ലേഖനം: കാണാത്തതിനായി കാത്തിരിക്കാം | ജോസ് പ്രകാശ്

ഭൗമികർ തങ്ങൾ ഭൂമിയിൽ കാണുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ജീവിതം നയിക്കുന്നത്. എന്നാൽ ആത്മീകരുടെ വാസം ഭൂമിയിൽ ആണെങ്കിലും, ജീവിക്കേണ്ടത് വരുവാനുള്ള പുതുവാന ഭൂമിയെ വിശ്വാസത്താൽ കണ്ടായിരിക്കണം.
രക്ഷകനായ യേശു ക്രിസ്തുവിൽ വിശ്വസിച്ച്, വീണ്ടും ജനിച്ച് ദൈവ മക്കളായവർ നടക്കേണ്ടതും ജീവിക്കേണ്ടതും വിശ്വാസത്താലാണ്.

വിശ്വാസത്താൽ അബ്രഹാം തനിക്കു അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാവാൻ വിളിക്കപ്പെട്ടാറെ അനുസരിച്ചു എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു (എബ്രായർ 11:8,10).
താൻ യാത്ര ആരംഭിച്ചത് വിശ്വാസത്താൽ ആയിരുന്നു. തുടർന്നുള്ള ജീവിതവും വിശ്വാസത്തിൽ അധിഷ്ഠിതമായിരുന്നു. പരദേശ വാസം അവസാനിച്ചതും വിശ്വാസത്തിൽ ആയിരുന്നു.

ഉയരത്തിൽ ഉള്ളതിനെക്കുറിച്ച് മാത്രം ചിന്തിച്ച അബ്രഹാം വിശ്വാസത്താൽ നടന്നു. കൺമുന്നിൽ ദൃശ്യമായതൊന്നും ഇല്ലായിരുന്നെങ്കിലും
ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ അദൃശ്യ നഗരത്തിന്നായി ആശയോടെ താൻ കാത്തിരുന്നു.

ഭൂമിയിൽ ഉള്ളതിനെക്കുറിച്ച് മാത്രം ചിന്തിച്ച ലോത്ത്
കാഴ്ച്ചയാൽ നടന്നു. താൻ നോക്കിയതും, കണ്ടതും; തിരഞ്ഞെടുത്തതും എല്ലാം കണ്ണിനു ഇമ്പമാർന്ന താല്ക്കാലിക നേട്ടങ്ങളായിരുന്നു. അങ്ങനെ അവർ തമ്മിൽ പിരിയേണ്ടി വന്നു (ഉല്പത്തി 13:10-11). കാഴ്ച്ചയാൽ നടക്കുന്ന ജഡീകർക്കും, വിശ്വാസത്താൽ ജീവിക്കുന്ന ആത്മീകർക്കും ഒരിക്കലും ഒരേ ദിശയിലെ സഞ്ചാരം ശ്രമകരമല്ല.

മൺകൂടാരമായ തങ്ങളുടെ ഭൌമ ഭവനം (ശരീരം) ഒരു നാൾ അഴിഞ്ഞു പോകുമെന്നും, കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം തങ്ങൾക്കു സ്വർഗ്ഗത്തിൽ ഉണ്ടെന്നും അറിഞ്ഞ അപ്പൊസ്തലർ ദൃശ്യമായ
കാഴ്ചകളുടെ അടിസ്ഥാനത്തിൽ അല്ല നടന്നതും ജീവിച്ചതും. വിശ്വാസത്താലത്രേ അവർ പരദേശ പ്രയാണം പൂർത്തിയാക്കിയത്
(2 കൊരിന്ത്യർ 5:1,7). ഒരിക്കലും കാണാത്ത ഒരു കെട്ടിടത്തെ (ഭവനത്തെ) കൺമുന്നിൽ എന്ന പോൽ വിശ്വാസ കണ്ണുകളാൽ അവർ കണ്ടു. ക്രിസ്തീയ ജീവിതത്തിന്റെ നങ്കൂരം കാഴ്ചകളാലല്ല, വിശ്വാസത്തലാണ് ഉറപ്പിക്കേണ്ടത്.

വിശ്വാസ കണ്ണുകളാൽ അദൃശ്യ കാര്യങ്ങളെ കണ്ടവർ അധൈര്യപ്പെടാതെ തങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചു പോകുന്നതിൽ നിരാശപ്പെടുന്നില്ല. തങ്ങളുടെ അകമേയുള്ളവൻ (ആത്മമനുഷ്യൻ) നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നതിൽ അവർ ആനന്ദം കണ്ടെത്തുന്നു (2കൊരിന്ത്യർ 4:16,18).

യേശു കർത്താവിനെ ഒരിക്കലും നാം കണ്ടിട്ടില്ലെങ്കിലും തന്നിൽ വിശ്വസിക്കുന്നു. ഇപ്പോൾ കാണാതെ വിശ്വസിക്കുന്ന നാം വിശ്വാസത്തിന്റെ അന്തമായ ആത്മരക്ഷ പ്രാപിക്കയും, പറഞ്ഞുതീരാത്തതും മഹിമയുള്ളതുമായ സന്തോഷത്തോടെ ആനന്ദിക്കയും ചെയ്യുന്ന മഹൽ ഭാഗ്യമാം ദിനം എത്രയും വേഗം ആഗതമാകും. ഇന്ന് വിശ്വാസത്താൽ ആരാധിക്കുന്ന നാം അന്ന് പ്രാണപ്രിയന്റെ പൊന്മുഖം കണ്ട് ആരാധിക്കും. കാണാതെ വിശ്വസിക്കുന്നവർ നിശ്ചയമായും ഭാഗ്യവാന്മാരാണ്
(1പത്രൊസ് 1:8-9).

കാണാത്ത കാര്യങ്ങളെ ഉറപ്പോടെ ആശിക്കുവാനും അവയെ നിശ്ചയമായും പ്രാപിക്കുവാനും വിശ്വാസം അനിവാര്യമാണ്. അങ്ങനെയാണ് പൂർവ്വികന്മാർക്കു സാക്ഷ്യം ലഭിച്ചതു. ഈ കാണുന്ന ലോകത്തിനു ദൃശ്യമായതല്ല കാരണം എന്നും ലോകം ദൈവത്തിന്റെ വചനത്താലാണ് നിർമ്മിക്കപ്പെട്ടത് എന്നു വിശ്വാസത്താൽ അറിയുന്ന നാം കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ നോക്കി പാർക്കേണ്ടത്; കാണുന്നതു താൽക്കാലികം, കാണാത്തതോ നിത്യം.

നാം കാണുന്ന കാര്യങ്ങൾക്കായി മാത്രം പ്രത്യാശിക്കുന്നവരെങ്കിൽ സകല മനുഷ്യരിലും അരിഷ്ടർ ആകുന്നു. മൺമയമാം ഈ ഉലകിൽ കാണ്മതെല്ലാം മായ അത്രെ. ആകയാൽ കാണാത്തതിന്നായി പ്രത്യാശിക്കാം, അതിന്നായി ക്ഷമയോടെ കാത്തിരിക്കാം (റോമർ 8:24-25).

ക്രിസ്തുവിൽ,
ജോസ് പ്രകാശ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply