ചെറുചിന്ത : മഹാമാരി ഒരോർമ്മപ്പെടുത്തൽ | ദീന ജെയിംസ്, ആഗ്ര
മാനവരാശിയെയാകെ പിടിച്ചുകുലുക്കിയ മഹാമാരിയുടെ അലകൾ അവസാനിക്കുന്നില്ല. അനേക ജീവിതങ്ങൾ ഇതിന്റെ കരാളഹസ്തങ്ങളിൽ അമർന്നു അണഞ്ഞുപോയി. പലരും ഇതിന്റെ പിടിയിൽ നിന്നും രക്ഷപെടാനുള്ള വെമ്പലിൽ പോരാടിക്കൊണ്ടിരിക്കുന്നു. നാളെ എന്തുഭവിക്കും എന്നോർത്ത് അനേകർ ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുന്നു. ഭൂലോകജനതയാകെ വളരെ വേദനാജനകമായ അവസ്ഥയിൽ കൂടി കടന്നുപൊയ്‌കൊണ്ടിരിക്കുന്നു. വൈറസ് വ്യാപനത്തിനുള്ള നിരവധി കാരണങ്ങൾ പലരും നിരത്തിവയ്‌ക്കുമ്പോൾ നാമോന്നോർക്കണം, ഉടയവൻ അറിയാതെ ഒന്നും സംഭവിക്കുന്നില്ല. നിങ്ങളുടെ തലയിലെ മുടി പോലുംഎല്ലാംഎണ്ണിയിരിക്കുന്നു.(ലൂക്കോസ് 12:7) ഭീതിയിലൂടെകടന്നുപോകുന്ന നമുക്ക് ഒരോർമ്മപെടുത്തൽ കൂടിയാണ് ഈ മഹാമാരി. ദൈവത്തിൽ നിന്നകന്ന മനുഷ്യനെ ദൈവത്തിങ്കലേക്കു അടുപ്പിക്കുവാൻ ഈ മഹാമാരിക്ക് സാധിച്ചു. ജീവിതപ്രാരാബ്ധങ്ങളുടെ ബദ്ധപ്പാടിൽ പ്രാർത്ഥനയ്ക്കും വചനത്തിനുമൊക്കെ നമ്മിൽ പലരുടെയും ദിനചര്യയിൽ സ്ഥാനം പിറകിലായിരുന്നു. ഇന്ന് സ്ഥിതി മാറി. ഭീതിയുടെ നടുക്കടലിൽ ദൈവമുഖത്തേക്ക് നോക്കുവാൻ പലരും സമയം കണ്ടെത്തുന്നു. പലരുംപറയുന്നു :വചനധ്യാനവും പ്രാർത്ഥനയും ഒക്കെയായി സമയം തള്ളിനീക്കുന്നു എന്ന്. അതുമാത്രവുമല്ല, തങ്ങളുടെ സമ്പത്തിൽ ആശ്രയിക്കുകയും ധനസമൃദ്ധിയിൽ പ്രശംസിക്കുകയും ചെയ്തിരുന്ന പലരും ഇയോബ് പറഞ്ഞപോലെ പൊടിയിൽ നിന്നും ഉത്ഭവിച്ചു മൺപുരകളിൽ പാർത്തു പുഴുപോലെ ചതഞ്ഞരഞ്ഞു പോകുന്നവർ മാത്രമാണ് നാമെന്നും മരിക്കുമ്പോൾ യാതൊന്നും കൊണ്ടുപോകയില്ല എന്ന സത്യം വീണ്ടും ഓർമിക്കുവാൻ തുടങ്ങി. ഞാൻ, എന്റേത് എന്ന് അഹങ്കരിച്ചിരുന്ന മനുഷ്യൻ ഒരു വൈറസ് മതിജീവിതം താറുമാറാകാൻ എന്ന ബോധത്തിൽ എത്തിയിരിക്കുന്നു. ആ തിരിച്ചറിവ് നമ്മെ ഓർമ്മ പെടുത്തിയത് ഈ മഹാമാരിയുടെ വരവാണ്. “അനുഭവമാണ് ഏറ്റവും വലിയ ഗുരു “എന്നപോലെ വേദനകൾമനുഷ്യരാശിക്ക് ഒത്തിരി സമ്മാനിച്ചെങ്കിലും ഈമഹാമാരിനമ്മെയൊക്കെ ഒന്നു മാറ്റിയെടുത്തല്ലോ… ഈയൊരു മാറ്റം, തിരിച്ചറിവ് അനിവാര്യമായിരുന്നു മനുഷ്യന്. നശ്വരമായ ലോകത്തിൽ ആശവയ്ക്കാതെ നിത്യതയ്ക്കായി ഒരുങ്ങാം. ദൈവം നമ്മെ ഈ ദുരന്തമുഖത്തുനിന്നും കരേറ്റുക തന്നെ ചെയും.. അത് വേഗത്തിൽ സംഭവിക്കട്ടെ എന്നാശിക്കുന്നു.
ദീന ജെയിംസ്, ആഗ്ര