ലേഖനം: വിശ്വാസത്തിൽ നിലനില്പ്പിൻ | ദീന ജെയിംസ്, ആഗ്ര
വിശ്വാസം, അതിന്റെ പരിഭാഷ നമുക്കേവർക്കും സുപരിചിതമാണ്. വിശ്വാസം എന്നതോ ആശിക്കുന്നതിന്റെ ഉറപ്പും കാണാത്തകാര്യങ്ങളുടെ നിശ്ചയവും ആകുന്നു. വിശ്വാസംപ്രസംഗിക്കുവാനും ഉപദേശിക്കുവാനും വളരെഎളുപ്പമാണ്. എന്നാൽ ജീവിതത്തിൽ പ്രവർത്തികമാക്കുവാനാണ് പ്രയാസം. ജീവിതത്തിലെവിഷമഘട്ടങ്ങളിൽ, കയ്‌പേറിയ അനുഭവങ്ങളിൽ പലപ്പോഴുംവിശ്വാസത്തിന്റെ അളവ് കുറഞ്ഞുപോകുന്നു.ഇന്ന് ലോകരാജ്യങ്ങൾ ഭീതിയോടെ നേരിടുന്ന പ്രതിസന്ധിയാണ് കൊറോണ എന്ന മാരക പകർച്ചവ്യാധി. ഓരോ മണിക്കൂറിലും നൂറുകണക്കിന് ആളുകൾ മരിച്ചുവീഴുന്നു.അടുത്ത നിമിഷം എന്ത് ഭവിക്കും എന്നോർത്ത് ലോകജനത പരിഭ്രാന്തിയിൽ കഴിയുന്നു.
നമ്മിൽ ഓരോരുത്തരുടെയും സ്ഥിതി വ്യത്യസ്തമല്ല. എരിതീയിൽ എണ്ണ എന്ന പോലെ ലോക്ക്ഡൌൺ കൂടിയായപ്പോൾ സ്ഥിതി ഏറെ വഷളായി മാറി. ഒരു വിശ്വാസിയെ സംബന്ധിച്ചു വിശ്വാസത്തിന്റെ പരിശോധന എന്ന് വേണമെങ്കിൽ പറയാം. ആരാധനയും പ്രാർത്ഥനാകൂട്ടങ്ങൾ ഒന്നുപോലും മുടക്കാതെ ആത്മീകജീവിതം നയിക്കുന്ന ഒരു ഭക്തന്റെ ജീവിത്തിലെ അഗ്നിശോന കാലം എന്നും വിശേഷിപ്പിക്കാം. വല്ലപ്പോഴും ആരാധനയിലും പ്രാർത്ഥനയിലും പങ്കെടുക്കുന്നവരെ ഇത് കാര്യമായി ബാധിക്കുമെന്നു തോന്നുന്നില്ല. എന്നാൽ ആദ്യം പറഞ്ഞ കൂട്ടരെ പോലെയുള്ള വിശ്വാസിസമൂഹം ഇന്ന് ഒറ്റപെട്ടു വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ കഴിച്ചു കൂട്ടുന്നു. അവിടെയാണ് നമ്മുടെ വിശ്വാസം പരിശോധിക്കപെടുന്നത്. ഏത് പ്രതിസന്ധിയിലും അടിയുറച്ച വിശ്വാസം നമ്മിൽ ഉണ്ടായിരിക്കേണം. യേശു പറഞ്ഞു:എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും(യോഹന്നാൻ 7:38)എബ്രായലേഖനംപതിനൊന്നാം അദ്ധ്യായം വായിക്കുമ്പോൾ വിശ്വാസവീരന്മാരുടെ വലിയൊരു നിരയെ കാണുവാൻ സാധിക്കും. അതികഠിനമായ പ്രതികൂലങ്ങളിലും ക്രിസ്തുവിലുള്ള വിശ്വാസത്തിനു വേണ്ടി ജീവൻ കൊടുക്കാൻ തയ്യാറായവർ!!! 11:34 പറയുന്നു :ബലഹീനതയിൽ ശക്തിപ്രാപിച്ചു. പ്രിയരേ, നമ്മുടെ ജീവിതസാഹചര്യങ്ങൾ ബലഹീനതയിലേക്ക്, നിരാശയിലേക്കു നയിക്കുന്നതായിരിക്കാം. ക്രിസ്തുയേശുവിലുള്ള വിശ്വാസവും പ്രത്യാശയുംകൊണ്ട് മാത്രമേ ശക്തിപ്രാപിക്കുവാൻ കഴിയൂ. ചിലപ്പോൾ ഇന്നത്തേക്കാൾ ദുഷ്കരമായിരിക്കാം വരുംദിനങ്ങൾ…ഇന്ന് നാം ഭവനങ്ങളിൽ പാടുകയും പ്രാർത്ഥിക്കുകയും ഒക്കെ ചെയാൻ സാധിക്കുന്നു. ഒരുപക്ഷേ നാളെയൊരു ദിവസം അതിനും വിലക്കുവന്നേക്കാം.
ഇന്ന് നാം കടന്നുപോകുന്ന അവസ്ഥയുടെ ശക്തി കൂടിയേക്കാം. അവിടെയും എബ്രായബാലന്മാരെപോലെതീചൂളയുടെശക്തികൂടിയാലും വിശ്വാസത്തിനു കോട്ടം സംഭവിക്കുവാൻ ഇടവരരുത്. പത്രോസ് അപ്പോസ്തലൻ പറയുന്നു:പ്രിയമുള്ളവരേ, നിങ്ങൾക്ക് പരീക്ഷയ്ക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവകാര്യം നിങ്ങൾക്കു വന്നുകൂടി എന്ന് വച്ചു അതിശയിച്ചു പോകരുത് (1പത്രോസ്
4:12). കാരണം മുമ്പുകൂട്ടി അരുമനാഥൻ ഇതൊക്കെയും അരുളിചെയ്തിട്ടുണ്ട്. ഇതൊക്കെയും ഈറ്റുനോവിന്റെ ആരംഭമത്രെ. നമ്മുടെ പ്രത്യാശയായ വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ കർത്താവു വേഗം വാനമേഘങ്ങളിൽ പ്രത്യക്ഷനാകാറായി. അതാണ് നമ്മുടെ വിശ്വാസത്തിനാധാരം. ആകയാൽ നമ്മുടെ മനസുറപ്പിച്ചു നിർമദരായി യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിങ്കൽ നമുക്ക് വരുവാനുള്ള കൃപയിൽ പൂർണ്ണപ്രത്യാശവയ്ക്കാം. അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചുപോകയില്ല. ഇന്നുള്ള കഷ്ടങ്ങൾക്ക് നമ്മുടെ വിശ്വാസത്തിനു ക്ഷതമേൽപ്പിക്കുവാൻ സാധ്യമാകാതെവണ്ണം സൂക്ഷിച്ചു പ്രാപിച്ച വിശ്വാസത്തിൽ നിലനിൽക്കാം… നമ്മുടെ കർത്താവു വരുവാൻ അടുത്തിരിക്കുന്നു !!!!!