എഡിറ്റോറിയൽ: പരിസ്ഥിതിപരിപാലനവും വേദപുസ്തകവും | ആഷേർ മാത്യു

രു ആന കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളും വാദപ്രതിവാദങ്ങളും നടന്നു കൊണ്ടിരിക്കുകയാണല്ലോ.പരിസ്ഥിതി പരിപാലനത്തെപ്പറ്റിയുള്ള ചർച്ചകളും സജീവമാണല്ലോ. കാട്, കാട്ടിലെ പക്ഷിമൃഗങ്ങൾ, വൃക്ഷങ്ങൾ, സസ്യങ്ങൾ കുന്നുകൾ, തടാകങ്ങൾ, നദികൾ, കാലാവസ്ഥ തുടങ്ങിയവ പ്രകൃതിയുടെ ഭാഗമാണ്. മരങ്ങളും ഹരിതനിബിഢമായ പ്രദേശങ്ങളും മാത്രമാണ് പ്രകൃതിയെന്ന മിത്ഥ്യാധാരണ പലർക്കുമുണ്ട്.
ലോക പരിസ്ഥിതി ദിനമായ ഇന്ന് പരിസ്ഥിതി പരിപാലനത്തിൻ്റെ പ്രാധാന്യത വേദപുസ്തകാടിസ്ഥാനത്തിൽ ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.

സുവിശേഷ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന നമ്മിൽ പലരും പരിസ്ഥിതിപരിപാലനം നമ്മുടെ കടമയാണെന്നത് ശ്രദ്ധിക്കാതെ പോകുന്നു. മത്സ്യ-മാംസാഹങ്ങൾ മനുഷ്യന് കഴിക്കാം എന്ന് തന്നെയാണ് വേദപുസ്തകത്തിൽ കാണുവാൻ കഴിയുന്നത്. എന്നാൽ വേദപുസ്തകത്തിലുടനീളം ഒരു പാരിസ്ഥിക ഹരിതദർശനം നിറഞ്ഞു നില്കുന്നത് കാണുവാൻ കഴിയും.
ചില ആഴ്ചകൾക്ക് മുമ്പ് സോണി കെ.ജെ റാന്നി, എഴുതിയ ‘പ്രകൃതിയും ക്രിസ്തുവും’ എന്ന ലേഖനം ക്രൈസ്തവ എഴുത്തുപുരയിൽ പ്രസിദ്ധീകരിച്ചിരുന്നു. ആധികാരികമായ ഒരു പഠനമായി ആ ലേഖനത്തെ കാണാം.

ഉല്പത്തി പുസ്തകത്തിൻ്റെ ഒന്നാം അദ്ധ്യായത്തിൽ തന്നെ ഭൂമിയും ആകാശവും സകലചരാചരങ്ങളും അന്തരീക്ഷവും പ്രകൃതിയും സൃഷ്ടിക്കുന്നതും സൃഷ്ടിക്കു ശേഷം സകലവും നല്ലത് എന്നു ദൈവം കണ്ടതായും കാണുന്നു.
മണ്ണ് കൊണ്ട് മനുഷ്യനെ സൃഷ്ടിച്ച ദൈവം ജീവശ്വാസം ഊതി ജീവനുള്ള ദേഹിയായിത്തീർത്തു. പ്രകൃതിയുടെ ഭാഗമാണ് മനുഷ്യൻ. യേശുവിന്റെ ജീവിതത്തിലും സുവിശേഷ പ്രവർത്തനങ്ങളിലും പ്രകൃതിക്ക് പ്രധാന സ്ഥാനം നൽകിയതായി കാണാം.

ദൈവം മനുഷ്യനെ ഏദെൻ തോട്ടത്തിൽ വേല ചെയ്യുവാനും അതിനെ കാപ്പാനും അവിടെ ആക്കി. മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തെ ഇവിടെ കാണാം.
സുവിശേഷങ്ങളിലേക്ക് വരുമ്പോൾ ആ കാലത്തുള്ള ഭൂമി,ജലം,കൃഷി,വളർത്തുമൃഗങ്ങൾ തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള നിരവധി ഉദാഹരണങ്ങൾ കാണാം.

യേശുക്രിസ്തു ഉപയോഗിച്ച ഉപമകളിൽ കൂടുതലും പ്രകൃതിയുമായി ബന്ധമുള്ളതായിരുന്നു. വിതക്കാരൻ,വിത്ത്,വല,കടുക്മണി,അത്തിവൃക്ഷം,പുളിച്ച മാവ്, പഴയതുരുത്തി, നഷ്ട്ടപെട്ട ആട്,മുന്തിരിത്തോട്ടത്തിലെ വേലക്കാരൻ,നല്ല ഇടയൻ, തുടങ്ങിയവ കാണുവാൻ സാധിക്കും. പ്രകൃതി ദൈവത്തിന്റെ നിയന്ത്രണത്തിലാണെന്നുള്ള സന്ദേശം യേശുവിന്റെ പഠിപ്പിക്കലുകളിൽ കാണുവാൻ സാധിക്കും.

സകല ജീവജാലങ്ങൾക്കും ജീവൻ നൽകുന്നവനും അവക്ക് ആവശ്യമുള്ള ആഹാരം നൽകുന്നത് അവനാണ്. “ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയ്ക്കുന്നു എങ്കിൽ” എന്ന വാക്യത്തിൽ നിന്ന് സകല സൃഷ്ടികളോടുള്ള ശ്രദ്ധയെയും പരിഗണനയെയും മനസിലാക്കാൻ കഴിയും.
രണ്ടു കാശിന്നു അഞ്ചു കുരികിലിനെ വില്ക്കുന്നില്ലയോ? അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല. നിസാരമായി കരുതുന്ന ചെറുജീവികളെപോലും കർത്താവിന്റെ കരുതലും സ്നേഹവും പ്രതിഫലിക്കുന്നു. തന്റെ ശുശ്രൂഷയിൽ ഒരിക്കലും മൃഗങ്ങളെ സുഖപ്പെടുത്തിയതായി പറയുന്നില്ല. ഇതിൽ നിന്നും മനുഷ്യൻ ശരിയായി മൃഗങ്ങളെ പരിപാലിക്കേണ്ടതിന്റെ അനിവാര്യതയാണ് കാണുവാൻ കഴിയുന്നത്.

“അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴനൽകുന്നു ” എന്നത് നമ്മുടെ ശത്രുക്കളെ സ്നേഹിക്കാനുള്ള ആഹ്വാനമാണ്.വിവിധതരം മണ്ണിൽ വിത്ത് വിതക്കുന്നതിൻ്റെ ഉപമ കർത്താവിൻ്റെ പ്രകൃതിയോടുള്ള താല്പര്യത്തെയും അറിവിനെയും കാണിക്കുന്നു.

“ഭൂമിയും അതിന്റെ പൂർണതയും ഭൂതലവും അതിന്റെ നിവാസികളും യഹോവക്കുള്ളതാണ്.”
തന്റെ വാക്കിനാൽ കൊടുങ്കാറ്റ് ശാന്തമായി , പച്ചവെള്ളത്തെ വീഞ്ഞാക്കി ,മരിച്ചവരെ ഉയിർപ്പിച്ചു, രോഗികളെ സൗഖ്യമാക്കി,അപ്പവും മീനും പോഷിപ്പിച്ചു ക്രിസ്തുവിന്റെ അത്ഭുതശ്രുശ്രുഷകളിൽ പ്രകൃതിമേലുള്ള അധികാരം കാണുവാൻ കഴിയും.

 പരിസ്ഥിതി പരിപാലനം നമ്മുടെ ഉത്തരവാദിത്തമാണ്. ആയതിനാൽ ഓരോ ക്രൈസ്തവനും സാമൂഹിക-പാരിസ്ഥിതിക – നീതി പ്രായോഗിക ജീവിതത്തിൽ ചെയ്യണ്ടത് അത്യാവശ്യവും ഉത്തരവാദിത്തവുമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply