കണ്ടതും കേട്ടതും: 98 പവനും ഒരു ബലേനോ കാറും | നിബിന്‍ ഐപ്പ്
കല്ലുമാല കതിർ കമ്മലതില്ലേലും ആരും കണ്ണുവച്ചിടും കന്നിക്കതിരാണേ…
എന്ന പാട്ടിന്‍റെ അകമ്പടിയോടെ ടിക് ടോക്ക് വീഡിയോ ചെയ്ത് പെണ്ണിനെ മാത്രം വീട്ടിൽ കൊണ്ടു കയറുന്ന ചങ്കുറപ്പുള്ള അൺപിള്ളേരൊക്കെ വേറെ
റേഞ്ചാണ് എന്ന് ഇപ്പോൾ എനിക്ക് തോന്നുന്നു…
കേരളം മുഴുവൻ കേട്ടുകൊണ്ടിരിക്കുന്ന ചില പദങ്ങളാണ് 98 പവൻ സ്വർണ്ണം, 8 ലക്ഷത്തിന്‍റെ കാർ, 5 ലക്ഷം പോക്കറ്റ് മണി എന്നിവ.
വിവാഹ സമ്മാനങ്ങളോന്നും പ്രതീക്ഷിക്കാതെ, സ്നേഹത്തിന്‍റെ പേരിൽ കൈയിൽ കിട്ടുന്നതെടുത്തും കൊണ്ട് ഒളിച്ചോടുന്നവർക്ക് ഇതിനെക്കാളും
അന്തസ്സുണ്ട് എന്നു ഞാൻ കരുതുന്നു. അങ്ങനെയുള്ളവരുടെ മനസ്സിൽ സ്നേഹം എന്ന ഒരു വികാരം എങ്കിലുമുണ്ട്.
പണത്തിനു വേണ്ടി വിവാഹം നടത്തുന്നവർക്ക് മൂർക്കൻ പാമ്പിനെക്കാൾ വിഷമുണ്ട്; അത്ര വിഷമുള്ള പാമ്പുകൾ ഒന്നും ആമസോൺ കാടുകളിലോ,
ആഴക്കടലിലോ പോലും ഇല്ല. ഒരു പക്ഷേ ഇങ്ങനെയുള്ളവർ കടിച്ചാൽ രാജവെമ്പാല വരെ ചത്ത് പോകും. ഇതു എഴുതുവാൻ ഇടയായ സാഹചര്യം ഇപ്പോൾ
നിങ്ങൾക്ക് മനസ്സിലായികാണണ്ണം. സ്ത്രി ധനത്തിന്‍റെ പേരിൽ കുലചെയ്യപെട്ട ഉത്ര എന്ന ഭിന്നശേഷിയുളള പാവം സ്ത്രി.
ഒരു സ്ത്രീക്ക് മൂല്യമുണ്ടാകണമെങ്കില്‍ സ്ത്രീധന൦ കൊടുപ്പ് നിർത്തണ൦. സ്ത്രീയാണ് ധന൦ എന്ന സ്ഥിതി ഉണ്ടാവണ൦. സ്ത്രീധനം ചോദിച്ചു വരുന്നവന്‍റെ
മുഖത്ത് “ചൂടുവെള്ളം ഒഴിക്കാൻ” പുതിയ തലമുറകൾക്കാകണം.
നമ്മുടെ നാട്ടിലെ സ്ത്രീധന കൊലപാതകങ്ങൾക്ക് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. കിണറായും, കുളമായും, പുഴയായും, വിഷമായും, കയറായും,
സാരിത്തലപ്പായും, ഗ്യാസ്സിലിണ്ടർ ആയും, മണ്ണെണ്ണയായുമൊക്കെ സ്ത്രീധനം കൊന്നുകളഞ്ഞ പെണ്ണുങ്ങൾക്ക് എണ്ണമില്ല.
എന്നിട്ടും ഇന്നും ഒരു കടുക് മണിയുടെ അത്രയും പോലും ബോധം വരാത്തവർ ആണ് പല പെൺകുട്ടികളുടെയും മാതാപിതാക്കൾ.
സ്ത്രീധനം ചോദിച്ചു വരുന്ന ആൺ രൂപങ്ങൾക്കു നിങ്ങൾ എത്ര പവൻ വേണമെങ്കിലും കൊടുത്തോ, പക്ഷേ മോളെ കൊടുക്കരുത്.
ഒരു പെണ്ണിനെ സ്വന്തം നിലയിൽ പോറ്റാൻ കഴിവില്ലാത്ത ആൺ വർഗ്ഗങ്ങളാണ് സ്ത്രീധനം ഡിമാൻഡ് ചെയ്തു കൊണ്ട് നിങ്ങളെ സമീപിക്കുന്നത് എന്നും,
നിങ്ങൾ കൊടുക്കുന്ന സ്ത്രീധനത്തിന്‍റെ ലഹരി കഴിഞ്ഞാൽ അവൻ നിങ്ങളുടെ മകളെ “തേൻമാവിൻ കൊമ്പത്ത്” കെട്ടിത്തൂക്കും എന്നും ഇനിയെങ്കിലും
മനസിലാക്കുക. ‘സ്ത്രീധനം’ എന്ന പേരിൽ കല്യാണം കഴിച്ചു കൊടുക്കാതിരിക്കുക.
ഏതെങ്കിലും കാലത്ത് മകളും ഭർത്താവും സാമ്പത്തികമായി കഷ്ടപ്പെടുന്നു എങ്കിൽ അവരെ സഹായിക്കുന്നതിൽ തെറ്റില്ല. മകൾ ഒരു വീട് പണിയുന്നു എങ്കിൽ
നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ അതിന്റെ ഭാഗമാകുക, അവസാനം സ്വത്തിൽ മറ്റു മക്കൾക്ക് കൊടുക്കുന്ന പോലെ ഒരു ഭാഗം മകളുടെ പേരിൽ എഴുതി വെക്കുക.
അല്ലാതെ കെട്ടാൻ നേരം കൈ നീട്ടുന്ന ആളുകൾക്കു കൊല്ലാൻ മകളെ കൊടുക്കുകയല്ല വേണ്ടത്.
“സ്ത്രിധനം വാങ്ങുന്നത് അന്തസ്സില്ലാത്ത പരുപാടിയാണ് മാഷേ, അതു നിയമം കൊണ്ടു തന്നെ നിരോധിച്ചതാണ് മാഷേ…”
എന്നു പറഞ്ഞു കൊടുക്കാൻ നമ്മൾ തയാറാകണം.
ആദ്യമായി ആരാണ് സ്ത്രി ധനം കൊടുത്തു മാത്രമേ വിവാഹം നടത്താൻ കഴിയു എന്നു നമ്മെ പഠിപ്പിച്ചത്?
രണ്ടാമതായി സ്ത്രീധനം കൊടുക്കുന്നത് ഒരു അന്തസ്സാണെന്ന് നമ്മുടെ സമൂഹത്തെ പഠിപ്പിച്ചത് ആരാണ്?
എന്‍റെ അനുജന്മാരോടും സഹോദരന്മാരോടും എനിക്ക് പറയാനുള്ളത് സ്ത്രി ധനം ഒരിക്കലും ആരും വാങ്ങരുത്.
”അത് ഒരു കുടുംബത്തിന്‍റെ വിയർപ്പാണ്.. അധ്വാനം.. കണ്ണുനീരാണ്..”
സ്ത്രി ധനം വാങ്ങാതെ ജീവിച്ചു കാണിച്ച നട്ടലുള്ള അനേകം ആളുകൾ നമ്മളുടെ ഇടയിലുണ്ട്. അവരാണ് എന്‍റെ ഹീറോസ്.
കൈയിൽ ഒന്നുമില്ലെങ്കിലും മുണ്ട് മുറുക്കി ഉടുത്ത് സന്തോഷത്തിൽ ജീവിക്കാൻ നമുക്കാക്കണം. സ്ത്രി ധനം ചോദിക്കുന്നവർക്ക് കഴുത്തു നീട്ടികൊടുക്കരുത്
എന്നു ഞാൻ എന്‍റെ പെങ്ങളുകുട്ടികളോട് അപേക്ഷിക്കുന്നു;
‘ സ്ത്രീധനം വാങ്ങിയവരും, വാങ്ങുന്നവരും, കൊടുത്തവരും, കൊടുക്കുന്നവരും നാണംകെട്ടവരാണ്. വളരെ നാണംകെട്ടവർ
കേരളമേ ഉണരുക മാറ്റി ചിന്തിക്കുക.
– നിബിന്‍ ഐപ്പ്