സ്വർഗ്ഗത്തിലെ മഹാനിയോഗവുമായി ഉത്തര ഭാരതത്തിന്റെ സുവിശേഷ രണാങ്കണത്തിൽ 50 വർഷങ്ങൾ പിന്നിടുന്ന ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ നോർത്തേൺ റീജിയൺ വർക്കിങ് പ്രസിഡന്‍റ് പാസ്റ്റര്‍. പി.എം ജോണുമായുള്ള അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങൾ
തയ്യാറാക്കിയത് : ക്രൈസ്തവ എഴുത്തുപുരക്ക് വേണ്ടി പാസ്റ്റർ സജോയ് വർഗീസ്,സ്റ്റാൻലി അടപ്പനാം കണ്ടത്തിൽ
കുടുംബ പശ്ചാത്തലത്തെ കുറിച്ചും രക്ഷിക്കപെട്ട അനുഭവത്തെ കുറിച്ചും വിശദമാക്കാമോ?
കേരളത്തില്‍ കൊല്ലം ജില്ലയില്‍ പത്തനാപുരം എന്ന സ്ഥലത്തു പാലമൂട്ടിൽ വടക്കേതിൽ, ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ശാലേം സഭയിലെ അംഗങ്ങളായിരുന്ന ശ്രീ.പി.മത്തായിയുടെയും കുഞ്ഞമ്മ മത്തായിയുടെയും അഞ്ചാമത്തെ മകനായി 1951 ഏപ്രില്‍മാസം പത്താം തീയതിയാണ് ജനിച്ചത്. ചെറുപ്രായം മുതല്‍ പെന്തക്കോസ്ത് അച്ചടക്കത്തിൽ വളരുവാനും, സണ്‍ഡേസ്കൂള്‍ പഠനത്തിലൂടെയും, പി.വൈ.പി.എ പ്രവര്‍ത്തനത്തിലൂടെയും വ്യക്തമായ ആത്മീയ കാഴ്ചപ്പാട് പ്രാപിക്കുവാനും ഇടയായി.
പന്ത്രണ്ടാമത്തെ വയസ്സില്‍ കര്‍ത്താവായ യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിച്ചു. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മാരകമായ ഒരു രോഗബാധ ഉണ്ടായി. എന്‍റെ മാതാപിതാക്കള്‍ ദൈവീക രോഗശാന്തിയിലുള്ള വിശ്വാസത്താൽ ജീവിതം നയിച്ചിരുന്നത് കൊണ്ട് ചികിത്സിക്കുവാന്‍ തയ്യാറായില്ല. രോഗം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയപ്പോള്‍ ഞങ്ങളുടെ സഭയിലെ വിശ്വാസികളായ പ്രായമായ മാതാപിതാക്കളും എന്‍റെ മാതാവും പിതാവും ശക്തമായി എനിക്കുവേണ്ടി ഉപവസിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. എന്നാല്‍ രോഗം വീണ്ടും മൂര്‍ച്ഛിച്ചു ഞാന്‍ മരണത്തോട് അടുത്തു. അങ്ങനെ മരണക്കിടക്കയില്‍ ആയിരിക്കുമ്പോള്‍ ഒരു ദൈവദാസനു എന്നെക്കുറിച്ച് ഒരു വെളിപ്പാട് ഉണ്ടായി. ആ വെളിപ്പാട് ഇതായിരുന്നു, “പത്തനാപുരം ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയിലെ ഒരു കുഞ്ഞ് മരണാസന്നനായി കിടക്കുന്നു, നീ അവന്‍റെ വീട്ടില്‍ ചെന്ന് അവനോടുള്ള എന്‍റെ ആലോചന അറിയിച്ചു അവനുവേണ്ടി പ്രാര്‍ത്ഥിക്കണം”. അങ്ങനെ അദ്ദേഹം അടുത്ത ദിവസം തന്നെ പത്തനാപുരത്ത് ഞങ്ങളുടെ കുടുംബത്തില്‍ വരികയും ദൈവത്തിന്‍റെ ആലോചന ശക്തമായി എന്നോട് അറിയിക്കുകയും ചെയ്തു. “നിന്‍റെ ഈ രോഗം മരണത്തിനായിട്ടല്ല, ഞാന്‍ നിന്നെ ഉത്തരേന്ത്യയില്‍ എന്‍റെ വേലക്കായി കണ്ടിരിക്കുന്നതുകൊണ്ട് നിന്നെത്തന്നെ സമര്‍പ്പിച്ച് ശുശ്രൂഷക്കായി പോകാം എന്ന് തീരുമാനിച്ചാല്‍ ദൈവം നിന്നെ സൌഖ്യമാക്കും”. അന്ന് ഞങ്ങളുടെ സാമ്പത്തീക സ്ഥിതി മോശമായിരുന്നതുകൊണ്ട് വിദ്യാഭാസാനന്തരം ഒരു ജോലി എന്ന ആഗ്രഹത്തിൽ മുന്‍പോട്ടു പോകുമ്പോഴാണ് ഈ സംഭവം ഉണ്ടാകുന്നത്. അന്നത്തെ ദൈവദാസന്മാരുടെ അനുഭവങ്ങളും, കഷ്ടതകളും, പട്ടിണിയും കണ്ടു വളര്‍ന്നതിനാൽ പെട്ടെന്ന് കര്‍ത്താവിന്‍റെ വേല എന്ന് കേട്ടപ്പോൾ അധികം താല്പര്യം കാണിച്ചില്ല. എന്നാല്‍ എന്‍റെ മാതാപിതാക്കള്‍ക്ക് എന്നെ കര്‍ത്താവിന്‍റെ വേലക്ക് അയക്കാന്‍ താല്പര്യമായിരുന്നു. ആത്മഭാരമുള്ള സ്വമേധയാ സുവിശേഷ പ്രവര്‍ത്തകനായിരുന്ന എന്‍റെ പിതാവും മാതാവും എന്നെ ദൈവസന്നിധിയില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു.
അതിനുശേഷം ആ ദൈവദാസന്‍ എനിക്ക് പറഞ്ഞുതന്ന വാചകങ്ങള്‍ ഞാന്‍ ഒരുവിട്ടു പ്രാര്‍ത്ഥിച്ചു. എന്‍റെ മാതാവില്‍നിന്ന് അല്പം വെളിച്ചെണ്ണ വാങ്ങി അത് എന്‍റെ ദേഹത്ത് പുരട്ടി അദ്ദേഹം എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. ദൈവം അത്ഭുതം ചെയ്തു, മരണകിടക്കയില്‍ ആയിരുന്ന ഞാന്‍ പൂര്‍ണ്ണസൗഖ്യം പ്രാപിച്ചു എഴുന്നേറ്റു. അതുവരെ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും കഴിയാതിരുന്ന ഞാന്‍ ഭക്ഷിച്ചു പാനം ചെയ്തു. അതില്‍പിന്നെ ഇന്നുവരെ ആ രോഗം എന്നെ ബാധിച്ചിട്ടില്ല. രോഗം സൗഖ്യമായപ്പോള്‍ ഇനി ദൈവം തരുന്ന മുഴുവൻ ആയുസ്സും ആരോഗ്യവും കര്‍ത്താവിന്‍റെ വേലക്കായി ഞാന്‍ ഉത്തരേന്ത്യയില്‍ വിനിയോഗിക്കുമെന്നു ഒരു നിർണ്ണയം ഞാൻ എടുത്തു.
സ്നാനം, സുവിശേഷ വേലക്കുള്ള വിളി, ഉത്തരേന്ത്യയിലേക്കുള്ള യാത്ര ഇവയെക്കുറിച്ച് വിശദമാക്കാമോ?
പന്ത്രണ്ടാമത്തെ വയസ്സില്‍ രക്ഷിക്കപ്പെട്ടെങ്കിലും സ്കൂളില്‍ പഠിക്കുന്ന കാലമായതുകൊണ്ട് സ്നാനപ്പെടുവാന്‍ അല്പം താമസിച്ചുപോയി. അത് എന്‍റെ ഉപേക്ഷക്കുറവ് അല്ലായിരുന്നു. കുടുംബത്തിന്‍റെ സാമ്പത്തിക നില മോശമായിരുന്നതിനാല്‍ സ്നാനപ്പെട്ടു കഴിഞ്ഞാല്‍ മാറി ധരിക്കുവാനായി വസ്ത്രം വാങ്ങുവാനുള്ള സാഹചര്യം ഇല്ലാതിരുന്നതുകൊണ്ടാണ്. എനിക്ക് രണ്ടു ജോഡി വസ്ത്രം ലഭിച്ച സമയത്ത് ഞാന്‍ കര്‍ത്താവിനെ ജലത്തില്‍ സാക്ഷീകരിച്ചു. എന്നെ സ്നാനപ്പെടുത്തിയത് ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ പത്തനാപുരം സെന്‍റെര്‍ ശുശ്രൂഷകനായിരുന്ന, ഐ.പി.സിയുടെ ഇപ്പോഴത്തെ ജനറല്‍സെക്രട്ടറി പാസ്റ്റർ സാം ജോര്‍ജ്ജിന്‍റെ പിതാവുമായ പാസ്റ്റര്‍ ഇ.സി.ജോർജ്ജ് അവറുകള്‍ ആയിരുന്നു. കൊട്ടാരക്കരയില്‍ നടന്ന മേഖലാ കണ്‍വന്‍ഷനില്‍ വെച്ചാണ് സ്നാനപ്പെട്ടത്.
എന്‍റെ സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം 1970ല്‍ കോട്ടയത്ത് പാ.പി.എം.ഫിലിപ്പിന്‍റെ ചുമതലയിലുള്ള ശാലേം ബൈബിള്‍ സ്കൂളില്‍ പോയി ദൈവവചനം അഭ്യസിച്ചു. ഇന്നു കര്‍ത്താവില്‍ വിശ്രമിക്കുന്ന പാസ്റ്റർമാരായ ടി.ജി.ഉമ്മന്‍, പി.എം.ഫിലിപ്പ്, വി.ടി.ജോസഫ്, കെ.സി.ചെറിയാൻ തുടങ്ങിയ ദൈവദാസന്മാര്‍ എന്‍റെ ഗുരുക്കന്മാരാണ്. ദൈവവചനം പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ കര്‍ത്താവിന്‍റെ വേലയില്‍ വിവിധ നിലകളില്‍ ഞാന്‍ വ്യാപൃതനാകുകയും അനേകരെ കര്‍ത്താവിങ്കലേക്കു ആകര്‍ഷിക്കുകയും ചെയ്തു. 1971ല്‍ വേദപഠനം പൂര്‍ത്തിയാക്കിയ സമയം, അന്ന് ഐ.പി.സി.നോര്‍ത്തേണ്‍ റീജിയന്‍റെ കണ്‍വന്‍ഷന്‍ ഡല്‍ഹിയില്‍ നടക്കുകയായിരുന്നു. പാസ്റ്റര്‍. ടി.ജി.ഉമ്മന്‍ ആയിരുന്നു ആ യോഗത്തിലെ മുഖ്യ പ്രസംഗകന്‍. ഉത്തരേന്ത്യക്കുള്ള എന്‍റെ വിളിയും സമര്‍പ്പണവും താല്പര്യവും എല്ലാം മനസ്സിലാക്കി ബഹുമാനപ്പെട്ട ദൈവദാസന്‍ ഡല്‍ഹിയില്‍ കണ്‍വന്‍ഷന് പോകുമ്പോള്‍ എന്നോട് പറഞ്ഞു, “നീ ഉത്തരേന്ത്യയിലേക്കാണല്ലോ കര്‍ത്താവിന്‍റെ വേലക്കായി സമര്‍പ്പിച്ചിരിക്കുന്നത്, ഞാന്‍ ഡല്‍ഹിക്ക് പോകുമ്പോള്‍ നീ എന്‍റെ കൂടെ വന്നാല്‍ നിന്നെ ഐ.പി.സി.നോര്‍ത്തേണ്‍ റീജിയന്‍റെ സെക്രട്ടറി ആയിരിക്കുന്ന പാ.കെ.ടി.തോമസ്സിന്‍റെ അടുക്കല്‍ കൊണ്ടുപോയി ആക്കി തുടര്‍ന്ന് അവിടെ കര്‍ത്താവിന്‍റെ വേല ചെയ്യാം”. അങ്ങനെ 1971 ഒക്ടോബര്‍ മാസം അഞ്ചാം തീയതി പ്രിയപ്പെട്ട അപ്പച്ചന്‍റെ കൂടെ നാട്ടില്‍നിന്നും യാത്ര തിരിച്ച് ഡല്‍ഹിയില്‍ എത്തി കണ്‍വന്‍ഷനില്‍ സംബന്ധിച്ചു. അതിനുശേഷം ഉമ്മച്ചൻ അപ്പച്ചന്‍ എന്നെ പാസ്റ്റർ കെ.ടി.തോമസിന്‍റെ അടുക്കല്‍ നിര്‍ത്തിയിട്ട് നാട്ടിലേക്ക് മടങ്ങി പോകുകയും ചെയ്തു. അന്നുമുതല്‍ നോര്‍ത്തേണ്‍ റീജിയനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ട് നാളിതുവരെ മുന്‍പോട്ടു പോകുന്നു.
ഉത്തരേന്ത്യ എന്ന് കേട്ടിട്ടുള്ളതല്ലാതെ അവിടുത്തെ ഭാഷയോ, സംസ്കാരമോ ഒന്നും എനിക്ക് അറിയില്ലായിരുന്നു. അങ്ങനെ ദൈവവിളി അനുസരിച്ച് ഉത്തരേന്ത്യയിലെ വേലക്കായി ഞാന്‍ എത്തിച്ചേര്‍ന്നു.
ബൈബിള്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എനുക്കുണ്ടായിരുന്ന രണ്ടു ജോഡി വസ്ത്രവും, ബൈബിളും ഒരു ചെറിയ ബാഗിലാക്കി ഞാന്‍ ഉത്തരേന്ത്യയിലേക്ക് യാത്രതിരിക്കുമ്പോള്‍ കാലില്‍ ഒരു സ്ലിപ്പര്‍ പോലും ഇല്ലായിരുന്നു. അങ്ങനെ നഗ്നപാദനായി ദീര്‍ഘ മൈലുകള്‍ പല സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് ഞാന്‍ ഡല്‍ഹിയില്‍ എത്തിചേരുകയും ചില നാളുകള്‍ കെ.ടി.തോമാച്ചനോടുകൂടെ താമസിക്കുകയും ചെയ്തു. 1971 അവസാനം, കൊടുംതണുപ്പ് സമയത്ത് അദ്ദേഹം എന്നെ കാൺപൂർ സഭയുടെ ശുശ്രൂഷകനായിട്ടു അയച്ചു. അന്ന് എനിക്ക് ധരിക്കുവാന്‍ ഒരു വള്ളിചെരുപ്പ് പോലും ഇല്ലായിരുന്നതുകൊണ്ടും, അതിശൈത്യമായതിനാലും പാസ്റ്റര്‍.കെ.ടി തോമസ് നല്‍കിയ ഒരു പഴയ ഷൂവാണ് ഞാന്‍ കാണ്‍പൂരില്‍ പോകുമ്പോള്‍ ഉപയോഗിച്ചിരുന്നത്. അന്ന് ചുരുക്കം സഭകളെ ഐ.പി.സി നോര്‍ത്തേണ്‍ റീജിയനു ഉണ്ടായിരുന്നുള്ളൂ അതിൽ ഭൂരിഭാഗവും മലയാളം സഭകള്‍ ആയിരുന്നു. അന്നുമുതല്‍ നാളിതുവരെ പല സ്ഥലങ്ങളില്‍ മാറിമാറി താമസിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തുവരുന്നു.
ഉത്തരേന്ത്യയുടെ അപ്പോസ്തലനായിരുന്ന പാസ്റ്റര്‍ കെ.ടി.തോമസിനോട് കൂടെയുള്ള ശുശ്രൂഷ താങ്കളെ എങ്ങനെ സ്വാധീനിച്ചു?
പാസ്റ്റര്‍. കെ.ടി തോമസിനെ ആദ്യമായി കാണുന്നത് കൊട്ടാരക്കര മേഖലാ കണ്‍വന്‍ഷനില്‍ വിശുദ്ധ സഭായോഗത്തിൽ പ്രസംഗിക്കുമ്പോള്‍ ആണ്. അന്നത്തെ അദ്ദേഹത്തിന്‍റെ പ്രസംഗവും ഉത്തരേന്ത്യയെ കുറിച്ചുള്ള വിവരണവും വസ്ത്രധാരണ ശൈലിയും എന്നെ വളരെ ആകർഷിച്ചു. പിന്നീടു ഉത്തരേന്ത്യയില്‍ വന്നതിനു ശേഷം അദ്ദേഹത്തിന്‍റെ കൂടെ തന്‍റെ ഭവനത്തില്‍ പാര്‍ക്കുവാന്‍ ഇടയായി. കര്‍ത്താവിന്‍റെ വേലയോടുള്ള അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടും, ഉത്സാഹവും, ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സുവിശേഷം എത്തിക്കുവാനുള്ള അദ്ദേഹത്തിന്‍റെ പരിശ്രമവും എന്നെ ആകര്‍ഷിച്ച വസ്തുതകളാണ്. ആ ഭവനത്തില്‍ താമസിക്കുമ്പോള്‍ ഒരു മകനെപ്പോലെ എന്നെ സ്നേഹിക്കുകയും കരുതുകയും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്ത പ്രീയ കൊച്ചമ്മയെ നന്ദിയോടെ സ്മരിക്കുന്നു. പ്രിയ കൊച്ചമ്മയുടെ ജീവിതവും ശുശ്രൂഷയും അനേകം സഹോദരിമാർ മനസ്സിലാക്കി പിന്തുടരേണ്ട കാര്യങ്ങളാണ്.
