ലേഖനം: അവനെ പ്രസാദിപ്പിച്ചുകൊൾവിൻ…
ദീന ജെയിംസ്, ആഗ്ര
നമ്മുടെ ജീവിതത്തിൽ ദൈവത്തിനു പ്രസാദമുള്ള തുചെയുമ്പോൾ ചിലപ്പോൾ ചില നഷ്ടങ്ങൾ വന്നേക്കാം, നമ്മിൽ പ്രസാദിച്ചിരുന്ന പലരും വെറുത്തേക്കാം, എന്നാൽ നമ്മുടെ തീരുമാനം ഉറച്ചതായിരിക്കട്ടെ
ദൈവം നമ്മോട് കൃപചെയ്യുവാൻ തക്കവണ്ണം അവനെ പ്രസാദിപ്പിച്ചുകൊൾവിൻ എന്ന് മലാഖിപ്രവാചകൻ യിസ്രായേലിനോട് ദൈവത്തിന്റെ അരുളപ്പാട് അറിയിക്കുന്നു. ഞാനും നിങ്ങളുംഎത്തിനിൽക്കുന്ന ഈ കാലഘട്ടത്തിൽ അതേ ദൈവികശബ്ദം വീണ്ടുംമുഴങ്ങികേൾക്കുന്നു. ഇന്നത്തെ ആത്മീകലോകത്തിൽ ദൈവത്തെ പ്രസാദിപ്പിക്കേണം, അവന്റെ ഹിതം പ്രവർത്തിക്കേണം എന്നുള്ളത് ഭൂരിഭാഗം ആളുകളും മറന്നുപോയിരിക്കുന്നു എന്നുവേണം കരുതാൻ.
ഓരോവ്യക്തികളും സ്വയലാഭേച്ഛകൾക്കുവേണ്ടിയോ, മറ്റുള്ളവരുടെ പ്രീതിസമ്പാദിക്കാനോവേണ്ടി മനുഷ്യനെ പ്രസാദിപ്പിക്കുന്നതിൽ വ്യാപൃതരായിമാറിയിരിക്കുന്നു. എങ്ങനെയെങ്കിലും മനുഷ്യപ്രസാദം നേടി പ്രശസ്തരും പ്രഗത്ഭരും ആയിതീരുവാൻ ആഗ്രഹിക്കുന്നു. എന്നിട്ട് ഉറക്കെ പാടുകയും ചെയ്യുന്നു :”നിന്റെ പേരിൽ ഞങൾ ചെയും വേലകൾ.. തിരുനാമവും ധരിച്ചു ചെയും ക്രിയകൾ. “അതേ,വളരെയധികം ഉണർവ് നടന്നുകൊണ്ടിരിക്കുന്നു, ദൈവനാമത്തിൽ അനേകം പ്രവർത്തനങ്ങൾ നടക്കുന്നു, കേൾക്കുമ്പോൾ തന്നെ ആത്മശക്തി വ്യാപരിക്കുന്ന പോലെയുള്ള പലവിധ മീറ്റിങ്ങുകൾ, ക്രൂസേഡുകൾ, നീണ്ടുപോകുന്നു ലിസ്റ്റ്…. വളരെ നല്ലത് തന്നെ. ഓരോരുത്തരും ദൈവം നല്കിയ കൃപയ്ക്കും കഴിവിനും ഒത്തവണ്ണം അധ്വാനിക്കട്ടെ !!പ്രതിഫലം നല്കുന്നത് കർത്താവത്രെ..
