ലേഖനം: നോഹയുടെ കാലത്തെ ‘ജലപ്രളയം’ വരുവാനുള്ള പ്രധാന കാരണം? | ബെന്നി ഏബ്രാഹാം
വരുവാനുള്ള ന്യായവിധി യേശുക്രിസ്തുവിനെ കേന്ദ്രീകരിച്ചാണങ്കിൽ പുരാതനകാലത്തെ ജലപ്രളയം എന്ന ന്യായവിധി എന്തിന്റെ അടിസ്ഥാനത്തിലാണ് ദൈവം നടത്തിയത്?….
ഇതിന്റെ ഉത്തരത്തിലേക്ക് കടക്കുന്നതിനു മുൻമ്പ് എന്താണ് ന്യായവിധി എന്നു നോക്കാം?-
യോഹന്നാൻ 3-19പറയുന്നു”ന്യായവിധി എന്നതോ വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവർത്തി ദോഷമുള്ളത് ആകയാൽ അവർ വെളിച്ചത്തേക്കാൾ ഇരുളിനെ സ്നേഹിച്ചതുതന്നെ”- ഈ വചന പ്രകാരം ‘വെളിച്ചത്തെ സ്നേഹിക്കേണ്ടതിനു പകരം ഇരുളിനെ സ്നേഹിച്ചതുതന്നെ ന്യായവിധി’എന്നു പറയാം.അപ്പോൾ ഇവിടെ പറയുന്ന വെളിച്ചം എന്താണ്? യോഹ8-12ൽ യേശു പറഞ്ഞു”ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു”.ചുരുക്കമായി പറഞ്ഞാൽ ന്യായവിധി വരുന്നത് യേശു ക്രിസ്തു എന്ന മൂലക്കല്ല് അടിസ്ഥാനമാക്കിയാണ്. അതേ അവൻ അബ്രാഹാമിനും മുമ്പുള്ളവൻ(യോഹ8-58)
പുരാതനകാലത്തെ ജലപ്രളയം എന്ന ന്യായവിധി യേശുക്രിസ്തുവുമായി ബന്ധപ്പെട്ടു തന്നെയാണ് ദൈവം നടത്തിയതെന്ന് ഈ വചനപ്രകാരം നമുക്ക് മനസ്സിലാക്കാം. അതെങ്ങനെയാണെന്നാണ് ഇനിയും നോക്കാൻ പോകുന്നത്….
ഉല്പത്തിയിലേക്ക് കടന്നുവരുമ്പോൾ6-ാം അധ്യായം 5മുതലുള്ള വാക്യങ്ങൾ ഇങ്ങനെ പറയുന്നു..”ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയ വിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായെപ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കകൊണ്ടു യഹോവ അനുതപിച്ചു അത് അവന്റെ ഹൃദയത്തിനു ദുഃഖമായി ഞാൻ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽ നിന്നു നശിപ്പിച്ചുകളയും”.എന്നു ദൈവം പറഞ്ഞു…ഈ വചനം ചിന്തിച്ചാൽ
താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുക കൊണ്ട് യെഹോവ അനുതപിച്ചു;അത് അവന്റെ ഹൃദയത്തിനു ദു:ഖമായി(ഉൽപ്പത്തി6-6). യഥാർത്ഥത്തിൽ ആദാം പാപം ചെയ്തപ്പോൾ വേണമായിരുന്നു ദൈവം അനുതപിക്കാൻ!!? കാരണം ആദാം പാപം ചെയ്തതു മുഖാന്തരം ആണല്ലോ സകലമാനവ ജനതയും പാപത്തിനും മരണത്തിനും അടിമകളായി പോയത്;അതു കാരണമാണല്ലോ മനുഷ്യന്റെ ഹൃദയ നിരൂപണം ദോഷമുള്ളതായി തീർന്നത്…എന്നാൽ യഹോവയായ ദൈവം അവിടെ അനുതപിച്ചതായി കാണുന്നില്ല!! എന്നാൽ ഇവിടെ ദൈവം മനുഷ്യനെ ഉണ്ടാക്കുക കൊണ്ട് അനുതപിക്കാനുള്ള കാരണം വെളിച്ചം ലോകത്തിലുണ്ട് എന്നുള്ളതാണ്.-മറ്റൊരു നിലയിൽ പറഞ്ഞാൽ’-മനുഷ്യന്റെ ഹൃദയ വിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രെ'(ഉൽപ്പത്തി6-5)എന്നുപറയുമ്പോൾ വെളിച്ചമുണ്ടായിട്ടും മനുഷ്യരുടെ പ്രവൃത്തികൾ ദോഷമുള്ളതാകയാൽ വെളിച്ചത്തേക്കാൾ ഇരുളിനെ സ്നേഹിക്കുന്നു എന്നാണ് യോഹ3-19ന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ അർത്ഥം.അങ്ങനെയെങ്കിൽ വെളിച്ചം ഇവിടെ പുരാതനലോകത്തിൽ ഉണ്ട്.യോഹന്നാൻ1-9ഇങ്ങനെ പറയുന്നു -“ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു”.-വെളിച്ചം ലോകത്തിലേക്ക് വന്നുകൊണ്ടിരുന്നു എന്നുപറയുമ്പോൾ എപ്പോൾ മുതലാണ് വന്നുകൊണ്ടിരുന്നത്?
ദൈവിക തേജസ്സിൽ നിന്നും ദൈവീക സാന്നിധ്യത്തിൽ നിന്നും ആദാം പാപംമൂലം വീണു പോയപ്പോൾ പാപത്തിന്റെയും മരണത്തിന്റെയും അന്ധകാരം ഭൂമിയെ മൂടി.പാപം ഭൂമിയിൽ കടന്നതോടുകൂടി വിശുദ്ധനായ ദൈവവുമായി ഒരു ബന്ധം മനുഷ്യന് സാധ്യമല്ലാതായിത്തീർന്നു. എന്നാൽ “സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലം മുതൽ മറഞ്ഞുകിടന്ന മർമ്മത്തിന്റെ വ്യവസ്ഥ'(എഫേസ്യർ3-9);അതിന്റെ ഒരു വെളിച്ചം ഭൂമിയിലേക്ക് വരുന്നത് ‘ഉൽപ്പത്തി3-15’ൽ കൂടി നാം കാണുന്നു.”ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും”- സ്ത്രീയുടെ സന്തതിയായി വരുന്നവൻ പിശാചിന്റെ അധീനതയിൽ നിന്നും ഭൂമിയെ വീണ്ടെടുക്കും എന്ന വാഗ്ദത്തം, ആദാം ആ വെളിച്ചം കണ്ടു. തന്റെ മകനായ ഹാബേൽ വിശ്വാസത്താൽ യാഗം കഴിച്ചു (എബ്രായർ11-4).ആ യാഗം വാഗ്ദത്ത മശിഹായിലേക്ക് വിരൽ ചുണ്ടുന്നു.ഹാനോക്ക് ഈ വിശ്വാസത്താൽ 300സംവൽസരം ദൈവത്തോടുകൂടെ നടന്നു,അവൻ ദൈവത്തെ പ്രസാദിപ്പിച്ചു എന്ന് അവൻ എടുക്കപെട്ടതിനു മുമ്പേ സാക്ഷ്യം പ്രാപിച്ചു.വിശ്വാസത്തിലാണല്ലോ ദൈവത്തെ പ്രസാദിപ്പിക്കുന്നത് (എബ്രായർ11-6).ഈ ഹാനോക്ക് തന്നിലുള്ള ക്രിസ്തുവിന്റെ ആത്മാവിനാൽ(1പത്രോ1-10);കർത്താവ് ആയിരമായിരം വിശുദ്ധരുമായി ന്യായവിധിക്കായി വന്നിരിക്കുന്നു എന്നു പ്രവചിച്ചു(യൂദാ-15) ഉൽപ്പത്തി 5-ാം അദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്ന ആദാം മുതൽ നോഹ വരയുള്ളവരും അവരുടെ തലമുറകളും ‘ദൈവത്തിന്റ് പുത്രന്മാർ’എന്നറിയപ്പെട്ടു.കാരണം അവർ ദൈവം നൽകിയ വെളിച്ചത്തിൽ ജീവിക്കുവാൻ ആഗ്രഹിച്ചവരായിരുന്നു.വാഗ്ദത്ത മശിഹായിലുള്ള വിശ്വാസത്താൽ പാപത്തെ ജയിപ്പാൻ ലോകത്തിന്റെ ജഡീക വ്യവസ്ഥിതിയോടു ഇടകലരരുതെന്നും പരിശുദ്ധാത്മാവ് ഇവരോടു വാദിച്ചിരുന്നു(ഉൽപ്പത്തി6-3). വാഗ്ദത്ത സന്തതിയിലൂടെയുള്ള വീണ്ടെടുപ്പ് വിശ്വസിച്ച ഇവരെ കുറിച്ച് എബ്രായർ11-13ൽ ഇപ്രകാരം പറയുന്നു” ഇവർ എല്ലാവരും വാഗ്ദത്ത നിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്ന് അത് കണ്ട് അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്ന് ഏറ്റു പറഞ്ഞുംകൊണ്ട് വിശ്വാസത്തിൽ മരിച്ചു”-
