ലേഖനം: ആത്മിക വർധന പിന്നിലേക്കോ മുന്നിലേക്കോ | ഇവാ. ജിനു തങ്കച്ചൻ, കട്ടപ്പന

നാം മുന്നോട്ട് എന്നത് ആണ് ആഗോള മനുഷ്യന്റെ മുദ്രവാക്യം. കാലത്തെയും കാതങ്ങളെയും പിന്നിലാക്കി തടസ്സങ്ങളൊക്കെ ഭേദിച്ച് അവൻ ജൈത്രയാത്ര തുടരുകയാണ്. ഒരു തിരിഞ്ഞുനോട്ടം വിളിച്ചു പറയും ബഹുദൂരം മുന്നിലാണെന്ന്. ആഡംബരത്തിലും ആഢ്യത്വത്തിലും എല്ലാറ്റിലും മുന്നിൽ. പക്ഷേ വേദപുസ്തകം കൈയിൽ ഉയർത്തി പിടിച്ചു ഞാൻ വളർന്നു എന്ന് പറയാൻ കഴിയില്ല. രക്ഷിക്കപ്പെട്ട നാൾ കഴിഞ്ഞ് ഇന്ന് വരെയുള്ള ആത്മീയ ജീവിതം അപഗ്രഥിച്ചാൽ വർധനവ് എത്രത്തോളം ഉണ്ട് എന്ന് തിരിച്ചറിയാം.

വിശുദ്ധ വേദപുസ്തകം ആത്മിക വർധനവിനെ കുറിച്ച് എന്താണ് പറയുന്നത്. ആത്മിക വർധനവിന് എന്ത് ചെയ്യണം. കായിക താരങ്ങൾ മികവിലേക്ക് കഠിന പരിശ്രമം മൂലം എത്തുന്നതു പോലെ ആത്മിക വർധനവിന് സുസ്ഥിരമായ ആത്മിക അച്ചടക്കം ആവശ്യമാണ്. ആ ആത്മിക അച്ചടക്കം എന്താണെന്നു തിരുവെഴുത്തു പറയുന്നു. ആത്മിക വർധന എന്ന ആശയത്തിന് പ്രധാനമായും രണ്ടു തലങ്ങൾ ഉണ്ട്.

1. സഭയുടെ ആത്മിക വർധന
2. വ്യക്തിപരമായ ആത്മിക വർധന

1. സഭയുടെ ആത്മിക വർധന

A. സമാധാനമുള്ള സഭ. ( അ. പ്രവൃ. 9:31)

“അങ്ങനെ യെഹൂദ്യാ, ഗലീല, ശമര്യ എന്നീ ദേശങ്ങളിൽ ഒക്കെയും സഭെക്കു സമാധാനം ഉണ്ടായി, അതു ആത്മികവർധന പ്രാപിച്ചും കർത്താവിനോടുള്ള ഭക്തിയിലും പരിശുദ്ധാത്മാവിന്റെ പ്രബോധനയിലും നടന്നും പെരുകിക്കൊണ്ടിരുന്നു.”
ഇവിടുത്തെ പശ്ചാത്തലത്തിലെ സമാധാനം ഒന്നാം നൂറ്റാണ്ടിൽ ക്രൈസ്തവർ അനുഭവിച്ച മതപീഢയിൽ നിന്നുള്ള സമാധാനം ആണ്. പക്ഷേ യഥാർത്ഥ്യം ഇന്നും സഭയ്ക്ക് സമാധാനമില്ല. അത് മതപീഢയല്ല സ്വപീഢയാണ്. സഭകളിലെ ഗ്രൂപ്പുകളും കമ്മിറ്റികളും വാഴ്ച നടത്താൻ ശ്രമിക്കുന്ന ആളുകളും ആണ് സഭയുടെ സമാധാനം അപഹരിക്കുന്നത്. കലുഷിതമായ സഭാന്തരീക്ഷമാണ് ആത്മിക വർധനയ്ക്ക് വിലങ്ങുതടി. പുതുതലമുറയുടെ ആത്മീയത മുളയിലെ നുള്ളുകയാണത്. സത്യത്തിൽ അതൊരു വേരറുക്കൾ ആണ്. നിർജീവമാക്കലിലേക്കുള്ള തന്ത്രപരമായ നീക്കം.