എന്നാൽ നാം ചെയുന്ന ഓരോ പ്രവർത്തിയിലും ദൈവം പ്രസാദിക്കുന്നുണ്ടോ എന്നുകൂടി ശോധന ചെയേണ്ടിയിരിക്കുന്നു. കാരണം ദൈവം നമ്മോടു കൃപ ചെയണമെങ്കിൽ അവനെ പ്രസാദിപ്പിച്ചെങ്കിൽ മാത്രമേ കഴിയൂ. കയീനും ഹാബേലും യഹോവയ്‌ക്കു വഴിപാട് കൊണ്ടുവന്നു. എന്നാൽ ഹാബെലിന്റ വഴിപാടിൽ മാത്രമേ ദൈവം പ്രസാദിച്ചൂള്ളൂ. എല്ലാവരും പാടുന്നു, ആരാധിക്കുന്നു, എന്നാൽ ആരിലൊക്കെ ദൈവം പ്രസാദിക്കുന്നു ??? അവനെ പ്രസാദിപ്പിക്കുക എന്നുള്ളതായിരിക്കേണം നമ്മുടെ ലക്‌ഷ്യം. ദൈവഹിതം തിരിച്ചറിഞ്ഞ ഒരു ഭക്തന്റെ ആഗ്രഹം സകലത്തിലും ദൈവ പ്രസാദം പ്രാപിക്കേണം എന്നുള്ളതാണ്.
അവനറിയാം ദൈവപ്രസാദം ഉണ്ടെങ്കിൽ മാത്രമേ ജീവിതം ധന്യമാകുവെന്ന്. ജീവിതത്തിൽ ആ അനുഭവം പ്രാപിച്ച സങ്കീർത്തനക്കാരൻ പറയുന്നു :നിന്റെ പ്രസാദത്താൽ ഞങളുടെ കൊമ്പ് ഉയർന്നിരിക്കുന്നു. (സങ്കീ :89:17)ഹിസ്കീയാവിന്റെ ജീവിതം ഉത്തമഉദാഹരണം ആണ്. അവൻ തന്റെ പിതാവായ ദാവീദ് ചെയ്തത് പോലെയൊക്കെയും യഹോവയ്‌ക്കു പ്രസാദമായുള്ളത് ചെയ്തു (2രാജാ :18:3)അനന്തരഫലമോ യഹോവ അവനോടു കൂടെ ഉണ്ടായിരുന്നു, അവൻ ചെന്നോടുത്തൊക്കെയും കൃതാർത്ഥനായി വന്നു (2രാജാ :18:7)അതുമാത്രമല്ല അവന്റെ പ്രാർഥന കേട്ട് രണ്ടു മഹാത്ഭുതങ്ങൾ ദൈവം അവനുവേണ്ടി പ്രവർത്തിച്ചു, അശൂർ രാജാവിന്റെ വെല്ലുവിളിക്കുമുൻപിൽ യഹോവയുടെ ദൂതൻ ഇറങ്ങി പ്രവർത്തിച്ചു, മരിച്ചുപോകുമെന്ന പ്രവാചകന്റെ ദൂതിനെ മാറ്റി ആയുസിനോട് പതിനഞ്ചു സംവത്സരം നീട്ടികൊടുത്തു. ഈ വിടുതലുകളുടെ പിന്നിലെ രഹസ്യം ഹിസ്കീയാവു യഹോവയ്‌ക്കു പ്രസാദമുള്ളതു ചെയ്തു എന്നുള്ളതാണ്.
ദൈവ പ്രസാദമുള്ള പ്രവർത്തികൾ ചെയുവാൻ നമുക്കും തീരുമാനിക്കാം. നമ്മുടെ ജീവിതത്തിൽ ദൈവത്തിനു പ്രസാദമുള്ള തുചെയുമ്പോൾ ചിലപ്പോൾ ചില നഷ്ടങ്ങൾ വന്നേക്കാം, നമ്മിൽ പ്രസാദിച്ചിരുന്ന പലരും വെറുത്തേക്കാം, എന്നാൽ നമ്മുടെ തീരുമാനം ഉറച്ചതായിരിക്കട്ടെ, റോമാലേഖനകർത്താവ് ഇപ്രകാരം പറയുന്നു :നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ. ഈ ലോകത്തിനു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സ്പുതുക്കി രൂപാന്തരപ്പെടുവിൻ (റോമർ 12:1-2)ആകയാൽ പ്രിയമുള്ളവരേ, നമ്മുടെ ജീവിതം ദൈവപ്രസാദമുള്ളതായിതീരുവാൻ യത്നിക്കാം, അവന്റെ പ്രസാദത്താൽ നമ്മുടെ കൊമ്പ് ഉയർന്നിരിക്കട്ടെ !!!