സഹായഹസ്തവുമായി പത്താം ദിനവും ക്രൈസ്തവ എഴുത്തുപുര
കോട്ടയം: ആവേശത്തോടെ പത്താം ദിവസം ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററും കോട്ടയം യൂണിറ്റും ശ്രദ്ധ ടീമും നിരത്തിൽ ഉണ്ടായിരുന്നു. ചിങ്ങവനം, കുമരകം, കുടയംപടി, കോട്ടയം ഭാഗത്തു ഉള്ള പോലിസ്, വ്യാപാരികൾ, വഴിയോര യാത്രക്കാർ, അന്യ സംസ്ഥാന തൊഴിലാളികൾ, യാചകർ, ആരോരുമില്ലാത്ത തെരുവിന്റെ മക്കൾ, ആരോഗ്യപ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ എല്ലാ കോണുകളിലും ഉള്ളവർക്ക് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. വെള്ളം, സ്നാക്സ്, കൈ ഉറകൾ, മാസ്ക് എന്നിവയും വിതരണം ചെയ്തു. എല്ലാ ദിവസത്തെയും പോലെ കപ്പയും, മുളക് ചമ്മന്തിയും, തൈരും മുളകും ഉളള പൊതികളാണ് വിതരണം ചെയ്തത്. നാഗമ്പടം സ്റ്റാൻഡിൽ ഉള്ള അന്തേവാസികൾക്ക് ഇന്നും നൽകിയ പൊതികൾ പൊരിയുന്ന വയറിനു അല്പം ആശ്വാസം ആയിരുന്നു. ‘രാവിലെ മുതൽ നിങ്ങളെയും കാത്തിരിക്കുന്നു’ എന്ന തെരുവിലെ ശബ്ദം ഇന്നും ഒരിക്കൽ കൂടി കേൾക്കാൻ കഴിഞ്ഞത് ഞങ്ങൾക്ക് ലഭിച്ച അംഗീകാരം ആയിരുന്നു. കോട്ടയം ജില്ലാ പ്രസിഡന്റ് പാസ്റ്റർ രാജീവ് ജോൺ പൂഴനാട്, സെക്രട്ടറി അജി ജെയ്സൺ, ട്രെഷറാർ സുബിൻ ബെന്നി, ജോയിന്റ് സെക്രട്ടറി ബിജേഷ് തോമസ്, വോളന്റിയർ ബ്രദർ ബിബിൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.