ഉത്തരേന്ത്യയില്‍ നിന്നും മടങ്ങി പോകണമെന്ന് എന്നെങ്കിലും അങ്ങേക്ക് തോന്നിയിട്ടുണ്ടോ?
ഇല്ല ഒരിക്കലുമില്ല. ഉത്തരഭാരതത്തിലെ സുവിശേഷവേലക്കായി പൂര്‍ണ്ണമായി സമര്‍പ്പിച്ച വ്യക്തിയായിരുന്നു ഞാന്‍. എന്നാല്‍ അവിടത്തെ കാലാവസ്ഥയുടെ പ്രയാസങ്ങളും സാമ്പത്തീക ബുദ്ധിമുട്ടുകളും മറ്റുമായി മുന്നേറുമ്പോള്‍ എന്‍റെ ആത്മീക ഗുരുവും എന്നെ ഏറെ സ്നേഹിക്കുകയും ചെയ്തിരുന്ന പാസ്റ്റര്‍. ടി. ജി.ഉമ്മന്‍ കേരളത്തിലേക്ക് മടങ്ങിവന്ന് ശുശ്രൂഷയില്‍ തുടരുവാന്‍ ആവശ്യപ്പെടുകയും അവിടുത്തെ തന്‍റെ സ്വാധീനം അതിന് അനുഗ്രഹമായിരിക്കും എന്ന് പറയുകയും ചെയ്തു. എന്‍റെ ഭാര്യക്ക് അതിനോട് ആദ്യം താല്പര്യം തോന്നി എങ്കിലും ദൈവഹിതം ഇല്ലാതെ പോകുകയില്ല എന്ന തീരുമാനത്തോടെ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. അപ്പോള്‍ ഉത്തരേന്ത്യയില്‍ തന്നെ ശുശ്രൂഷയില്‍ തുടരുവാനുള്ള പ്രേരണ ദൈവം നല്‍കുകയും ദൈവഹിതത്തിന് അനുസരിച്ച് ഇവിടെ തുടരുകയും ചെയ്തു. ഇതുവരെ ഞാന്‍ വഹിച്ചിട്ടുള്ള പദവികള്‍ ലഭിക്കും എന്ന കാഴ്ച്ചപ്പാടില്‍ അല്ല ആ തീരുമാനം കൈകൊണ്ടത്. പ്രതികൂലങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്, വേല നിര്‍ത്തി മടങ്ങി പോകാം എന്ന് തോന്നിപ്പിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്, എന്നാല്‍ അതിനൊന്നും ദൈവം ഇടയാക്കിയില്ല.
വിവാഹം, കുടുംബം, മക്കള്‍ അതേപ്പറ്റി ഒന്ന് വിവരിക്കാമോ ?
ഉത്തരേന്ത്യയില്‍ ആയിരുന്നത് കൊണ്ട് കൂടെകൂടെ നാട്ടില്‍ പോകുവാനുള്ള സാഹചര്യം ഇല്ലായിരുന്നു. 1981ല്‍ നാട്ടില്‍ പോയപ്പോള്‍ പുനലൂരിനു അടുത്ത് കരവാളൂര്‍ എന്ന സ്ഥലത്തുള്ള മണലിൽ കിഴക്കേകരയിൽ തോമാച്ചന്‍റെ മകൾ കുഞ്ഞമ്മയുമായുള്ള വിവാഹാലോചന വരികയും അത് ഉറപ്പിക്കുകയും 1981 ഫെബ്രുവരി 26-ാം തീയതി വിവാഹിതനാകുകയും ചെയ്തു. യാക്കോബായ പശ്ചാത്തലം ഉള്ള കുടുംബത്തില്‍ നിന്നും ആദ്യം വിശ്വാസത്തില്‍ വന്ന വ്യക്തി ആയിരുന്നു എന്‍റെ സഹധര്‍മ്മിണി. ഞങ്ങളുടെ കുടുംബ ജീവിതത്തില്‍ ദൈവം ആദ്യം നൽകി തന്ന കുഞ്ഞ് ജനന സമയത്ത് തന്നെ മരണപ്പെട്ടു. പിന്നീട് രണ്ടു പെണ്‍മക്കളെ കൂടി നല്‍കി അനുഗ്രഹിച്ചു. മൂത്തമകള്‍ ബ്ലെസ്സിയും ഭര്‍ത്താവ് കുര്യന്‍ ക്ലീറ്റസും രണ്ടാമത്തെ മകള്‍ ബിന്‍സിയും ഭര്‍ത്താവ് ബിപിന്‍ തോമസും ഇപ്പോള്‍ കുടുംബമായി യു.എ.ഇ യില്‍ ആയിരിക്കുന്നു. ദൈവം നാല് കൊച്ചുമക്കളേയും നല്‍കി അനുഗ്രഹിച്ചു.
ഉത്തരേന്ത്യയില്‍ ആയതിനാല്‍ സാമ്പത്തീക പരിമിതികള്‍ ധാരാളം ഉണ്ടായിരുന്നത് കൊണ്ട് കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ സമയത്ത് ദൈവം അത്ഭുതകരമായി പ്രവര്‍ത്തിച്ച അനവധി അനുഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ഞങ്ങള്‍ ആശ്രം സഭയില്‍ ആയിരിക്കുമ്പോള്‍ നഴ്സിംഗിനു പഠിക്കുന്ന എന്‍റെ ഇളയ മകളുടെ ഫീസ് കൊടുക്കുവാന്‍ നിവൃത്തിയില്ലാതെ പഠനം മുടങ്ങി പോകും എന്ന് തോന്നിയ ഒരു സന്ദര്‍ഭം ഉണ്ടായി. അപ്പോള്‍ ഞാന്‍ മുഴങ്കാലില്‍ ഇരുന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അല്‍പസമയം കഴിഞ്ഞപ്പോള്‍ ഒരു സഹോദരന്‍ എന്‍റെ അടുക്കല്‍ വരികയും മകളുടെ ഫീസ് കൊടുക്കണം എന്ന് പറഞ്ഞു ഒരു കവര്‍ എന്നെ ഏല്പിക്കുകയും ചെയ്തു. മകളുടെ ഫീസ് കൊടുക്കുവാനുള്ള തുക കൃത്യമായി അതില്‍ ഉണ്ടായിരുന്നു. എന്‍റെ കണ്ണുനീര്‍ കണ്ടു ദൈവം ആ സഹോദരനെ അപ്പോള്‍ അവിടേക്ക് അയച്ചതായിരുന്നു. ഇന്ന് അമേരിക്കയില്‍ ആയിരിക്കുന്ന ആ സഹോദരനെ നന്ദിയോടെ ഞാന്‍ സ്മരിക്കുന്നു.
ഉത്തരേന്ത്യയിലെ അങ്ങയുടെ ശുശ്രൂഷയില്‍ മറക്കാനാവാത്ത ചില അനുഭവങ്ങള്‍ പങ്കുവെക്കാമോ?
വിസ്മരണീയമായ ധാരാളം അനുഭവങ്ങള്‍ ഉത്തരേന്ത്യ എനിക്ക് സമ്മാനിച്ചിട്ടുണ്ട്. അനേകം സന്ദര്‍ഭങ്ങളില്‍ കഷ്ടതയുടെ തീച്ചൂളയിലൂടെ കടന്നുപോയിട്ടുണ്ട്, ദിവസങ്ങളോളം പട്ടിണി കിടന്നിട്ടുണ്ട്, ഞങ്ങള്‍ക്ക് ആവശ്യത്തിനുള്ള വസ്ത്രം വാങ്ങിക്കുവാന്‍ കഴിയാതെ പ്രയാസപ്പെട്ടിട്ടുണ്ട്, കുഞ്ഞുങ്ങള്‍ക്ക് പാല് വാങ്ങികൊടുക്കുവാന്‍ പോലും നിര്‍വാഹമില്ലാതെ പലപ്പോഴും ബുദ്ധിമുട്ടിയിട്ടുണ്ട്. എന്നാല്‍ ഈ സാഹചര്യങ്ങളില്‍ എല്ലാം ദൈവം ഉറപ്പിച്ച് നിര്‍ത്തി. 2009ല്‍ എനിക്ക് ഹൃദയ സംബന്ധമായ രോഗം ഉണ്ടാവുകയും, രക്ഷപ്പെടുകയില്ല എന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുകയും, മരണത്തിന്‍റെ വക്കോളം ആയിത്തീരുകയും ചെയ്തു. അന്ന് എന്‍റെ മക്കള്‍ രണ്ടുപേരും ഡല്‍ഹിയിലെ പ്രശസ്തമായ രണ്ട് ആശുപത്രികളില്‍ നേഴ്സുമാരായി ജോലി ചെയ്യുകയായിരുന്നു. ഒരുദിവസം രാവിലെ ഞാന്‍ പതിവുപോലെ നടക്കുവാനായി പോയപ്പോള്‍ പെട്ടെന്ന് എനിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും ഈ ലോകത്ത് നിന്ന് മാറ്റപ്പെടും എന്ന് എനിക്ക് തോന്നുകയും ചെയ്തു. ഓരോ നിമിഷവും എനിക്ക് അസ്വസ്ഥത കൂടികൂടി വരികയും ചില സഹോദരങ്ങളുടെ സഹായത്തോടെ അടുത്തുള്ള ആശുപത്രിയില്‍ എത്തുകയും ചെയ്തു. പരിശോധിച്ച ഡോക്ടര്‍ പറഞ്ഞത് ഹൃദയ സ്തംഭനം ഉണ്ടായിയെന്നും എത്രയും പെട്ടെന്ന് കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയില്‍ എത്തിക്കുക എന്നുമാണ്. അപ്രകാരം ഗംഗാറാം ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അവിടെ എന്‍റെ ഇളയ മകള്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ജീവനോടെ എങ്ങനെ അവിടെ എത്തിയെന്നു എന്നെ പരിശോധിച്ച ഡോക്ടര്‍ അത്ഭുതം കൂറി. എന്‍റെ ഹൃദയത്തില്‍ മൂന്ന് ബ്ലോക്ക് ഉണ്ടായിരുന്നതിനാലും സ്ഥിതി മോശമായിരുന്നതിനാലും ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജ്ജറി നടത്തണമെന്ന് അവര്‍ നിര്‍ദ്ദേശിക്കുകയും ഞാന്‍ അറിയാതെ അവര്‍ അതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ അന്ന് രാത്രി ഞാന്‍ എന്‍റെ കിടക്കയില്‍ കിടന്നുകൊണ്ട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു, “ദൈവമേ എനിക്ക് ഒരു ശുശ്രൂഷ മുന്‍പില്‍ ഉണ്ടെങ്കില്‍ എന്‍റെ ദേഹത്ത് ഒരു കത്തി വെക്കുവാന്‍ അങ്ങ് അനുവദിക്കരുത്, അല്ല എന്‍റെ ശുശ്രൂഷ തീര്‍ന്നെങ്കില്‍ അങ്ങയുടെ അടുക്കല്‍ വരുവാന്‍ ഞാന്‍ തയ്യാറാണ്”. അപ്പോള്‍ ദൈവാത്മാവ് യെശയ്യാ 43:1 മുതല്‍ താഴോട്ടുള്ള വാക്യത്തില്‍ കൂടെ എന്നോട് സംസാരിക്കുവാന്‍ തുടങ്ങി, “നീ തീയില്‍ കൂടി നടന്നാല്‍ വെന്തുപോകയില്ല, വെള്ളത്തില്‍ കൂടെ നടന്നാല്‍ നദി നിന്നെ മുക്കി കളയുകയില്ല” ഈ ദൈവശബ്ദം എന്നെ ധൈര്യപ്പെടുത്തി. വീണ്ടും ദൈവം എന്നോട് സംസാരിച്ചത്, ഹിസ്കിയാവിനോട് പറഞ്ഞത് പോലെ “നീ വീണ്ടും യഹോവയുടെ ആലയത്തില്‍ പോകും”. ദൈവം എന്നെ സൌഖ്യമാക്കി എന്ന് അപ്പോള്‍ എനിക്ക് പൂര്‍ണ്ണമായി ബോദ്ധ്യപ്പെട്ടു. അടുത്ത ദിവസം ശസ്ത്രക്രീയക്ക് മുന്‍പ് ഒരു പരിശോധന കൂടി അവര്‍ നടത്തി, പിന്നീടു ചിലസമയം കഴിഞ്ഞപ്പോള്‍ ഒരു നേഴ്സ് എന്‍റെ അടുക്കല്‍ വന്നിട്ട് പറഞ്ഞു, “താങ്കള്‍ക്കു ശസ്ത്രക്രിയയുടെ ആവശ്യമില്ല ഇന്നു ഡിസ്ചാര്‍ജ് ചെയ്യുകയാണ്”. ദൈവത്തിനു മഹത്വം. അനേകം ദൈവമക്കളും ദൈവദാസന്മാരും എന്‍റെ രോഗവിവരം അറിഞ്ഞപ്പോള്‍ മുതല്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇരുന്നുകൊണ്ട് എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഇതുപോലെ ധാരാളം മറക്കാന്‍ കഴിയാത്ത അനുഭവങ്ങള്‍ ദൈവം എന്‍റെ ജീവിതത്തില്‍ നല്‍കിയിട്ടുണ്ട്.
അങ്ങയുടെ ഭാര്യയുടെ വേര്‍പാട്?
നീണ്ട മുപ്പത്തിയഞ്ച് വര്‍ഷത്തെ കുടുംബജീവിതത്തിനു ശേഷമാണ് പ്രാര്‍ത്ഥനാ വനിതയായിരുന്ന എന്‍റെ ഭാര്യ കര്‍ത്തൃസന്നിധിയിൽ ചേര്‍ക്കപ്പെടുന്നത്. തന്‍റെ ശക്തമായ പ്രാര്‍ത്ഥനയും വചന ജ്ഞാനവും എന്‍റെ ശുശ്രൂഷക്ക് വളരെ മുതല്‍കൂട്ടായിരുന്നു. സുവിശേഷ വേലയില്‍ ഞാന്‍ അനുഭവിച്ച കഷ്ടങ്ങളിലും, ഞെരുക്കങ്ങളിലും അവളും സന്തോഷത്തോടെ ഭാഗവാക്കായി. ഉത്തരേന്ത്യയില്‍ വന്നതിനുശേഷം എന്‍റെ ഭാര്യ ഒരു ആസ്തമ രോഗിയായി തീരുകയും ദീര്‍ഘ നാളുകള്‍ അതിന്‍റെ ബുദ്ധിമുട്ടുകള്‍ ശരീരത്തില്‍ അനുഭവിക്കുകയും ഒടുവിലായി തന്‍റെ ശ്വാസകോശം ചുരുങ്ങി പ്രവര്‍ത്തന രഹിതമായി തീരുകയും ചെയ്തു. പലപ്പോഴും തന്‍റെ രോഗം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുകയും മരണാസന്നയായി തീരുകയും ചെയ്തെങ്കിലും കര്‍ത്താവ് തന്നെ അത്ഭുതകരമായി ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നു. പിന്നീട് ദൈവം ഞങ്ങളെ കുടുംബമായി വിദേശത്തു ഞങ്ങളുടെ കുഞ്ഞുങ്ങളുടെ അടുക്കല്‍ അയക്കുകയും പല മാസങ്ങള്‍ അവിടെ താമസിക്കുകയും യു.എ.ഇ യുടെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച് ശുശ്രൂഷകള്‍ നിവര്‍ത്തിക്കുകയും ചെയ്തു. അവിടെ വെച്ചും ഭാര്യയുടെ രോഗം മൂര്‍ച്ഛിക്കുകയും മരണത്തോട് അടുക്കുകയും ചെയ്തു. എങ്കിലും അനേക ദൈവമക്കളുടെ പ്രാര്‍ത്ഥനാ ഫലമായി ദൈവം വിടുതല്‍ നല്‍കി. അതിനുശേഷം 2016ല്‍ വീണ്ടും തന്‍റെ രോഗം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുകയും അബോധാവസ്ഥയില്‍ ആകുകയും ചെയ്തു. പെട്ടെന്ന് ഞങ്ങള്‍ അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാല്‍ വഴിമധ്യത്തില്‍ വാഹനത്തില്‍ വെച്ച് തന്നെ, 2016 മെയ് മാസം പത്താം തീയതി ഭാര്യയുടെ മരണം സംഭവിച്ചു. അത് എനിക്ക് സഹിക്കുവാന്‍ കഴിയാത്ത, എന്നെ പിടിച്ചു കുലുക്കിയ ഒരു സംഭവം ആയിരുന്നു എങ്കിലും അനേകരുടെ പ്രാര്‍ത്ഥനകളും സഹകരണങ്ങളും എനിക്ക് ധൈര്യം തരുകയും കര്‍ത്താവ് എന്നെ ശക്തീകരിച്ചു നിര്‍ത്തുകയും ചെയ്തു.
ഭാര്യയുടെ മരണശേഷം മക്കളുടെ നിര്‍ബന്ധം മൂലം ചിലമാസങ്ങള്‍ ഞാന്‍ അവരോടുകൂടെ വിദേശത്ത് ആയിരുന്നു എന്നാല്‍ എന്നെ സംബന്ധിച്ച് ഉത്തരേന്ത്യയിലെ ശുശ്രൂഷ വളരെ പ്രാധാന്യമായത് കൊണ്ട് ഞാന്‍ തിരികെ വന്ന് ഏകനായി ഡല്‍ഹിയില്‍ താമസിക്കുന്നു. ഒറ്റപ്പെടലിന്‍റെ ബുദ്ധിമുട്ടുകള്‍ പല നിലകളില്‍ ഉണ്ടെങ്കിലും അതൊന്നും ശുശ്രൂഷക്ക് ഒരു തടസ്സമായി ഞാന്‍ കാണാറില്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഉള്ള നമ്മുടെ സഭകള്‍ സന്ദര്‍ശിക്കുകയും, ശുശ്രൂഷകള്‍ നിര്‍വഹിക്കുകയും ചെയ്യുന്നതില്‍ എന്നാലാവോളം ഞാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഒറ്റക്കാണെങ്കിലും അവസാന ശ്വാസം വരെ കര്‍ത്താവിന്‍റെ വേലയില്‍ വിശ്വസ്തതയോടെ ഉറച്ചു നില്‍ക്കണം എന്നതാണ് എന്‍റെ പ്രാര്‍ത്ഥനയും ആഗ്രഹവും.
ഈ അമ്പതു വര്‍ഷത്തില്‍ ദൈവദാസന്‍ ശുശ്രൂഷിച്ച സഭകള്‍, നേതൃത്വത്തില്‍ ദൈവം ഏല്‍പിച്ച ഉത്തരവാദിത്വങ്ങള്‍ എന്നിവയെ കുറിച്ച് വിശദമാക്കാമോ?
1970ലാണ് ശുശ്രൂഷക്ക് ഇറങ്ങുന്നത്. ആദ്യം കുറച്ചുകാലം കേരളത്തില്‍ പുനലൂര്‍, തൊടുപുഴ, തിരുവല്ല ഭാഗങ്ങളില്‍ കര്‍ത്താവിന്‍റെ വേല ചെയ്തു. 1971ല്‍ ഞാന്‍ ഉത്തരേന്ത്യയില്‍ വരികയും ആദ്യമായി കാണ്‍പൂര്‍ സഭയുടെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് ഡല്‍ഹിയില്‍ മടങ്ങിവന്നു ഗാസിയാബാദ് സഭയുടെ ശുശ്രൂഷ ഏറ്റെടുത്തു. ആ സമയത്ത് യു.പി യിലെ മോഡി നഗര്‍ എന്ന സ്ഥലത്ത് ഒരു പുതിയ പ്രവര്‍ത്തനം ആരംഭിച്ചു. അവിടെ ഒരു കൂടിവരവ് ആരംഭിക്കുകയും പ്രവര്‍ത്തനങ്ങള്‍ വളരുകയും ചെയ്തു. അങ്ങനെയിരിക്കുമ്പോള്‍ തോമാച്ചായന്‍റെ ആവശ്യപ്രകാരം ഞാന്‍ ഗ്രീന്‍ പാര്‍ക്ക് സഭയുടെ അസ്സോസിയേറ്റ് പാസ്റ്റര്‍ ആയി ചുമതലയേറ്റു. പിന്നീട് ഗുജറാത്തിലെ രാംനഗര്‍, ഡല്‍ഹിയില്‍ ഗ്രീന്‍ പാര്‍ക്ക്, രാജാഗാര്‍ഡന്‍, ബോംബെയില്‍ ദാദര്‍ തുടങ്ങിയ സഭകളില്‍ ശുശ്രൂഷിക്കുവാനും ഇടയായി. ഞാന്‍ ആദ്യമായി സ്നാനപ്പെടുത്തിയ വ്യക്തി ഇന്നൊരു പാസ്റ്റര്‍ ആണ്, അതുപോലെ ഞാന്‍ സ്നാനപ്പെടുത്തിയവർ കര്‍ത്താവിന്‍റെ വേലയില്‍ ഇന്ന് പ്രയോജനപ്പെടുന്നുണ്ട്. ഇപ്പോള്‍ ഇംഗ്ലണ്ടില്‍ ലീഡ്സില്‍ താമസിച്ച് ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ ശുശ്രൂഷകനായിരിക്കുന്ന പാസ്റ്റര്‍. പി.സി.സേവ്യര്‍ എന്‍റെ കൈകീഴില്‍ ബോംബയില്‍വെച്ച് സ്നാനപ്പെട്ട വ്യക്തിയാണ്. ബോംബെയില്‍ നിന്ന് ഞാന്‍ ഭോപാലില്‍ വന്ന് അവിടുള്ള സഭയുടെ ചുമതല ഏറ്റെടുത്തു. പിന്നീട് ഒഡീഷയുടെ സെന്‍റെര്‍ പാസ്റ്റര്‍ ആയി എന്നെ നിയമിച്ചതിനാല്‍ അവിടെ പോയി ഒഡീഷയുടെ വിവിധ ഭാഗങ്ങളില്‍ താമസിച്ച് ശുശ്രൂഷ ചെയ്യുവാന്‍ ദൈവം എനിക്ക് കൃപ നല്‍കി. ഈ കാലയളവുകളില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളും, യു.കെ, അയര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളും ശുശ്രൂഷയോടുള്ള ബന്ധത്തില്‍ സന്ദര്‍ശിക്കുവാനുള്ള അവസരം ദൈവം ഒരുക്കി തന്നു.
റീജിയന്‍റെ കൂടുതൽ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് നിര്‍വ്വഹിക്കുന്നതിനും, ഡല്‍ഹിയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തേണ്ടതിനും ഞാന്‍ ഡല്‍ഹിക്ക് മടങ്ങി വരണമെന്ന് 2001ല്‍ തോമച്ചായൻ ( പാസ്റ്റർ കെ.റ്റി.തോമസ്) എന്നെ നിര്‍ബന്ധിച്ചു. എനിക്ക് അതിനോട് പൂര്‍ണ്ണ താല്പര്യം ഇല്ലായിരുന്നുവെങ്കിലും അദ്ദേഹത്തിന്‍റെയും മറ്റു ദൈവദാസന്മാരുടെയും നിർബന്ധപ്രകാരം ഞാന്‍ ഡല്‍ഹിക്ക് മടങ്ങിവരികയും ആശ്രം, ഗോള്‍ മാര്‍കെറ്റ് തുടങ്ങിയ സഭകളുടെ ശുശ്രൂഷ ചെയ്തു. അന്നുമുതൽ ഡല്‍ഹിയില്‍ താമസിച്ചുകൊണ്ട് റീജിയന്‍റെ വിവിധ തലങ്ങളിലുള്ള ഉത്തരവാദിത്വം വഹിക്കുകയും സഭയുടെ എല്ലാ പ്രവർത്തനങ്ങളിലും ഏറെ ശ്രദ്ധ ചെലുത്തുകയും ചെയ്തു പോരുന്നു. എന്‍റെ ആപ്തവാക്യം പൗലോസ് പറഞ്ഞതുപോലെ “ഞാന്‍ സ്വര്‍ഗ്ഗീയ ദര്‍ശനത്തിനു അനുസരണക്കേട് കാണിക്കുകയില്ല” എന്നുള്ളതാണ്. ദൈവം തന്ന ദര്‍ശനപ്രകാരമാണ് ഞാന്‍ മുന്‍പോട്ടു പോകുന്നത്. ബെസലെലിനെയും ഓഹോലിയാബിനേയും ദൈവം ജ്ഞാനാത്മാവില്‍ നിറച്ചതുപോലെ, ദാവീദ് തന്‍റെ തലമുറയില്‍ യഹോവയുടെ ആലോചനക്കു ശുശ്രൂഷ ചെയ്തത് പോലെ എന്നേയും ഉപയോഗിക്കണം എന്നതാണ് എന്‍റെ പ്രാര്‍ത്ഥന. പണത്തിന്‍റെയും പദവികളുടെയും പുറകെ ഞാന്‍ ഇന്നുവരെ പോയിട്ടില്ല എന്നാല്‍ ദൈവം എന്നെ വിശ്വസ്തന്‍ എന്ന് എണ്ണി റീജിയന്‍റെ വിവിധ ഉത്തരവാദിത്വങ്ങള്‍ എന്നില്‍ ഭരമേല്‍പ്പിച്ചു. സോണല്‍ പ്രസിഡന്‍റ്, റീജിയന്‍ വൈസ് പ്രസിഡന്‍റ് എന്നീ പദവികള്‍ വഹിച്ചനന്തരം ഇപ്പോള്‍ വര്‍ക്കിംഗ് പ്രസിഡന്‍റായി സേവനം അനുഷ്ഠിക്കുന്നു.
ഈ തലമുറയിലെ ദൈവദാസന്മാരോടുള്ള അങ്ങയുടെ ഉപദേശം എന്താണ്?
ഇന്ന് ധാരാളം ദൈവദാസന്മാര്‍ വചനത്തിന്‍റെ അടിസ്ഥാനത്തില്‍ ശുശ്രൂഷ ചെയ്യുമ്പോള്‍ മറ്റ് അനേകര്‍ വിശുദ്ധിക്കും വേര്‍പാടിനും വേണ്ടി നില്‍ക്കാതെ ഏതു വിധേനയും മെഗാ സഭകള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ മുന്‍പോട്ടു പോയികൊണ്ടിരിക്കുന്നു. അത് പെന്തെക്കോസ്ത് ഉപദേശത്തിനു മൂല്യച്ചുതി സംഭവിക്കുവാന്‍ കാരണമാകുന്നുണ്ട്. ഇന്നത്തെ തലമുറയോടുള്ള എന്‍റെ ഉപദേശം നമ്മുടെ വസ്ത്രധാരണ രീതി മാതൃകയുള്ളതായിരിക്കണം, യുവതീയുവാക്കള്‍ ക്രിസ്തുവിനെ തങ്ങളുടെ ജീവിതത്തിലൂടെ വെളിപ്പെടുത്തുന്നവര്‍ ആയിരിക്കണം, ദൈവവചനത്തിലെ ഉപദേശത്തോട് മായം ചേര്‍ക്കരുത്. വേദപുസ്തകത്തിന്‍റെ അടിസ്ഥാനത്തിലേക്ക്, സത്യ ഉപദേശത്തിലേക്ക്, വിശുദ്ധിയിലേക്കും വേര്‍പാടിലേക്കും മടങ്ങിവന്ന് ദര്‍ശനത്തോടെ കര്‍ത്താവിനുവേണ്ടി അദ്ധ്വാനിക്കണം. അതിനായി ദൈവം എല്ലാവരെയും ഇടയാക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
സുവിശേഷ പോർക്കളത്തിൽ സുവർണ്ണ ജൂബിലി നിറവിൽ നിൽക്കുന്ന പാസ്റ്റർ പി.എം.ജോണിന് എല്ലാവിധ ആശംസകളും നേരുന്നു.