സെപ്റ്റംബര്‍ 30 – ഇന്ന് ബൈബിൾ പരിഭാഷ ദിനം
1966ല്‍, വിക്ലിഫ് സ്ഥാപകൻ കാമറൂണ്‍ ടൗണ്‍സെന്‍റ് ഒക്കലഹോമ സെനറ്റര്‍ ഫ്രെഡ്ഹാരിസുമായി ഒരു ആശയം പങ്കുവെച്ചു : “സെപ്റ്റംബര്‍ 30 സെന്‍റ് ജെറോംസ് ദിനമാണ്, സമ്പൂര്‍ണ്ണ ബൈബിളിന്‍റെ ആദ്യത്തെ പരിഭാഷകൻ അദ്ദേഹമാണ്. സെപ്റ്റംബര്‍ 30നെ ബൈബിള്‍ പരിഭാഷ ദിനമായി പ്രഖ്യാപിക്കാൻ പ്രസിഡന്‍റിനോട് ആവശ്യപ്പെടുന്ന പ്രമേയം സെനറ്റിൽ അവതരിപ്പിക്കാമോ?” ഹാരിസിന് ഈ ആശയം ഇഷ്ടപ്പെടുകയും സെനറ്റില്‍ പ്രമേയം നിര്‍ദ്ദേശിക്കാൻ സമ്മതിക്കുകയും ചെയ്തു. താമസിയാതെ പ്രമേയം പാസാക്കപ്പെട്ടു. അന്ന് മുതൽ സെപ്റ്റംബർ 30 ലോക ബൈബിൾ പരിഭാഷ ദിനം ആയി ആഘോഷിച്ചു പോകുന്നു. 2017 മെയ് 24നു ഐക്യ രാഷ്ട്ര സഭ ജനറൽ അസംബ്ലി സെപ്തംബര് 30 അന്താരാഷ്ട്ര പരിഭാഷ ദിനം (International Translation Day) ആയി പ്രമേയം പാസ്സാക്കി.
1966 സെപ്റ്റംബര്‍ 30ന് ആ ദിവസത്തെ ബൈബിള്‍ വിവര്‍ത്തന ദിനമായി പ്രഖ്യാപിക്കാനുള്ള ചടങ്ങില്‍ കാമറൂണ്‍ ടൗണ്‍സെന്‍റ് ഇങ്ങനെ പറഞ്ഞു : “ദൈവവചന പരിഭാഷ എന്നത് അസാധ്യമായ ഒരു കാര്യമല്ല. അങ്ങനെയായിരുന്നുവെങ്കില്‍ ദൈവം അതു നമ്മെ ഏൽപ്പിക്കുമായിരുന്നില്ല. എന്നാല്‍ ഇത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിന് കഠിനാധ്വാനം, അര്‍പ്പണബോധം, സ്ഥിരോത്സാഹം, പ്രതിബദ്ധത എന്നിവ ആവശ്യമാണ്. ലോകമെമ്പാടും ഇപ്പോഴും ബൈബിള്‍ വിവര്‍ത്തനം എന്തു കൊണ്ട് ആവശ്യമാണെന്ന് പലരും മനസ്സിലാക്കുന്നില്ല.”
ഇന്ന് ലോകത്ത് നിലവിൽ ഉള്ള 7360 ഭാഷകളിൽ സമ്പൂർണ ബൈബിൾ 704 ഭാഷകളിൽ മാത്രമേ ലഭ്യമായിട്ടുള്ളൂ. പുതിയ നിയമം മാത്രം 1551 ഭാഷകളിൽ ലഭ്യമാണ്. (ലോകത്തിൽ ഏറ്റവും അധികം ഭാഷകളിലേക്ക് പരിഭാഷപെടുത്തിയ പുസ്തകമാണ് വിശുദ്ധ വേദപുസ്തകം.) 3415 ഭാഷകളിൽ ഭാഗിക പരിഭാഷ (Bible portions) ലഭ്യമാണ്. 167 രാജ്യങ്ങളിൽ 6.2 ബില്യൺ ആളുകൾ സംസാരിക്കുന്ന 2731 ഭാഷകളിൽ ബൈബിൾ പരിഭാഷ പുരോഗമിക്കുന്നു. നിലവിൽ 255 ദശലക്ഷം ആളുകൾക്ക് (3,945 ഭാഷകൾ) അവരുടെ മാതൃഭാഷയിൽ ഒരു ബൈബിൾ വാക്യം പോലും ലഭ്യമല്ല. (അവലംബം : https://www.wycliffe.net/resources/statistics/)
ബൈബിൾ പരിഭാഷ നടക്കുന്ന ഭാഷകളെയും, ഇനിയും പരിഭാഷ നടക്കാത്ത ഭാഷകളെയും, ദൈവവചനം ഇനിയും എത്തിയിട്ടില്ലാത്ത ഭാഷകൾക്കായും നമ്മൾക്ക് പ്രാർത്ഥിക്കാം. അതോടൊപ്പം തന്നെ മലയാള ഭാഷയിൽ ദൈവ വചനം ലഭ്യമാകാൻ പ്രയത്നിച്ച ക്ലോഡിയസ് ബുക്കാനൻ, റവ. ബെഞ്ചമിൻ ബെയ്‌ലി, ഡോ. ഹെർമൻ ഗുണ്ടര്‍ട്ട്, അവരോടൊപ്പം പരിശ്രമിച്ച മറ്റുള്ളവരെയും ഇത്തരുണത്തിൽ നമുക്ക് നന്ദിപൂർവ്വം സ്മരിക്കാം.