ലേഖനം: വീണു പോകാതെ ഓടുക | ഗ്ലോറിയ സജി
ക്രിസ്തീയ ജീവിതമെന്ന് പറയുന്നത് ഒരു ഓട്ടക്കളമാണ്. ആ ജീവിതത്തിൽ പലവിധമാകുന്ന വേദനകൾ വരും. ആന്മീയ ജീവിതം ഒരിക്കലും സുഖകരമായ ജീവിതമല്ല. പല പ്രയാസങ്ങളും പ്രതിസന്ധികളും വരുമ്പോൾ നമുക്കതിനെ തരണം ചെയ്യുവാൻ കഴിയണം. അവിടെയാണ് നമ്മുടെ വിജയം എന്ന് പറയുന്നത്
എല്ലാത്തിനെയും മറികടക്കുവാൻ ദൈവത്തിന്റെ കൃപ അത്യന്താപേക്ഷിതമാണ്. ഓരോ നിമിഷവും ദൈവീക കൃപ വേണം. കൃപ ഇല്ലെങ്കിൽ നാം ഒന്നുമില്ല. നമ്മളിൽ പലരും പലവിധമാകുന്ന വിഷമങ്ങളിൽ കൂടി കടന്നു പോകുന്നവർ ആയിരിക്കും. എങ്കിലും അതിലൊന്നും വീണുപോകാതിരിക്കുവാൻ നാം ദൈവത്തിൽ ആശ്രയിക്കുക, ദൈവം നമ്മെ തന്റെ നീട്ടിയ ഭുജം കൊണ്ട് ബലപ്പെടുത്തും. പല പ്രയാസങ്ങൾ വരുമ്പോൾ നാം ഓർക്കുക, നമുക്ക് സഹിക്കുവാൻ പറ്റാത്ത വിധം ഒന്നും ദൈവം തരികയില്ല
എന്റെ ജീവിതത്തിൽ പല പ്രയാസങ്ങൾ വന്നപ്പോൾ ഞാൻ പലപ്പോഴും വിചാരിച്ചിട്ടുണ്ട് വീണുപോയി എന്ന്. നമ്മൾ മാനുഷികമായ രീതിയിൽ അങ്ങനെയൊക്കെ ചിന്തിച്ചെന്നിരിക്കും. എങ്കിലും ദൈവീക പ്രവർത്തിയിൽ കൂടി നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും ദൈവം നമ്മോടു കൂടെ ഉണ്ട് എന്ന്, ദൈവം നമ്മോട് പലരീതിയിലും സംസാരിക്കും. തിരുവെഴുത്തിൽ നമുക്ക് ഇപ്രകാരം കാണുവാൻ സാധിക്കും ചതഞ്ഞ ഓട അവൻ ഓടിച്ചു കളയില്ല, ദൈവം നമ്മെ തിരഞ്ഞെടുത്തു, അതുകൊണ്ട് തന്നെ നാം ഒരിക്കലും വീണു പോകയില്ല.
സങ്കീർത്തനം 37:24 ഇങ്ങനെ പറയുന്നു, “നാം വീണാലും യഹോവ നിന്നെ കൈപിടിച്ചു താങ്ങുന്നു”. ദൈവത്തിന്റെ സ്നേഹം അത്രമാത്രമാണ് നമ്മളോട് ഓരോരുത്തരോടും. ബലഹീനതകൾ വരുമ്പോൾ ദൈവസന്നിധിയിൽ താണിരുന്ന് നമ്മളുടെ തെറ്റുകൾ ഏറ്റു പറയുക. നമ്മുടെ ഉള്ള അവസ്ഥ ഉള്ളപോലെ അറിയുന്ന ഒരു ദൈവം ആണ് നമുക്കുള്ളത്. നമ്മൾ പലപ്പോഴും വിചാരിക്കും എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ ജീവിതത്തിൽ സംഭവിച്ചു പോകുന്നത് എന്ന്, എന്താണ് ഒരു ഉയർച്ച ഇല്ലാത്തത് എന്ന്. മനുഷ്യൻ നമ്മളെ വിധിച്ചെന്നിരിക്കും, എന്നാൽ സകല വിധിയെയും മാറ്റി മറിക്കുന്ന ഒരു കരമുണ്ട്. ഒരു അപ്പൻ തന്റെ മകൻ വീഴുമ്പോൾ കോരി എടുക്കുന്നതു പോലെ നമുക്ക് ഒരു നല്ല അപ്പൻ സ്വർഗ്ഗത്തിൽ ഉണ്ട്
സങ്കീർത്തനം 136:23 നമുക്ക് കാണുവാൻ സാധിക്കും, “നമ്മുടെ താഴ്ച്ചയിൽ നമ്മെ ഓർത്തവന്, അവന്റെ ദയ എന്നേക്കുമുള്ളത്”. പ്രയാസങ്ങൾ ജീവിതത്തിൽ വരുമ്പോൾ ഒരു പക്ഷെ ആരും കാണില്ല കൂടെ നിൽക്കുവാൻ. കൂടെയുള്ളവർ അകന്നു പോയേക്കാം ,എന്നാലും ഉപേക്ഷിക്കാത്ത, ഒരിക്കലും തള്ളികളയാത്ത ദൈവത്തെ ആണ് നമ്മൾ നമ്മൾ സേവിക്കുന്നത്.
നമ്മളെ തന്നെ ദൈവസന്നിധിയിൽ താഴ്ത്തി ഏൽപ്പിച്ചു കൊടുക്കുക. താഴ്മയുള്ളവരെ യഹോവ കടാക്ഷിക്കുന്നു എന്ന് ബൈബിളിൽ പറയുന്നു. കണ്ണുനീർ കണ്ടു അത് മറികടക്കുന്ന ഒരു ദൈവം അല്ല നമ്മുടെ ദൈവം. ഓരോ കണ്ണുനീരിനും വിലയുണ്ട്. തന്റെ തുരുത്തിൽ അത് ആക്കിവയ്ക്കുന്ന ദൈവമാണ്. കണ്ണുനീരിന് പ്രതിഫലമുണ്ട്. അതിനാൽ ദൈവസന്നിധിയിൽ ബലപ്പെട്ടിരിക്കുക. മറ്റുള്ളവർ നമ്മെ താഴ്ത്തിയാലും നമ്മുടെ അവസ്ഥ കണ്ടു പരിഹസിച്ചാലും ദൈവം നമ്മളെ കൈവിടുകയില്ല
വാഗ്ദത്തം അടുക്കുമ്പോൾ ആണ് ശത്രു നമ്മളെ തളർത്തി കളയുവാൻ നോക്കുന്നത്. ഓർക്കുക നമ്മുടെ അനുഗ്രഹം ഒരിക്കലും ശത്രു എടുത്തു കളയില്ല, ശ്രമിച്ചാലും ദൈവം അതിനു സമ്മതിക്കില്ല. അതിനാൽ തന്നെ പിന്തിരിഞ്ഞു പോകാതെ നമ്മളെ വിളിച്ച വിളിക്ക് ഒത്തവണ്ണം ഓടുക
അതുകൊണ്ട് നമുക്ക് ഇപ്രകാരം പറയുവാൻ സാധിക്കണം, പ്രയാസങ്ങൾ വരുന്നത് നമ്മളെ നശിപ്പിക്കുവാൻ അല്ല, മറിച്ച് നമ്മളിലുള്ള അധികാരത്തെ തിരിച്ചറിയുവാനും നമ്മൾ മുഖാന്തരം ദൈവത്തിന്റെ മഹത്വം ഭൂമിയിൽ വിളിച്ചോതൂവാനുമാണ്
ഗ്ലോറിയ സജി