B. കൃപാവരങ്ങളുള്ള സഭ (1.കൊരി 14:12)

“അവ്വണ്ണം നിങ്ങളും ആത്മവരങ്ങളെക്കുറിച്ചു വാഞ്ഛയുള്ളവരാകയാൽ സഭയുടെ ആത്മിക വർധനെക്കായി സഫലന്മാർ ആകുവാൻ ശ്രമിപ്പിൻ.”
” പ്രവചിക്കുന്നവൻ സഭെക്കു ആത്മികവർദ്ധന വരുത്തുന്നു.” തുടങ്ങിയ വചനങ്ങൾ വ്യക്തമാക്കുന്നത് കൃപാവരങ്ങളാണ് സഭയുടെ ആത്മിക വർധനയ്ക്ക് വേണ്ടത്. വചനത്തിന് മാത്രം പ്രധാന്യം കൊടുത്ത് കൃപാവരങ്ങളെ അവഗണിക്കുന്ന ആളുകൾ ആത്മിക വർധന പ്രാപിക്കുന്നില്ല. ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെ തുല്യ പ്രധാന്യം നൽകണം.
“എന്നാൽ ഓരോരുത്തന്നു ആത്മാവിന്റെ പ്രകാശനം പൊതുപ്രയോജനത്തിന്നായി നല്കപ്പെടുന്നു.ഒരുത്തന്നു ആത്മാവിനാൽ ജ്ഞാനത്തിന്റെ വചനവും മറ്റൊരുത്തന്നു അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു;വേറൊരുത്തന്നു അതേ ആത്മാവിനാൽ വിശ്വാസം, മറ്റൊരുവന്നു അതേ ആത്മാവിനാൽ രോഗശാന്തികളുടെ വരം;മറ്റൊരുവന്നു വീര്യപ്രവൃത്തികൾ; മറ്റൊരുവന്നു പ്രവചനം; മറ്റൊരുവന്നു ആത്മാക്കളുടെ വിവേചനം; വേറൊരുവന്നു പലവിധ ഭാഷകൾ; മറ്റൊരുവന്നു ഭാഷകളുടെ വ്യാഖ്യാനം.”
(1 കൊരി 12:7-10). ഇത്രയും കൃപാവരങ്ങൾ പ്രയോജനപ്പെടുത്തുന്ന സഭ നിശ്ചയമായും വളരും. വിവേചനം വരം ഉള്ളവന് എല്ലാറ്റേയും ശോധന ചെയ്യാം. കപട ആത്മവരധാരികളെ തിരിച്ചറിഞ്ഞ് അവഗണിക്കുകയും സത്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുണം.

C. തമ്മിൽ തമ്മിൽ ആത്മിക വർധന
(1 തെസ്സ 5:11)
“ആകയാൽ നിങ്ങൾ ചെയ്തു വരുന്നതുപോലെ അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മിക വർദ്ധനവരുത്തിയും പോരുവിൻ.” തമ്മിൽ തമ്മിൽ ആത്മിക വർധന എന്നത് അർത്ഥമാക്കുന്നത് പരസ്പര ആശ്രയവും പ്രാത്സാഹനവും ആണ്. കൂട്ടായ്മയ്ക്കു ശേഷം മനസ്സിനു നിരാശയും ഭയവും ആണ് തോന്നുന്നതെങ്കിൽ അത് ആത്മിക വർധന വരുത്തുന്ന കൂട്ടായ്മയല്ല. മറ്റുള്ളവരെ ബലപ്പെടുത്തുകയും തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമക്കുകയും ചെയ്യുമ്പോൾ കൂട്ടായ്മ അർത്ഥവത്താകും. ആത്മീയന്മാർ ആത്മീയമായത് സംസാരിക്കുമ്പോൾ ആത്മിക വർധന ഉണ്ടാകും. പരസ്പരം കലഹവും ഈർഷ്യയും ആണെങ്കിൽ അതു തകർച്ചയിലേക്ക് നയിക്കും.

2. വ്യക്തിപരമായ ആത്മിക വർധന

A. നല്ല വാക്ക് സംസാരിക്കുക ( എഫെ 4:29)

“കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവർദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽ നിന്നു പുറപ്പെടരുതു” ഒരു ചെറിയ തീ കാടു കത്തിക്കുന്നതിന് സമാനമായി ചെയ്യാൻ നാവിനു കഴിയും.
കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവർക്കേ പറ്റുകയുള്ളു.(എബ്രായർ 5:14). വളരുന്ന ആത്മീയൻ ഇന്ദ്രിയങ്ങളെ തന്റെ ഉൾക്കരുത്ത് കൊണ്ട് ക്രിസ്തുവിനോടുള്ള അനുസരണത്തിനായി പിടിച്ചടക്കിയവൻ ആണ്. നമ്മുടെ വാക്കുകളെ സഭയിലും പൊതു സമൂഹത്തിലും അപ്രകാരം നിയന്ത്രിക്കാൻ കഴിയണം.

B. നിസ്വാർത്ഥ സ്നേഹം ( 1 കൊരി 8:1)

“വിഗ്രഹാർപ്പിതങ്ങളുടെ കാര്യം പറഞ്ഞാലോ നമുക്കെല്ലാവർക്കും അറിവു ഉണ്ടു എന്നു നമുക്കു അറിയാം. അറിവു ചീർപ്പിക്കുന്നു; സ്നേഹമോ ആത്മികവർദ്ധന വരുത്തുന്നു.”
ഇവിടെ പറയുന്ന സ്നേഹം അപരനെ കുറിച്ചുള്ള കരുതലാണ്. ഉപാധി കൂടാതെ മറ്റുള്ളവരെ സ്നേഹിക്കാൻ കഴിയുന്നവരെ വളരുകയുള്ളു. എന്റെ ജീവിതം അന്യന് ഇടർച്ച വരുത്തരുത് എന്ന കരുതലാണ് ഈ സ്നേഹം. മറ്റൊരു വാക്കിൽ സ്വയം ത്യജിച്ച് ക്രൂശെടുത്ത് യേശുവിനെ അനുഗമിക്കുക. ക്രിസ്തുവിൽ വളർന്നവർക്ക് മാത്രമേ അത് കഴിയു.

C. ക്രിസ്തുവിൽ വേരൂന്നുക(കൊലോ 2:7)

“അവനിൽ വേരൂന്നിയും ആത്മികവർദ്ധന പ്രാപിച്ചും നിങ്ങൾക്കു ഉപദേശിച്ചുതന്നതിന്നു ഒത്തവണ്ണം വിശ്വാസത്താൽ ഉറെച്ചും സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ.”
മുകളിലേക്ക് വളരുക എന്നതിലുപരി അടിസ്ഥാനം ശക്തിപ്പെടുത്തുക എന്നതാണ് പ്രധാനം. ആഴമുള്ള വേരുകൾ ആണെങ്കിൽ ഉഷ്ണമോ ശൈത്യമോ ഒന്നും ഏൽക്കുകയില്ല. വെട്ടിയ കുറ്റിയിൽ നിന്നും മുള പൊട്ടും. ആത്മിക വർധനയ്ക്ക് ആവശ്യം കൃത്യമായ ശക്തമായ ദൈവവചന ഗ്രാഹ്യം ആണ്. ആ വേര് ശക്തമാക്കുന്നവർ ഏത് പ്രതിസന്ധിയെയും അതിജീവിക്കും.

D.അന്യഭാഷയിൽ സംസാരിക്കുക_
(1 കൊരി 14:4)
“അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കുതാൻ ആത്മികവർദ്ധന വരുത്തുന്നു; പ്രവചിക്കുന്നവൻ സഭെക്കു ആത്മികവർദ്ധന വരുത്തുന്നു.” നമ്മുടെ ആത്മിക വർധനയ്ക്ക് ദൈവം വ്യക്തിപരമായി പകർന്ന വരമാണ് അന്യഭാഷ. വരങ്ങളുടെ നിരയിൽ പൊതു പ്രയോജനം എന്നതിൽ നിന്നും കൂടുതൽ വ്യത്യസ്തമായി സ്വപ്രയോജനം എന്നതാണ് അന്യഭാഷയുടെ പ്രത്യേകത. സഭാ യോഗത്തിൽ പാട്ട് ആവർത്തിച്ചു പാടി ഒടുവിൽ മാത്രം പറയാനുള്ളതല്ല അന്യഭാഷാ. എല്ലാവരെക്കാളും അധികം പൗലോസ് അന്യഭാഷയിൽ സംസാരിച്ചിരുന്നു. ആത്മാവിൽ പാടുകയും പ്രാർത്ഥിക്കുകയും ചെയ്തു. ഒരു കടമ എന്നതിലുപരി ആത്മതലത്തിലേക്ക് മാറുക എന്നതാണ് അന്യഭാഷയുടെ പ്രയോജനം. ആ നിലവാരത്തിൽ വ്യക്തിഗത ആത്മിക വർധന പ്രാപിക്കാൻ കഴിയും.

സഭയായും വ്യക്തിപരമായും ആത്മിക വർധന പ്രാപിക്കേണ്ടത് വളരെ ആവശ്യമാണ്. ഉണരുക ചാവാറായ ശേഷിപ്പുകളെ പുനരുജ്ജീവിപ്പിക്കുക. ഭൗതികതയിൽ മാത്രം വളരാൻ ആഗ്രഹിക്കുന്ന ഒരുകൂട്ടം ആളുകളെക്കാൾ ആത്മീയതയിൽ വളരാൻ നമുക്ക് കഴിയട്ടെ.

ഇവാ. ജിനു തങ്കച്ചൻ, കട്ടപ്പന

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply