കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് ഒമാൻ ആരോഗ്യ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു
കോവിഡ് 19 അണുബാധ ഉണ്ടായാൽ വീട്ടിൽ ചെയ്യാവുന്ന രോഗപ്രതിരോധ മാർഗ്ഗങ്ങൾ ഒമാൻ ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച പുറപ്പെടുവിച്ചു. ആരെങ്കിലും ഇവ ലംഘിക്കുന്നതായി കണ്ടാൽ നിയമ നടപടി നേരിടേണ്ടിവരുമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
1. അണുബാധയുള്ള വ്യക്തിക്കായി വായുസഞ്ചാരമുള്ള ഒറ്റമുറി വീട് സജ്ജീകരിക്കണം. റൂമിനുള്ളിൽ തന്നെ ശുചിമുറിയും ഉണ്ടായിരിക്കണം.
2. അണുബാധയുണ്ടായ വ്യക്തിയോടൊപ്പം കുടുംബത്തിലെ ഒരാൾക്ക് താമസിക്കണമെന്നുണ്ടെങ്കിൽ കുറഞ്ഞത് രണ്ട് മീറ്ററെങ്കിലും അകലം പാലിച്ചിരിക്കണം.
3. അണുബാധ ഉണ്ടായ വ്യക്തി വീടിന് പുറത്തിറങ്ങാൻ പാടുള്ളതല്ല.
4. നിശ്ചയിക്കപ്പെട്ട വ്യക്തി മാത്രമേ അണുബാധയുള്ള വ്യക്തിയെ പരിചരിക്കാവൂ. പരിചരിക്കുന്നയാൾ നിർബന്ധമായും സർജിക്കൽ മാസ്ക് ധരിച്ചിരിക്കണം. ഉപയോഗശേഷം മാസ്ക് നശിപ്പിക്കുകയും, കൈകൾ സോപ്പോ, ആൽക്കഹോൾ അടക്കമുള്ള അണുനാശിനികൾ ഉപയോഗിച്ചോ വൃത്തിയായി കഴുകുകയും വേണം.
5. അണുബാധ ഏറ്റാൽ വിവാഹം, മരണം, ആരാധന തുടങ്ങി ആളുകൾ കൂടുന്ന ഇടങ്ങളിൽ നിന്നും ഒഴിഞ്ഞിരിക്കണം.
6. രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ ടിഷ്യൂ പേപ്പർ ഉപയോഗിച്ച് വായും മുഖവും പൊത്തി പിടിക്കുകയോ, വസ്ത്രത്തിലെ കൈ ഭാഗം ഉപയോഗിച്ച് വാ മൂടുകയോ ചെയ്യണം.
7. ഉപയോഗിച്ച ടിഷ്യു നശിപ്പിക്കുകയും, അണുനാശിനിയോ സോപ്പോ ഉപയോഗിച്ച് ശരീരം അണുവിമുക്തമാക്കുകയും വേണം.
8. കൂടെക്കൂടെ സോപ്പോ ആൽക്കഹോൾ അടക്കമുള്ള അണുനാശിനിയോ ഉപയോഗിച്ച് ശരീരം വൃത്തിയാക്കുന്നത് നല്ലതാണ്.
9. രോഗി ഉപയോഗിക്കുന്ന പാത്രം, ഗ്ലാസ്, തോർത്ത് കിടക്ക തുടങ്ങി സാധനങ്ങൾ വീട്ടിലെ മറ്റ് അംഗങ്ങളുമായി പങ്കുവയ്ക്കാതിരിക്കുക.
10. അണുബാധയുള്ള വ്യക്തി തുടർച്ചയായി സ്പർശിക്കുന്ന പ്രതലങ്ങൾ, (മേശ, കട്ടിൽ ) ടോയ്ലറ്റ് എന്നിവ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുക.
11. അണുബാധ ഏറ്റയാളുടെ വസ്ത്രങ്ങൾ പ്രത്യേകമായി കഴുകി ഉണക്കി എടുക്കുക.
12. വസ്ത്രങ്ങൾ അലക്കുമ്പോൾ ഉപയോഗിച്ചശേഷം കളയാവുന്ന കൈയുറകൾ ഉപയോഗിക്കുക. കൈയുറകൾ മാറ്റിയശേഷം കൈ വൃത്തിയായി കഴുകുന്നതിനും ശ്രദ്ധിക്കണം.
രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയ ദിവസം മുതൽ 48 മണിക്കൂർ ആയിരിക്കും നിരീക്ഷണ കാലയളവ്. ഈ സമയങ്ങളിൽ മറ്റാർക്കും രോഗികളോടൊപ്പം ഇടപഴകാൻ അനുവദിക്കുന്നതല്ല. അണുബാധ ഏറ്റയാളെ ആരോഗ്യപ്രവർത്തകരോ, മെഡിക്കൽ സംഘാങ്ങളോ സന്ദർശിക്കുമ്പോൾ ഇരുകൂട്ടരും സർജിക്കൽ മാസ്ക് ധരിച്ചിരിക്കണം. ഒറ്റപ്പെട്ട റൂമിൽ താമസിക്കുന്ന രോഗിയെ രോഗലക്ഷണങ്ങളില്ലെന്നു കണ്ടാൽ 14 ദിവസം പരസമ്പർക്കം ഇല്ലാതെ നിരീക്ഷണങ്ങൾ നടത്തിയശേഷം മാത്രമേ പുറത്തുവിടാവൂ. ആ കാലയളവിൽ എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു അടിയന്തര നടപടികൾ സ്വീകരിക്കണം.