമുണ്ടായി. നാം എഴുന്നേറ്റാൽ നമ്മുടെ ദേശം മുഴുവൻ “യേശു മാത്രം കർത്താവ്” എന്ന് വിളിച്ചുപറയും. ഫിലിപ്പോസിനെ ഉപയോഗിച്ച ദൈവത്തിൻറെ master plan-ൽ നമ്മുടെ പേരും ദൂതന്മാർ type ചെയ്‌തു കയറ്റും. ഒരു അന്ത്യകാല ഉണർവിനായി എടുത്തുപയോഗിക്കപ്പെടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ ? യേശുവിനെ നിങ്ങളുടെ ഭവനത്തിലേക്ക്, ജീവിതത്തിലേക്ക്, ഹൃദയത്തിലേക്ക് ക്ഷണിക്കുക. നിങ്ങൾ മാനിക്കപ്പെടും. മാനിക്കപ്പെട്ടാൽ നിങ്ങൾ അത് വിളിച്ചുപറയണം, സാക്ഷ്യപ്പെടുത്തണം. നിങ്ങൾ മിണ്ടാതിരുന്നാൽ ഈ കൽപ്പാത്രങ്ങൾ യേശു ചെയ്തത് വിളിച്ചുപറയും. അതുകൊണ്ട് യേശുവിനെ പ്രഘോഷിക്കുക, യേശുവിൻറെ സാക്ഷിയാകുക. യേശു വരാറായി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply