അഭിമുഖം: വ്യത്യസ്ത വേദശാസ്ത്ര കാഴ്ചപ്പാടുമായി ഒരു സാധാരണക്കാരൻ: റവ.ഡോ. ബിജു ചാക്കോ
തയ്യാറാക്കിയത്: ബിൻസൻ.കെ.ബാബു കൊട്ടാരക്കര
അനുഗ്രഹിത ബൈബിൾ പ്രഭാഷകൻ, വേദാദ്ധ്യാപകൻ, വേദശാസ്ത്രജ്ഞൻ, സഭാ ശുശ്രൂഷകൻ, വാഗ്മി, എഴുത്തുകാരൻ എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച ഡെറാഡൂൺ ന്യൂ തിയോളജിക്കൽ കോളേജ് ന്യൂ ടെസ്റ്റ്മെന്റ് അസോസിയേറ്റ് പ്രഫസർ. ഡോ. ബിജു ചാക്കോയുമായി എഴുത്തുകാരനും ക്രൈസ്തവ എഴുത്തുപുര ഉത്തരഘണ്ട് കോഡിനേറ്ററുമായ ബിൻസൻ കെ. ബാബു കൊട്ടാരക്കര നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളിലേയ്ക്ക്…
ഇന്ന് സഭ നേരിടുന്ന സമകാലിക വിഷയങ്ങൾ, മറ്റ് വേദശാസ്ത്ര വിഷയങ്ങൾ ചർച്ച ചെയ്യുന്നു..
1.തിയോളജിക്കൽ പഠനം തിരഞ്ഞെടുക്കാനുള്ള കാരണം?
ക്രിസ്തീയ ശ്രുശൂഷക്ക് ക്രമീകൃതമായ തിയോളജിക്കൽ പഠനം അനിവാര്യമാണ് എന്ന തിരിച്ചറിവാണ് ഇത് തിരഞ്ഞെടുക്കുവാനുള്ള കാരണം. ഇതിനെക്കുറിച്ചു ഒന്നും അറിവില്ലാതിരുന്ന കാലത്ത് ഞങ്ങളുടെ സഭയിൽ (മാതൃസഭയിൽ )ശ്രുശൂഷകനായി വന്ന പാസ്റ്റർ. ഫിന്നി ജോർജ് ആണ് ഇതിന് നിർദ്ദേശങ്ങൾ നൽകിയത്. അതില്ലായിരുന്നെങ്കിൽ, ഒരുപക്ഷെ ഇന്നത്തെ നിലയിലെത്താനാകുമായിരുന്നില്ല. പാസ്റ്റർ. ഫിന്നി ജോർജ് അന്ന് BD ഗ്രാഡുവേറ്റ് ആയിരുന്നതുകൊണ്ട് ക്രമീകൃത വേദവിദ്യാഭ്യാസത്തെക്കുറിച്ചും അതിന്റെ അനിവാര്യതയെക്കുറിച്ചും നല്ല ബോധ്യമുണ്ടായിരുന്നു. സുവിശേഷവേലയിൽ അദ്ദേഹത്തെപ്പോലെയാകണം എന്ന ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹം ഞങ്ങൾക്ക് നൽകിയ പ്രോത്സാഹനം വിലമതിക്കാനാകാത്തതാണ്. അങ്ങനെയുള്ള പാസ്റ്റർമാർ നമുക്കുണ്ടാകണം. രണ്ടാമതായി ടീച്ചിങ് ആണ് എനിക്ക് ദൈവം നൽകിയിരിക്കുന്ന കഴിവും വിളിയും എന്ന തിരിച്ചറിവു ക്രമീകൃതമായ വേദശാസ്ത്ര പഠനത്തിന് പ്രേരകമായി.
2.ഏതൊക്കെ ബൈബിൾ കോളേജുകളിൽ നിന്നാണ് പഠനം പൂർത്തീകരിച്ചത്?
