ലേഖനം: വിധിയെ മാറ്റിയെഴുതിയ ദൈവം | അൻസു ജെറി, ലിവർപൂൾ
മാനവകുലത്തിന് സൃഷ്ടാവാം ദൈവം പകർന്നു നൽകിയ ഒരു വരമാണ് ചിന്തിക്കാനും തിരിച്ചറിയാനുമുള്ള കഴിവ്. എന്നാൽ ചിന്തകൾ എന്നത് ചിലപ്പോൾ മരകമായും ചിലപ്പോൾ അനുകൂലമായും തീർന്നേയ്ക്കാം. തിരമാലകൾ ഉയർന്നും താഴ്ന്നും ആലയടിക്കുമ്പോലെ ജീവിതത്തിൽ കടന്നു വരുന്ന ഉയർച്ച താഴ്ചകളെ വിവിധ ചിന്തകളിലൂടെ വിധി കല്പിച്ചു മാറ്റി നിർത്തുന്നവരാണ് നാം പലരും. തിരുവചനം ഇങ്ങനെ പറയുന്നു : “മനുഷ്യന്റെ ഹൃദയം തന്റെ വഴിയേ നിരൂപികുന്നു ;അവന്റെ കാലടികളെയോ യെഹോവ ക്രമപ്പെടുത്തുന്നു.”
ഒരു പക്ഷെ മാതാപിതാക്കൾ ആഗ്രഹിച്ചപോലെ മക്കൾ പഠിച്ചില്ലെങ്കിലോ ജോലി വാങ്ങിയില്ലെങ്കിലോ അവർ പരിഭവിക്കും.വൈകല്യമുള്ള ഒരു കുഞ്ഞാണെങ്കിൽ “ഇത് എന്റെ വിധി ” എന്ന് കുറ്റപെടുത്തും. നിരന്തരം ആരാധിക്കയും പ്രാർത്ഥികയും ചെയുന്ന ഒരു ഭവനത്തിൽ അനർത്ഥം വന്നാൽ, അല്ലെങ്കിൽ ഒരു അകാലമരണം സംഭവിച്ചാൽ പോലും അവരോ അവരുടെ പിതാക്കന്മാരോ ചെയ്ത പാപത്തിന്റെ പരിണിതഫലമാണ് ഇങ്ങനെ എന്ന് ലോകം കുറ്റം വിധിക്കും.
തിരുവെഴുത്തു നാം പരിശോധിക്കുമ്പോൾ ലാസർ എന്ന വ്യക്തിയെക്കുറിച്ചു നമുക് പഠിക്കുവാൻ സാധിക്കും. യേശുവിനെ ഒരുപാടു സ്നേഹിച്ച ഭവനം, തിരികെ യേശുവും ആ ഭവനത്തെ സ്നേഹിച്ചിരുന്നു.എന്നാൽ ലാസർ മരിച്ചിട്ടും യേശു ആ ഭവനത്തിൽ കടന്നു ചെന്നില്ല. ലോകം മുഴുവൻ വിധിയെഴുതി, ഇവർ യേശുവിനെ ഇത്രയധികം സ്നേഹിച്ചിട്ടും അവൻ വന്നില്ലല്ലോ , ഒരു വാക്കു കൊണ്ട് പലരെയും മരണത്തിൽ നിന്ന് ഉയർപ്പിച്ചവൻ തന്റെ സ്നേഹിതനെ എന്തുകൊണ്ട് രക്ഷിച്ചില്ല? ഇങ്ങനെ തുടങ്ങി ഒരുപാട് ചോദ്യചിഹ്നങ്ങൾക്കു മുമ്പിൽ മനസ് തകർന്നിരിക്കുന്ന മർത്തയെയും മറിയയെയും ആശ്വസിപ്പിപ്പാൻ ആർക്കും കനിവുണ്ടായില്ല. യേശു വരുമെന്ന് അവരും കാത്തിരുന്നെങ്കിലും വരാത്തതിനാൽ അവർ ലാസറിനെ അടക്കുവാൻ തീരുമാനിച്ചു. ആ അവസാന നിമിഷത്തിലും അവർ പ്രതീക്ഷയോടെ നോക്കി, യേശു വന്നില്ല. മൂക്കത്തു വിരൽ വെച്ച് പലരും പറയുന്നുണ്ട് അവരുടെ വിധിയാണ് ഇതെന്ന്. അങ്ങനെയിരിക്കെ യേശു വന്നു, കല്ലറയിൽ വെച്ചിട് നാല് ദിവസം ആയെന്നു അറിഞ്ഞു. സഹോദരിമാരുടെ തേങ്ങലുകൾ കണ്ടിട്ടു യേശു കണ്ണുനീർ വാർത്തു. കല്ലറയിൽ കല്ലുരുട്ടി വെച്ചവരോട് തന്നെ കല്ലുരുട്ടി മാറ്റുവാൻ യേശു കല്പിച്ചു,ലാസറിനെ ഉയർപ്പിച്ചു. അവന്റെ കാൽ കെട്ടിയവരോട് കെട്ട് അഴിക്കുവാനും കല്പിച്ചു. ലോകം വിധിച്ച വിധിയെ യേശു മാറ്റിയെഴുതി. ” ഈ ദീനം മരണത്തിനായിട്ടല്ല , ദൈവപുത്രൻ മഹത്വപ്പെടേണ്ടതിനു ,ദൈവത്തിന്റെ മഹത്വത്തിനായിട്ടത്രേ എന്ന് യേശു പറഞ്ഞു.” (യോഹ 11:4 ) . ആ വിധി തന്നെ നടപ്പായി. കുറ്റം വിധിച്ചവരുടെ മുമ്പിൽ വെച്ച് തന്നെ യേശു ദൈവത്തിന്റെ മഹത്വം വെളിപ്പെടുത്തി. മൂക്കത്തു വിരൽ വെച്ച് ചോദ്യം ഉന്നയിച്ചവരും ഇവരുടെ വിധി ഇതാണെന്നു തീർപ്പു കല്പിച്ചവരും ദൈവത്തിന്റെ മഹത്വമാകുന്ന വിധി കണ്ടു അതിശയിച്ചു.
നമ്മുടെ ജീവിതത്തിലും കടന്നു വരുന്ന പ്രതിസന്ധിക്കു മുമ്പിൽ ലോകത്തിന്റെ വിധിയെ ഭയന്ന് പിറകോട്ടു പോകാനല്ല, ഈ പ്രതിസന്ധിയിൽ ദൈവത്തിന്റെ പദ്ധതി എങ്ങനെ ആണെന്നു പ്രാർത്ഥനയിലൂടെ തിരിച്ചറിയാനും അതിനായി വിശ്വാസത്തോടെ കാത്തിരിക്കാനും നമുക് കഴിയണം. വൈകിയാലും നാം ആ ദൈവിക പദ്ധതിക്കായി കാത്തിരിക്കണം (ഹബക്കൂക് 2 :3 ).
നഷ്ടങ്ങളിലൂടെയും കഷ്ടങ്ങളിലൂടെയും ഒക്കെ ദൈവത്തിന്റെ വിധിയെ നാം തിരിച്ചറിയുമ്പോഴാണ് അവന്റെ മഹത്വം നമുക് മനസിലാക്കാൻ സാധിക്കുന്നത്. ആകയാൽ മനുഷ്യന്റെ വിധിക്കു മുമ്പിൽ പകച്ചു നില്കാതെ അത് മാറ്റിയെഴുതുവാൻ കരുത്തുള്ള കർത്താവിൽ വിശ്വസിച്ചു കൊണ്ട് ഈ മരുഭൂപ്രയാണം കഴിക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ
അൻസു ജെറി