കവര്‍ സ്റ്റോറി: പ്രാർത്ഥിക്കാം! പൂർണ്ണ സ്വാതന്ത്ര്യത്തിനായി | ജോസ് പ്രകാശ്
ഓരോ ഭാരതീയരുടെയും അഭിമാനത്തിന്റെ ദിനമാണ് ഓഗസ്റ്റ് 15. മഹാമാരിയുടെ പശ്ചാത്തലത്തിൽ രാഷ്ട്രം 73ാം വാർഷികം ആഘോഷിക്കുന്ന
ഈ വേളയിൽ എല്ലാ അനുവാചകർക്കും സ്വാതന്ത്ര്യദിന ആശംസകൾ.
ബ്രിട്ടീഷുകാരുടെ അധീനതയിൽ നിന്ന് ഭാരത മണ്ണ് സ്വതന്ത്രമായെങ്കിലും ഭൂരിഭാഗം ജനങ്ങളും (ന്യൂനപക്ഷങ്ങൾ) ഇന്നും ബന്ധനസ്ഥരാണ്.
സ്വദേശികളുടെ സ്വഭാവത്തിന് മാറ്റം സംഭവിച്ചില്ലെങ്കിൽ വിദേശാധിപത്യത്തിൽ നിന്ന് നേടിയ സ്വാതന്ത്ര്യത്തിന്റെ മാറ്റ് കുറയും.
ദൈവമക്കളുടെ ആത്മീക സ്വാതന്ത്ര്യത്തെ ഹനിക്കുവാൻ കഴിയാത്തതിനാൽ മനസ്സു കുരുടായ മതഭ്രാന്തന്മാർ ഭൗതിക സ്വാതന്ത്ര്യത്തിന്മേൽ പിടിമുറുക്കിത്തുടങ്ങി. മഹാമാരിയേക്കാൾ അപകടകാരികളായ സുവിശേഷ വിരോധികൾ യാതൊരു ദാക്ഷിണ്യവുമില്ലാതെ നരഹത്യ തുടരുകയാണ്.
ഇഷ്ട ഭക്ഷണം കഴിക്കുവാൻ ജന്മാവകാശമായി ലഭിച്ചതും, സത്യവിശ്വാസം പ്രചരിപ്പിക്കുവാൻ ഭരണഘടന അനുവദിച്ചിരിക്കുന്നതുമായ സ്വാതന്ത്ര്യം വർഗ്ഗീയതയുടെയും മതത്തിന്റെയും പേരിൽ പലയിടത്തും നിഷേധിക്കപ്പെടുന്നു. കോപപരവശരായി തന്റെ നേർക്ക് കല്ലെറിഞ്ഞവരോട്
പ്രതികാരം ചെയ്യാത്ത സ്തെഫാനോസിനെപ്പോലെ ക്ഷമയോടെ കൊടുംപീഡകൾ സഹിച്ച് സാക്ഷ്യം വഹിക്കുന്ന വലിയൊരുകൂട്ടം ദൗത്യവാഹകർ നമ്മുടെ രാജ്യത്തുണ്ട്. അവർക്കായി ആത്മാർഥമായി പ്രാർത്ഥിക്കേണ്ടത് നമ്മുടെ കടമയാണ്.
ക്രിസ്ത്യാനിയായിട്ട് കഷ്ടം സഹിക്കുന്നതിൽ ലജ്ജിക്കാതെ,രക്തസാക്ഷികളുടെ ഗന്ധമുള്ള ഭാരതമണ്ണിൽ അറുപ്പാനുള്ള ആടുകളെപ്പോലെ എണ്ണപ്പെട്ട് യേശുവിനെ മഹത്വപ്പെടുത്തുന്ന ഒരുകൂട്ടം സഹഭടന്മാരേയും നമ്മുടെ പ്രാർത്ഥനയിൽ നിരന്തരം വഹിക്കേണം.
” ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം! ” എന്ന വെല്ലുവിളി നെഞ്ചിലേറ്റി, ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായി എന്ന ഉറച്ച തീരുമാനത്തോടെ പോർക്കളത്തിൽ ധീരമായി പൊരുതുന്നവർക്കായും മുട്ടിപ്പായി പ്രാർത്ഥിക്കാം.
വിശേഷാൽ വല്ലാത്തവരും ദുഷ്ടന്മാരുമായ മനുഷ്യരുടെ കയ്യിൽ നിന്നു സുവിശേഷകർ വിടുവിക്കപ്പെടുവാനായും പ്രത്യേകം പ്രാർത്ഥിക്കാം. സ്വാതന്ത്ര്യവും, സമത്വവും, സാഹോദര്യവും സംരക്ഷിക്കപ്പെടുന്ന യുവഭാരതത്തിനായി നമുക്ക് പ്രാർത്ഥനയോടെ കൈകോർക്കാം.
ജോസ് പ്രകാശ്