പാസ്റ്റർ എം പൗലോസ്: കാലഘട്ടത്തെ അടയാളപ്പെടുത്തിയ മിഷനറി വീരൻ
തിരുവല്ല: ഉന്നതമായ ദർശനവും ജീവഗന്ധിയായ അനുഭവങ്ങളും കൊണ്ടു കാലഘട്ടത്തെ അടയാളപ്പെടുത്തിയ മിഷനറി വീരൻ ആയിരുന്നു പാസ്റ്റർ എം പൗലോസ് എന്നു ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ കോൺഫറൻസ് കോർ കമ്മിറ്റി വിലയിരുത്തി. മെയ് 29നു പാസ്റ്റർ പി ജി മാത്യൂസിന്റെ അധ്യക്ഷതയിൽ നടന്ന ഓൺലൈൻ യോഗത്തിൽ ഷിബു മുള്ളംകാട്ടിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.
രാമേശ്വരത്തിന്റെ മണ്ണിൽ സുവിശേഷത്തിന്റെ വൻ മഴ പെയ്യിച്ച സുവിശേഷ പോരാളി ആയിരുന്നു പാസ്റ്റർ എം.പൗലോസ്. അപ്പോസ്തോലനായ പൗലോസിനെപ്പോലെ എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും എന്നു ധൈര്യമായി വിളിച്ചു പറയാൻ കരുത്തുള്ള പാസ്റ്റർ പൗലോസ് ക്രിസ്തുവിന്റെ യഥാർത്ഥ ശിഷ്യൻ ആയിരുന്നു. ക്രിസ്തുവിന്റെ ഭാവം സ്വജീവിതത്തിലൂടെ തെളിയിച്ച കറതീർന്ന സുവിശേഷകൻ. താഴ്മയും വിനയവും മുഖ മുദ്രയാക്കിയ ആ വലിയ മനുഷ്യൻ ഒരു സാധാരണക്കാരനെ പോലെ ജീവിച്ച് അസാധാരണമായി ദൈവ കരങ്ങളിൽ ഉപയോഗിക്കപ്പെട്ടു. പേരും പെരുമയും അല്ല ത്യാഗവും ക്രൂശുമാണ് ക്രിസ്തീയ ജീവിതമെന്നു പഠിപ്പിച്ചു. ഇന്ത്യയുടെ സുവിശേഷ ഭൂപടത്തിൽ പാസ്റ്റർ എം പൗലോസ് പ്രകാശ ഗോപുരം പോലെ ജ്വലിച്ചു നിൽക്കുമെന്ന്
പ്രമേയം ചൂണ്ടിക്കാട്ടി.
സജി മത്തായി കാതേട്ട്, പാസ്റ്റർ ഡി കുഞ്ഞുമോൻ, സാം കണ്ണമ്പള്ളി , പാസ്റ്റർ അനീഷ് കൊല്ലംകോട് എന്നിവർ പ്രസംഗിച്ചു.




- Advertisement -