ചെറു ചിന്ത: ദൈവത്തിന് ഫലം കായിക്കുന്നവരാകുക | ജീവൻ സെബാസ്റ്റ്യൻ, സലാല

ദൈവത്തിനു ഫലം കായ്ക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, നമ്മെക്കുറിച്ച് ദൈവത്തിന്റെ ഹൃദയത്തിനുള്ള ആഗ്രഹം എന്താണോ അത് അനുസരിച്ച് നാം ഈ ഭൂമിയിൽ ജീവിക്കുക എന്നതാണ്. സാഹചര്യം മോശമായതുകൊണ്ടോ,
നാം പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ നമുക്ക് അനുകൂലം അല്ലാത്തതുകൊണ്ടോ,ദൈവത്തിന് ഫലം കായി ക്കാതിരിക്കുവാൻ അല്ലെങ്കിൽ ദൈവീക വ്യവസ്ഥകൾ പാലിക്കാതിരിക്കുവാൻ നമുക്ക് പ്രമാണം ഇല്ല.

post watermark60x60

ക്രിസ്തീയ ജീവിതത്തിന്റെ വഴികൾ എപ്പോഴും സുഗമമാകണമെന്ന് നിർബന്ധമില്ല. ദൈവത്തിന്റെ കല്പനകളും, ചട്ടങ്ങളും അനുസരിക്കുക വഴി ദൈവത്തിനു ഫലം കായിക്കുവാൻ ഒരുവന് കഴിയും എന്ന് തന്റെ സർവജ്ഞാനത്താൽ തിരിച്ചറിയുന്ന വഴികളിലൂടെ മാത്രമേ ദൈവം നമ്മെ യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളു.
(1കൊരി 10:13) അതു കൊണ്ടു തന്നെ ആ വഴികളിലൂടെ നാം വിജയകരമായി യാത്ര ചെയ്തേ മതിയാകയുള്ളു.

അനുകൂലമായ ജീവിത സാഹചര്യത്തിൽ ആയിരുന്നില്ല നോഹ ദൈവ മുൻപാകെ നിഷ്കളങ്കനായി നടന്നത്.
എങ്ങോട്ടാണ് പോകേണ്ടതെന്നു തിരിച്ചറിയാത്ത സാഹചര്യത്തിൽ ആണ് അബ്രഹാം സകലതും വിട്ട് ഇറങ്ങിത്തിരിക്കുന്നത്. പ്രതീക്ഷയോ പ്രത്യാശയോ തീരെ ഇല്ലാത്ത അവസ്ഥയിലാണ് മോശ മിസ്രയീമിലെ സകല നിക്ഷേപ വസ്തുക്കളെയും ഉപേക്ഷിച്ചത്.

Download Our Android App | iOS App

എബ്രായ ബാലൻമാരും, ദാനിയേലും സുഖകരമായ ജീവിത സാഹചര്യത്തിൽ ആയിരുന്നില്ല ദൈവീക വ്യവസ്ഥക്കു വേണ്ടി നിലകൊണ്ടത്. ഡോമിഷ്യൻ ചക്രവർത്തി പത്മോസിന്റെ ഏകാന്തതിയിലേക്കു തന്നെ നാട് കടുത്തുകയാണെന്നു തിരിച്ചറിഞ്ഞിട്ടും
ദൈവിക വഴിയിൽ നിന്ന് തെല്ലും പിന്മാറുവാൻ യോഹന്നാൻ തയ്യാറായിരുന്നില്ല. തങ്ങളുടെ ശിരസ്സ് ഉടലിൽ നിന്നും വേർപെട്ടു പോകുമെന്ന് മനസ്സിലായിട്ടും യോഹന്നാൻ സ്നാപകനും, അപ്പോസ്തലൻമാരായ പൗലോസും, യാക്കോബും ദൈവത്തിന് ഫലം കായിക്കുന്നത് അവസാനിപ്പിച്ചില്ല. തന്റെ ശരീരത്തിൽ പതിക്കുന്ന കല്ലുകൾ തന്റെ ജീവനെടുക്കും എന്ന് തിരിച്ചറിഞ്ഞിട്ടും സ്തേഫാനോസ് ദൈവീക പ്രമാണത്തിൽ നിന്നും അണുവിട വ്യതിചലിക്കാൻ തയ്യാറല്ലായിരുന്നു.