സെറാംപൂർ കോളേജ് കൽക്കട്ടയിൽ നിന്നും BD.ചെന്നൈ ലൂഥറൻ തിയോളജിക്കൽ കോളേജിൽ നിന്നും MTh, ബാംഗ്ലൂർ യൂ റ്റി സി യിൽ നിന്നും ഡോക്ടറൽ ഡിഗ്രി. യൂ റ്റി സിയിൽ പഠിക്കുന്ന കാലയളവിൽ യൂണിയൻ പ്രസ്ബിറ്റേറിയൻ സെമിനാരി റിച്ചമോണ്ടിൽ നിന്നും റിസേർച് ചെയ്യുവാൻ അവസരം ഉണ്ടായി.
3.ഇത്രയും നാളത്തെ ക്രിസ്തീയ ശുശ്രൂഷയിൽ ഏതൊക്കെ രീതിയിൽ പങ്കാളിത്തം വഹിച്ചിട്ടുണ്ട്?
1998 മുതൽ പഠനവും സുവിശേഷപ്രവർത്തനങ്ങളുമായി (അന്നുമുതൽ പരസ്യയോഗങ്ങളിൽ പ്രസംഗിച്ചിട്ടുണ്ട് )ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിലായിരുന്നു. പ്രധാനമായും ടീച്ചിങ് മിനിസ്ട്രിയിൽ ആണ്. എങ്കിലും ഇതോടൊപ്പം പാസ്റ്ററൽ മിനിസ്ട്രി ചെയ്തിട്ടുണ്ട് (GFA-മലയാളം ആരാധന), കിഷൻപുർ ഡെറാഡൂൺ (3വർഷം ), ബാംഗ്ലൂർ ഉദയനഗർ ഐ പി സി (ഇംഗ്ലീഷ് ചർച്ച് പാസ്റ്റർ ).ഭവന സന്ദർശനം, ട്രാക്ട് കൊടുക്കുക, പരസ്യയോഗം, പ്രസംഗം, അധ്യാപനം, അഡ്മിനിസ്ട്രേഷൻ, ഇടയശ്രുശൂഷ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ പങ്കുവഹിക്കുവാൻ കർത്താവ് സഹായിച്ചു.
4.ഇന്ന് അനേകർ ബൈബിൾ കോളേജുകളിൽ പഠിക്കുന്നുണ്ട്, പഠിച്ചിറങ്ങുന്നുണ്ട് എന്നാൽ അവരൊക്കെ ഭാരതസുവിശേഷികരണത്തിനാണോ ഊന്നൽ കൊടുക്കുന്നത്?
അഭിപ്രായം
ഇന്ന് വേദശാസ്ത്ര വിദ്യാഭ്യാസത്തിനു ഒരു പ്രഫഷണൽ സ്വഭാവം കൈവന്നിട്ടുണ്ട്. ഒരർത്ഥത്തിൽ “കൊയ്ത്തു വളരെയുണ്ട് സത്യം, വേലക്കാരോ ചുരുക്കം “എന്നത് അന്വർത്ഥമാണ്. പഠനത്തിന് ശേഷം മറ്റു സാമൂഹിക സാമ്പത്തിക മേഖലകളിൽ ജോലിക്ക് കയറുന്നവർ ധാരാളമാണ്. ഭാഷാനൈപുണ്യം നേടാനുള്ള ഉപാധിയായും ചിലർ ഇതിനെ കാണുന്നു. ബൈബിൾ കോളേജുകൾ ധാരാളം, പഠിച്ചിറങ്ങുന്നവർ ധാരാളം, പക്ഷെ എല്ലാവരും പൂർണസമയ സുവിശേഷ വേലയോ, തദ്ദേശീയ സുവിശേഷികരണത്തിനു വേണ്ടി സമർപ്പിതരോ ആകണമെന്നില്ല. വളരെ ചുരുക്കമാണ് അങ്ങനെ സമർപ്പിക്കപ്പെട്ടവർ. ശുശ്രൂഷയെക്കുറിച്ചുള്ള തെറ്റായ സങ്കല്പങ്ങൾ, ബൈബിൾ കോളേജുകളിലെ ക്രമീകൃതമായ പഠിപ്പിക്കലുകളുടെ അഭാവം, സഭകളിലേക്കുള്ള ലോകത്തിന്റെയും, രാഷ്ട്രീയത്തിന്റെയും അതിപ്രസരം, ബൈബിൾ കോളേജുകളുടെ കച്ചവട -കമ്പോള താല്പര്യങ്ങൾ, ശരിയായ മാതൃകയുടെ അഭാവം തുടങ്ങിയവയൊക്കെ ഇതിനെ സാരമായി ബാധിച്ചിട്ടുണ്ട്. അതുകൊണ്ട്, സുവിശേഷികരണം എന്നതിനേക്കാൾ ഉപജീവനമാർഗം, ഉദ്യോഗം എന്ന രീതിയിലേക്ക് വലിയ ഒരു വിഭാഗം മാറുന്നു. എന്നാൽ ശരിയായ ദർശനത്തോടും സമർപ്പണത്തോടും ആത്മഭാരത്തോടും സുവിശേഷവേല ഹൃദയത്തിന്റെ സ്പന്ദനമാക്കിയ അനേകരും (ഒരു ചെറിയ കൂട്ടമെങ്കിലും )ഉണ്ടെന്നുള്ളത് ശരിയായ വസ്തുതയാണ്.
5.ഈ കാലഘട്ടത്തിൽ തിയോളജിക്കൽ എഡ്യൂക്കേഷൻ ന്റെ പ്രാധാന്യം?
ക്രിസ്തീയ ശുശ്രൂഷക്കായി സമർപ്പിക്കപ്പെട്ട എല്ലാവർക്കും ക്രമീകൃതമായ വേദശാസ്ത്ര പഠനം അത്യാവശ്യമാണ് എന്ന വ്യക്തിപരമായ അഭിപ്രായമാണ് എനിക്കുള്ളത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും പ്രയോഗ്യതയും വളരെയധികം വിചിന്തനമാക്കപ്പെടുന്ന ഒരു കാലഘട്ടത്തിൽ, നമ്മുടെ സുവിശേഷകരും, ഇടയന്മാരും, നേതാക്കന്മാരും പ്രവാചകന്മാരും ഉന്നത വിദ്യാഭ്യാസമുള്ളവരും ആത്മനിറവോടെ, ലഭിച്ച അറിവും വിദ്യാഭ്യാസവും ശ്രുശൂഷയിൽ പ്രയോജനപ്പെടുത്തുന്നവരും ആയിരിക്കണം. നമ്മുടെ ചരിത്രത്തെയും സംസ്കാരത്തെയും അടുത്തറിയുന്നവരും, ദുരുപദേശങ്ങളിലേക്കുള്ള ഒഴുക്കിനെ തിരിച്ചറിയുവാൻ കഴിവുള്ളവരുമാകണം നമ്മുടെ ശിശ്രൂഷകർ. അതിനായി ക്രമീകൃത വിദ്യാഭ്യാസം ആവശ്യമാണ്. പൗലോസിന്റെ ഭാഷയിൽ പറഞ്ഞാൽ “സങ്കല്പങ്ങളെയും ദൈവത്തിന്റെ പരിജ്ഞാനത്തിനു വിരോധമായി പൊങ്ങുന്ന എല്ലാ ഉയർച്ചയെയും ഇടിച്ചു കളഞ്ഞു, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായി പിടിച്ചടക്കുവാൻ “(2 കോരി 10:5)ക്രമീകൃതമായ വേദ ശാസ്ത്ര പഠനം അനിവാര്യമാണ്. വിദ്യാഭ്യാസപരമായി വളരെയധികം ഉയർന്ന നിലവാരമുള്ള ഒരു തലമുറയിൽ, അവരെ ആത്മീകമായി നടത്തുന്നവരും ക്രമീകൃതമായി വേദശാസ്ത്ര പഠനം നടത്തിയവരുമായിരിക്കണം. നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൗമ്യതയും ഭയഭക്തിയും പൂണ്ട് പ്രതിവാദം പറയുവാൻ എപ്പോഴും ഒരുങ്ങിയിരിക്കണമെങ്കിൽ (1പത്രോസ് 3:15)ക്രമീകൃതമായ വേദശാസ്ത്ര പഠനം എന്നത്തേക്കാളും ഈ കാലഘട്ടത്തിൽ അത്യന്താപേക്ഷിതമാണ്.
6. ശുശ്രൂഷയിൽ സ്ത്രീകൾക്കുള്ള പങ്കാളിത്തം എന്താണ്? ഇന്നത്തെ കാലത്ത് ഇത് അനേകർ ചോദിക്കുന്ന കാര്യമാണ്? അവർ എന്തിനു ബൈബിൾ കോളേജിൽ പഠിക്കുന്നു? സഭയിൽ അവർക്ക് സ്ഥാനം കൊടുക്കാമോ എന്നൊക്കെയുള്ള ചോദ്യം.. അതിനെ കുറിച്ച് എന്താണ് അഭിപ്രായം?
നാളിതുവരെയില്ലാത്തതുപോലെ പുരുഷാധിപത്യ രാഷ്ട്രീയവും പുരുഷമേൽക്കോയ്മാ സമ്പ്രദായവും (രീതിശാസ്ത്രവും)ചോദ്യം ചെയ്യപ്പെടുന്ന ഒരുകാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.അതിനാലാണ് സ്ത്രീസംവരണം,സ്ത്രീ വിമോചനം,സ്ത്രീശാക്തീകരണം,തുടങ്ങിയ പദങ്ങൾ കാലികപ്രാധാന്യമുള്ളവയായിചർച്ചചെയ്യപെടുന്നത്.അധികാരത്തിലും (power ),ആധിപത്യത്തിലും (domination ),ലാഭക്കൊതിയിലും (greedy and profit orientied ),അക്രമത്തിലും (violence )അടിസ്ഥാനപ്പെട്ടിട്ടുള്ളതാണ്പുരുഷമേൽക്കോയ്മാ രീതി സമ്പ്രദായങ്ങൾ.ഒരു സ്ത്രീ സമീപന രീതിയിലൂടെ മാത്രമേ അങ്ങനെയുള്ള ചിന്താധാരകൾക്ക് മാറ്റംവരുത്താനാകു .ഇങ്ങനെയുള്ളമാറ്റത്തിലൂടെയാണ് സ്ത്രീകൾക്ക് ഭരണപങ്കാളിത്തവും അധികാര പങ്കാളിത്തവും ശുശ്രൂഷ പങ്കാളിത്തവും സാധ്യമാകുന്നത്.
ഇത്തരത്തിൽ ചിന്താധാരയിലുണ്ടായമാറ്റങ്ങൾ സ്ത്രീ സമത്വ ചിന്തകൾപ്രബലപ്പെടുത്തി.ഒരു രണ്ടാം തരക്കാരി (second sex )എന്നതിൽ നിന്നും ,സാമൂഹിക -രാഷ്ട്രീയ-സാമ്പത്തിക-സാംസ്കാരികമായ സമസ്തമേഖലകളിലും പുരുഷനോടൊപ്പം സ്ത്രീകൾക്കും പ്രാതിനിധ്യം ലഭ്യമായി.തൽഫലമായി ക്രൈസ്തവസഭകളിലും ,അതിന്റെ ശുശ്രൂഷകളിലും സ്ത്രീകൾക്കുള്ള പങ്കിനെപ്പറ്റിഅവബോധമുണ്ടായി .അതിന്റെ തുടർചലനങ്ങളാണ് വുമൺ സൺഡേ പോലുള്ള പ്രത്യേക ദിവസങ്ങൾ.വേദപുസ്തകത്തിൽ പഴയ നിയമത്തിലും പുതിയ നിയമത്തിലും സ്ത്രീകൾക്ക് ക്രിസ്തീയ ശുശ്രൂഷയിൽ പങ്കുണ്ടെന്നു വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ദൈവീക സൃഷ്ഠിയിൽ എല്ലാവർക്കും തുല്യസ്ഥാനമാണുള്ളത്. അതുകൊണ്ടുതന്നെ ഇന്നും ക്രിസ്തീയ ശ്രുശൂഷ മണ്ഡലങ്ങളിൽ സ്ത്രീകൾക്ക് തുല്യ പരിഗണന ആണ് വേണ്ടുന്നത്. ഇന്നും അനേക സ്ത്രീ പങ്കാളിത്തം ബൈബിൾ കോളേജുകളിൽ ഉണ്ടെന്നുള്ളത് പ്രശംസനീയമാണ്. നമ്മുടെ സഭകൾ അവരെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
7.ഈ കാലത്ത് അനേക ദുരുപദേശങ്ങൾ സഭകളിലും കൂടാതെ അനേക വ്യക്തികളും പ്രചരിപ്പിക്കുന്നു. അത് ഇന്നത്തെ യുവലോകത്തെ സ്വാധീനിക്കുന്നുമുണ്ട്. അത് ഉണ്ടാകുന്നത് വ്യക്തമായ ബൈബിൾ പഠനം ലഭിക്കാത്തതു കൊണ്ടാണോ?
