ഖത്തര്‍ നിവാസികള്‍ മുഴുവന്‍ നാളെ മുതല്‍ ആറ് മാസത്തിനുള്ളില്‍ വിലാസം രജിസ്റ്റര്‍ ചെയ്യണം
ദോഹ: ഖത്തര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ മേല്‍വിലാസ പദ്ധതി നാളെ മുതല്‍ നിലവില്‍ വരും. തിങ്കളാഴ്ച്ച തൊട്ട് അടുത്ത ആറ് മാസത്തിനുള്ളില്‍ ഖത്തറിലെ മുഴുവന്‍ സ്വദേശികളും വിദേശികളും തങ്ങളുടെ പൂര്‍ണ വിലാസം പൂരിപ്പിച്ച് നല്‍കണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
താമസിക്കുന്ന സ്ഥലത്തിന്റെ വിലാസം, ഫിക്‌സഡ് ടെലിഫോണ്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇമെയില്‍, തൊഴിലുടമയുടെ വിലാസം, പ്രവാസിയാണെങ്കില്‍ നാട്ടിലെ വിലാസം എന്നിവയാണ് രജിസ്‌ട്രേഷന്‍ ഫോമില്‍ പൂരിപ്പിച്ചു നല്‍കേണ്ടത്. 2020 ജൂലൈ 26 ആണ് രജിസ്‌ട്രേഷനുള്ള അവസാന തിയ്യതി.
കുട്ടികളുടെ വിവരങ്ങള്‍ രക്ഷിതാക്കളാണ് നല്‍കേണ്ടത്. ഒരിക്കല്‍ നല്‍കിയ വിവരങ്ങള്‍ പിന്നീട് തിരുത്താനാവും. അതേ സമയം, തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ 10,000 റിയാല്‍വരെ പിഴയൊടുക്കേണ്ടി വരും.
പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും മെത്രാഷ് 2 ആപ്പ് വഴിയോ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ സര്‍വീസ് സെന്ററുകള്‍ വഴിയോ വിലാസം രജിസ്റ്റര്‍ ചെയ്യാം. നിശ്ചിത സമയത്തിനകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം, നീതിന്യായ മന്ത്രാലയം, സുപ്രിം ജുഡീഷ്യറി കൗണ്‍സില്‍, ആസൂത്രണ സ്ഥിതിവിവര അതോറിറ്റി തുടങ്ങിയ സര്‍ക്കാര്‍ വിഭാഗങ്ങള്‍ ജനങ്ങളുമായി ആശയ വിനിമം നടത്തുന്നതിന് ദേശീയ മേല്‍വിലാസം പ്രയോജനപ്പെടുത്തും.




- Advertisement -