യേശുക്രിസ്തുവും ദൈവത്തിനു ഫലം കായ്ക്കുന്നതിനായി ഈ ഭൂമിയിൽ വന്നപ്പോൾ കാര്യങ്ങൾ ഒട്ടും അനുകൂലമല്ലായിരുന്നു.
നിർജീവം ബാധിച്ച മരുഭൂമിയുടെ നടുവിൽ നിന്നുകൊണ്ട് പ്രതികൂലമായ എല്ലാ സാഹചര്യങ്ങളോടും പടപൊരുതി തന്നെയാണ് ദൈവീക വ്യവസ്ഥ അനുസരിച്ചു കൊണ്ട് പിശാചിനെ യേശുകർത്താവ് തോല്പിച്ചത്.

മൂന്നര വർഷത്തെ തന്റെ പരസ്യ ശുശ്രൂഷ കാലയളവിൽ യേശു കടന്നു പോയ എല്ലാ വഴികളും പ്രതികൂലങ്ങളും, പ്രതിസന്ധികളും നിറഞ്ഞതായിരുന്നു. നിന്ദയും, പരിഹാസങ്ങളും, കുറ്റപ്പെടുത്തലുകളും, ഒറ്റപ്പെടുത്തലുകളും, ഉപദ്രവങ്ങളുമായിരുന്നു യേശു കർത്താവിനെ കാത്തിരുന്നത്. പക്ഷേ അതൊന്നും പിതാവിന് ഫലം കായ്ക്കുന്ന അനുഭവത്തിൽ നിന്നും പിന്നോട്ട് പോകുവാൻ യേശു കർത്താവ് ഒരു കാരണമായി കണ്ടില്ല. അവസാനം തന്നെ കുറിച്ചുള്ള പിതാവിന്റെ ഏറ്റവും വലിയ ആഗ്രഹം നിറവേറ്റുന്നതിന് വേണ്ടി
ഗത്സമന മുതൽ കാൽവറി വരെ താൻ അനുഭവിക്കേണ്ടി വന്ന കൊടിയ വേദന വർണ്ണനാതീതമായിരുന്നു.
മൂന്നര വർഷം കൂടെ നടന്ന യൂദാ തന്നെ ഒറ്റികൊടുക്കുവാൻ അടുത്തുവരുമ്പോഴും ഉള്ളം പിടയുന്ന വേദനയോടെ ന്യായപ്രമാണത്തിന്റ കല്പനകളെ പൂർണമായി അനുസരിച്ചുകൊണ്ട് ഇരു കൈകളും നീട്ടി സ്നേഹത്തോടെ അവനെ മാറോടു ചേർത്ത്, വഞ്ചനാപരമായ അവന്റെ ചുംബനത്തെ മടികൂടാതെ സ്വീകരിച്ചു.

കൂടെ നിൽക്കും എന്ന് പ്രഖ്യാപിച്ച ശിഷ്യഗണം ഭയന്ന് വിറച്ച് ഇരുളിൽ ഓടി മറഞ്ഞു.
അവസാനം ഏകനായി യേശു ന്യായാസനങ്ങളിലേക്ക്. അവിടെയും കാര്യങ്ങൾ ഒട്ടും വ്യത്യസ്തമായിരുന്നില്ല. ആ രാത്രിയിൽ യേശുവിനെ ക്രൂരമായി പീഡിപ്പിക്കുന്നതിൽ പടയാളികൾ ആനന്ദം കണ്ടെത്തി. താൻ ആർക്കുവേണ്ടി ശുശ്രൂഷ ചെയ്‌തോ അതേ ജനം തന്നെ വിളിച്ചു പറഞ്ഞു., യേശുവിനെ വേണ്ടാ ബറബ്ബാസിനെ മതി.

അങ്ങനെ ആർക്കും വേണ്ടാത്തവനായി ത്തീർന്ന യേശു ന്യായപ്രമാണത്തിന്റ വ്യവസ്ഥയെ പൂർണമായും അനുസരിച്ച് ന്യായപ്രമാണത്തിന്റ ശിക്ഷയിൽ നിന്നും ഒഴിവുള്ളവൻ ആയിരുന്നിട്ടും ന്യായപ്രമാണത്തെ അനുസരിക്കുവാൻ കഴിയാത്തതുകൊണ്ട് ശാപഗ്രസ്തനായി
മരത്തിൽ തൂക്കപ്പെടുവാൻ വിധിക്കപ്പെട്ടു. പിതാവിന്റെ ഇഷ്ട പ്രകാരം മരകുരിശുമായി കാൽവറിയിലേക്ക്.
വീണും എഴുന്നേറ്റും, വീണും എഴുന്നേറ്റും ഉള്ള യാത്ര മദ്ധ്യേ.
ദൈവ ഇഷ്ടം പൂർത്തീകരിക്കാനുള്ള സാഹചര്യമോ, ആരോഗ്യമോ യേശുവിന് ഉണ്ടായിരുന്നില്ല. അവസാനം പടയാളികൾ പച്ചമരത്തോട് ചേർത്ത് യേശുവിന്റെ കൈകാലുകൾ ചേർത്ത് ആണി അടിച്ചിറക്കുമ്പോഴും യേശു പിതാവിന്റെ ഇഷ്ടത്തിനാണു പ്രാധാന്യം നൽകിയിരുന്നത്. ആഴത്തിൽ കുഴിച്ച കുഴിയിലേക്ക് ക്രൂശിനോട് ചേർത്ത് യേശുവിന്റ ശരീരം പടയാളികൾ ഉയർത്തി നാട്ടിയപ്പോഴും, അസ്ഥികൾ തമ്മിലുള്ള ബന്ധം വിട്ട് വേദന അനുഭവിക്കുമ്പോഴും, യേശു പിതാവിന്റെ ഇഷ്ടം തിരിച്ചറിഞ്ഞു ഇപ്രകരം പ്രാർത്ഥിച്ചു…

“പിതാവേ ഇവർ ചെയ്യുന്നത് ഇന്നതെന്ന് അറിയായ്കയാൽ ഇവരോട് ക്ഷമിക്കേണമേ”

അവസാനം എല്ലാം പൂർത്തി ആയി എന്ന് പ്രഖ്യാപിച്ചു കൊണ്ട് പ്രാണനെ പിതാവിൽ ഏല്പിച്ചിട്ട് യേശു സ്വന്തം തോളിൽ തലചായിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ പിശാച് ഈ ലോകത്തിൽ എന്നന്നേക്കുമായി പരാജയം അംഗീകരിച്ചു കഴിഞ്ഞിരുന്നു.

അതെ പ്രിയരേ ദൈവീക ഇഷ്ടം തിരിച്ചറിഞ്ഞു നാം ജീവിക്കുമ്പോൾ നാം ദൈവത്തിനു ഫലം കായിക്കുന്നവരാകുക മാത്രമല്ല, പിശാച് നമുക്ക് മുമ്പിൽ എന്നും ഒരു പരാജിതൻ തന്നെ ആയിരിക്കും. ദൈവം നമ്മെ എല്ലാവരെയും സഹായിക്കട്ടെ.

ജീവൻ സെബാസ്റ്റ്യൻ

-ADVERTISEMENT-

You might also like