ലേഖനം: ഈ ആപത്തുകൾ ഒഴിഞ്ഞു പോകുവോളം | ജോസ് പ്രകാശ്
”…..ഞാൻ അങ്ങയെ ശരണം പ്രാപിക്കുന്നു; അതേ, ഈ ആപത്തുകൾ ഒഴിഞ്ഞു പോകുവോളം ഞാൻ അങ്ങയുടെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു”
(സങ്കീർത്തനങ്ങൾ 57:1).
അന്ന് തന്റെ പ്രാണനെ നശിപ്പിക്കുവാൻ ശ്രമിച്ച ശൌലിന്റെ കൈയിൽ നിന്ന് രക്ഷപ്പെടാൻ ദാവീദ് കണ്ടെത്തിയ അഭയസ്ഥാനം ഒരു ഗുഹ ആയിരുന്നു. വാസം ഗുഹയിൽ ആയിരുന്നെങ്കിലും അപകടകരമായ സാഹചര്യങ്ങൾ പൂർണ്ണമായും മാറുന്നത് വരെ തന്റെ ആശ്രയം ദൈവത്തിന്റെ വിസ്താരമേറിയ ചിറകിന്റെ നിഴലിൽ മാത്രമായിരുന്നു.
ഇന്ന് നമ്മുടെ പ്രാണന് ഭീഷണി ഉയർത്തുന്ന രോഗാണുവിൽ നിന്നും രക്ഷനേടാൻ അകത്തിരിക്കുവാൻ നിർബന്ധിതരായ നാം വീടുകളിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. ഭവനങ്ങളിൽ വിശ്രമിക്കുന്ന വേളകളിൽ നമ്മുടെ ആശ്രയവും പൂർണ്ണമായും യേശുവിൽ ആയിരിക്കട്ടെ.
കാരണം, മയങ്ങാതെ ഉറങ്ങാതെ നമ്മെ പരിപാലിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻ കീഴെ ശരണം പ്രാപിക്കുന്ന നമ്മുടെ പ്രാണന് ഒരു ദോഷവും തട്ടാതവണ്ണം പരിപാലിക്കുവാൻ ദൈവം വിശ്വസ്തനത്രെ.
അത്യുന്നതനും സർവ്വശക്തനുമായ ദൈവത്തിന്റെ ചിറകിന്റെ നിഴലിൻ കീഴിൽ സർവ്വദാ പാർക്കുന്നവരെ വേട്ടക്കാരനായ പിശാചിന്റെ കെണിയിൽ നിന്നും നാശകരമായ മഹാമാരിയിൽ നിന്നും നിശ്ചയമായും ദൈവം വിടുവിക്കും.
സംഹാരകൻ ഒഴിഞ്ഞു പോകുവോളം ദൈവത്തിന്റെ ചിറകിൻ കീഴിൽ ശരണം പ്രാപിക്കുന്നവരെ തന്റെ തൂവലുകൾ കൊണ്ടു ദൈവം മറെച്ചു കൊള്ളും.
അനർത്ഥ ദിവസത്തിൽ തന്റെ കൂടാരത്തിൽ ദൈവം നമ്മെ ഒളിപ്പിക്കുന്നതിനാൽ ഒരു അനർത്ഥവും നമുക്കു ഭവിക്കയില്ല; ഒരു ബാധക്കും നമ്മുടെ കൂടാരത്തോട് അടുക്കുവാൻ കഴികയുമില്ല.
തിരുസാനിദ്ധ്യത്തിന്റെ മറവിലും അത്യുന്നതമായ പാറയുടെ ഉയരത്തിലും ആയതിനാൽ രാത്രിയിലെ ഭയത്തെയും, പകൽ പറക്കുന്ന അസ്ത്രത്തെയും,
ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നമുക്കു പേടിക്കേണ്ടതില്ല.
നമുക്ക് ചുറ്റിലും ആയിരം, പതിനായിരങ്ങളെ വീഴ്ത്തിക്കൊണ്ടിരിക്കുന്ന പകർച്ചവ്യാധി (രോഗവിഷാണു) നമ്മോടു അടുത്തു വരാതിരിക്കുവാൻ
ദൂതന്മാരെ കാവൽ നിർത്തി;
ദീർഘായുസ്സു കൊണ്ടു നമുക്ക് തൃപ്തിവരുത്തി; തന്റെ രക്ഷയെ നമുക്ക് കാണിച്ചതരുന്ന കാരുണ്യവാനായ ഈ ദൈവം ജീവപര്യന്തം നമ്മെ വഴിനടത്തും. (സങ്കീർത്തനങ്ങൾ 91:1-7,10-11,16).
നമ്മുടെ സമൂഹം നേരിട്ട് കൊണ്ടിരിക്കുന്ന മാരകമായ പകർച്ചവ്യാധി ഒഴിഞ്ഞുപോകുവാൻ നമുക്ക് വേണ്ടി സകലവും നിർവഹിക്കുന്ന അത്യുന്നതനായ ദൈവത്തോട് പ്രാർത്ഥിക്കാം. ദൈവം നമ്മോടു കൃപ കാണിച്ച് നമ്മുടെ ദേശത്തെ സൗഖ്യമാക്കുവാൻ ഈ മഹാമാരി ഒഴിഞ്ഞു പോകുവോളം ദൈവത്തിന്റെ ചിറകിൻ നിഴലിൽ കണ്ണുനീരോടെ രാപ്പകൽ ശരണം പ്രാപിക്കാം.
ശാരീരിക, ആത്മീക ആരോഗ്യം ഈ നിർണ്ണായക ഘട്ടത്തിൽ നിലനിർത്താൻ
ദൈവമക്കൾ ആയ നാം ചെയ്യേണ്ട അതിപ്രധാനമായ ചില കാര്യങ്ങൾ ഇവയാണ് :
● രോഗാണുക്കളോട് അകലം (distance) പാലിക്കുക.
ദൈവത്തോട് അടുത്ത് ഇരിക്കുക.
● ആവരണം (mask) കൊണ്ട് മുഖം മറയ്ക്കുക.
ഹൃദയത്തിലെ മൂടുപടം മാറ്റിക്കളയുക.
● കൈകൾ കഴുകി ശുചിത്വം പാലിക്കുക.
വചനത്താൽ കഴുകപ്പെട്ട് ശുദ്ധീകരണം പ്രാപിക്കുക.
● രോഗാണുവിന്റെ ചങ്ങല (chain) പൊട്ടിക്കുക.
ദൈവവുമായുള്ള ബന്ധം ദൃഡമാക്കുക, വിച്ഛേദിക്കാതെ സൂക്ഷിക്കുക.
● അനാവശ്യ കൂട്ടം കൂടലുകൾ ഒഴിവാക്കുക. ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്കുക.
എല്ലാറ്റിലും ഉപരിയായി കർത്താവിലും തന്റെ അമിത ബലത്തിലും ശക്തിപ്പെടാം.
നമ്മുടെ ഇടയിൽ നിന്നും ഈ മഹാമാരി ഒഴിഞ്ഞു പോകേണ്ടതിന്, നമ്മുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടു തിരിഞ്ഞ്, നമ്മെത്തന്നേ താഴ്ത്തി, പ്രാർത്ഥനയിലൂടെ ദൈവമുഖം അന്വേഷിക്കാം. മഹാദൈവം സ്വർഗ്ഗത്തിൽ നിന്നു കേൾക്കും, നമ്മുടെ പാപം ക്ഷമിക്കും, ദേശത്തിന്നു സൌഖ്യം വരുത്തും, ‘യഹോവ റാഫാ’
(2 ദിനവൃത്താന്തം 7:13-14).
ജോസ് പ്രകാശ്