എന്നാൽ നോഹയുടെ കാലമായപ്പോഴേക്കും ഭൂമി അതിക്രമം കൊണ്ട് നിറഞ്ഞു കാരണം ജഡത്തെ തന്റെ ഭുജം ആക്കി ലോക വ്യവസ്ഥിതിയോട് ഇഴുകി ചേർന്ന് ജീവിക്കുന്ന കായീന്റെ സന്തതി പരമ്പരകളുമായി ദൈവപുത്രന്മാർ ഇടകലർന്നു.വിശുദ്ധിയിലും വേർപാടിലും വാഗ്ദത്ത സന്തതിയിലുള്ള പ്രത്യാശയിൽ ദൈവത്തെ അനുസരിക്കേണ്ടിയവർ മനുഷ്യരുടെ സൗന്ദര്യമുള്ള പുത്രിമാർ നിമിത്തം തങ്ങളുടെ നില മറന്നു ജഡികതയിലും ദുഷ്ടതയിലും ജീവിച്ചു .അപ്പോൾ ദൈവം പറഞ്ഞു”മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല;അവൻ ജഡം തന്നെയല്ലോ; എങ്കിലും അവന്റെ കാലം 120 സംവത്സരമാകും എന്ന് അരുളിചെയ്തു.(ഉൽപ്പത്തി6-3)
എന്നാൽ ദൈവത്തിന്റെ മുമ്പാകെ വഷളായ ഭൂമിയിൽ നീതിമാനും,നിഷ്കളങ്കനുമായി നോഹ ദൈവത്തോടുകൂടെ നടന്നു.- “വിശ്വാസത്താൽ നോഹ അതുവരെ കാണാത്തവയെക്കുറിച്ച് അരുളപ്പാടുണ്ടായിട്ടു ഭയഭക്തി പൂണ്ടു തന്റെ കുടുംബത്തിന്റെ രക്ഷക്കായിട്ട് ഒരു പെട്ടകം തീർത്തു. അതിനാൽ അവൻ ലോകത്തെ കുറ്റം വിധിച്ചു വിശ്വാസത്താലുള്ള നീതിക്ക് അവകാശിയായി തീർന്നു”(എബ്രായർ11-7). പുരാതനലോകത്തിൽ ‘വാഗ്ദത്ത മശിഹാ’ എന്ന വെളിച്ചം ഉണ്ടായിട്ടും വെളിച്ചത്തിൽ ജീവിക്കുവാൻ മനസ്സില്ലാതെ സകല ജഡവും ഭൂമിയിൽ തന്റെ വഴി വഷളാക്കിയിരുന്നു.അതിനാൽ അവർ അറിയാതെ ഇരിക്കുമ്പോൾ ജലപ്രളയത്താൽ നശിച്ചുപോയി.
ഉൽപ്പത്തി3-15ൽ -ദൈവം കൊടുത്ത വാഗ്ദത്തം ജലപ്രളയത്തിനു മുകളിൽ പെട്ടകത്തിൽ നോഹയോടും അവന്റെ കുടുംബത്തോടും കൂടെ ഉണ്ടായിരുന്നു.അങ്ങനെ കാലസമ്പൂർണ്ണതയിൽ നോഹയുടെ മകനായ ശേമി’ന്റെ പുത്രനായ അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ സന്തതിയായി ‘വാഗ്ദത്ത മശിഹ’ ബേത്ലഹേമിൽ ഭൂജാതനായി.
ഇനിയും ഒരു ന്യായവിധി വരുന്നുണ്ട്!! ദൈവ പൈതലേ വെളിച്ചം ഇപ്പോൾ ലോകത്തിലുണ്ട് അതുകൊണ്ട് എന്തിനെയാണ് സ്നേഹിക്കുന്നത്? വെളിച്ചത്തെയോ അതോ ഇരുളിനെയോ? ഇരുളിനെ സ്നേഹിച്ചു കൈപ്പിലും,പ്രതികാര മനോഭാവത്തിലും ജീവിക്കുകയാണെങ്കിൽ ഒന്ന് ഓർത്തു കൊള്ളണം ‘അറിയാതെ ഇരിക്കുമ്പോൾ’ നശിച്ചുപോകുമെന്ന്.വെളിച്ചത്തെ സ്നേഹിക്കുന്നുവെങ്കിൽ, വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ നോഹയെപോലെ നാമും രക്ഷപ്രാപിക്കും. “അവനിൽ വിശ്വസിക്കുന്നവന് ന്യായവിധിയില്ല; വിശ്വസിക്കാത്തവനു ദൈവത്തിന്റെ ഏകജാതനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു” (യോഹന്നാൻ 3-18).അതെ ഇപ്പോൾ ഈ കാലം നോഹയുടെ കാലം പോലൊരു കാലമാണന്നു ഓർക്കുന്നത് നല്ലതാണ്.ശുഭം..
ബെന്നി ഏബ്രാഹാം
വസായ് റോഡ്.