ദുരുപദേശങ്ങളുടെ പെരുപ്പം എക്കാലത്തെയും ഒരു പ്രശ്നമാണ്. ഒരർത്ഥത്തിൽ ദൈവസഭയുടെ കെട്ടുപണിയെ തകർക്കുന്ന പാതാളഗോപുരത്തിന്റെ പ്രവർത്തനത്തിലെ പ്രധാനമായ ഒരായുധമാണ് ദുരുപദേശം. വാക്സാമർഥ്യം കൊണ്ട് പലതിനെയും തെറ്റായി വ്യാഖ്യാനിക്കുകയും പിന്നീട് അത് ഉപദേശമാക്കുകയും ചെയ്യുന്ന പ്രവണതകൾ വർദ്ധിച്ചു വരുന്നു. ഇത് അനേകരെ ആകർഷിക്കുന്നു. ഇങ്ങനെയുള്ള ശ്രമങ്ങൾക്ക് വൈകാരികമല്ലാതെ, യുക്തിബോധത്തോടെ തടയിടുവാൻ അറിവും ആത്മനിറവും ആവശ്യമാണ്. നമ്മുടെ വിശ്വാസികളെ 2 പത്രോസ് 3:15 ൽ പറയുന്നതുപോലെ തങ്ങളോട് ചോദിക്കുന്ന ഏവരോടും മറുപടി പറയാൻ സജ്ജരാക്കണം.
ബൈബിൾ പഠനം -ശരിയായ ഉപദേശം പ്രസംഗിക്കുന്നതും സഭകളിൽ കുറയുന്നു. ഇതിന്റെ ഒരു കാരണം “വാളെടുക്കുന്നവനെല്ലാം വെളിച്ചപാടായതുകൊണ്ടാണ് “.ശരിയായതും ക്രമീകൃതവുമായ വേദ ശാസ്ത്ര പഠനവും അപഗ്രഥനവും ആവശ്യമാണ്. സൺഡേ സ്കൂളിന്റെ പ്രാധാന്യം കുറയുകയും, എല്ലാവരും ഒരു ഹാപ്പി ക്ലാപ്പി വർഷിപ് ൽ മാത്രം ശ്രദ്ധിക്കുകയും ഇതെല്ലാം എന്റർടൈൻമെന്റ് ആയി മാത്രമാകുന്നതും ഇതിന് കാരണമാണ്. ശരിയായ വേദപുസ്തക അടിസ്ഥാനമുള്ളവരാക്കി യുവജനങ്ങളെ വാർത്തെടുക്കണമെങ്കിൽ അതിനായി ശുശ്രൂഷകരെയും സജ്ജരാക്കണം.
8.ശരിയായ പെന്തക്കോസ്ത് തിയോളജിയുടെ അപര്യാപ്തത സഭയുടെ വളർച്ചയ്ക്ക് തടസമായി മാറുന്നുണ്ടോ?
പെന്തക്കോസ്ത് തിയോളജി ഇപ്പോഴും അതിന്റെ ശൈശവ ദശയിലാണെന്ന് പറയാം. ഇതിന്റെ അഭാവം സഭകളുടെ പ്രവർത്തനത്തെയും വളർച്ചയെയും ബാധിക്കുന്നു. ക്രമീകൃതമായ രീതിയിൽ വേദവിദ്യാഭ്യാസം ചെയ്തിട്ടുള്ള അനവധി ആളുകൾ നമ്മുക്കുണ്ടായിട്ടും നാളിതുവരെയും വ്യത്യസ്ത പെന്തക്കോസ്ത് വിഭാഗങ്ങൾ ഒരുമിച്ചു ഒരു വേദശാസ്ത്ര രൂപീകരണത്തിന് കഴിഞ്ഞിട്ടില്ല. തനതായ ഒരു ദൈവശാസ്ത്ര വീക്ഷണത്തിന്റെ ലിഖിതമായ രൂപങ്ങൾ ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
9.ഇന്നത്തെ സഭകളിലെ തിരഞ്ഞെടുപ്പ് രീതികളെ കുറിച്ചു, സഭാ രാഷ്ട്രീയം കൂടി വരുന്നു അത് സഭയുടെ ആത്മീയ വളർച്ചയെ ബാധിക്കുന്നു. എന്താണ് അഭിപ്രായം?
യാക്കോബിന്റെ ലേഖനത്തിലെ പരാമർശം പോലെ “ലോകം “സഭക്കുള്ളിലേക്ക് കടന്നതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് സഭാരാഷ്ട്രീയത്തിന്റെ അതിപ്രസരസരണം. “പാനലുകളും, ഗ്രൂപ്പുകളും “അതിന്റെ പേരിലുള്ള രാഷ്ട്രീയക്കളികളും “ദൈവസഭക്ക് “ചേർന്നതല്ല. ഇത്തരം പ്രവണതകൾ ആത്മീയ വളർച്ചയെ സാരമായി ബാധിക്കുന്നു. ആത്മ നിറവിലും ഐക്യതയിലും ഒരുമിച്ചു സുവിശേഷികരണത്തിനായി പ്രവർത്തിക്കുകയും അതിനായി ആളുകളെ സജ്ജരാക്കുകയും ചെയ്യേണ്ട “സഭ “പടലപ്പിണക്കങ്ങളിലേക്കും, പാനൽ രാഷ്ട്രീയത്തിലേക്കും ഗ്രൂപ്പിസത്തിലേക്കും അധംപതിച്ചു എന്നത് വാസ്തവമാണ്. എല്ലാത്തിനും ബൈബിൾ അടിസ്ഥാനമാക്കുന്നവർ എന്തുകൊണ്ട് തിരഞ്ഞെടുപ്പിൽ അത് പ്രയോഗികമാക്കുന്നില്ല എന്നത് ചോദിക്കേണ്ട വസ്തുതയാണ്. അപ്പോസ്തലപ്രവൃത്തികളിൽ യൂദാസിന് പകരം മത്ഥിയാസിനെ തിരഞ്ഞെടുക്കുമ്പോൾ പ്രാർത്ഥിച്ചു ചീട്ടിട്ടു തിരഞ്ഞെടുത്തതുപോലെ എന്തുകൊണ്ട് നമുക്കും ആയിക്കൂടാ. ആത്മാവും, ജ്ഞാനവും നല്ല സാക്ഷ്യവുമുള്ളവർ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടണം. അതിന് വ്യത്യസ്തങ്ങളായ രീതികൾ അവലംബിക്കാമെങ്കിലും അത് ലോക രാഷ്ട്രീയം പോലെ അധംപതിക്കരുത്. ഡെമോക്രാറ്റിക് രീതിയാണ് വേദപുസ്തക അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പ് രീതി എന്ന് തെറ്റിദ്ധരിക്കരുത്. അത് ലോകത്തിന്റെ സമ്പ്രദായമാണ്. അതിൽ തന്നെ ഭൂരിപക്ഷവും, ന്യൂനപക്ഷവും എന്ന വിഭാഗിയത സൃഷ്ടിക്കപെടുന്നു എന്നത് വിസ്മരിക്കരുത്. ഞാൻ ശുശ്രൂഷിക്കുന്ന NTC യിലെ രീതി സഭകൾക്ക് അനുകരിക്കാവുന്ന മാതൃകയാണ്. സ്റ്റുഡന്റ് ലീഡേഴ്സിനെ തിരഞ്ഞെടുക്കുമ്പോൾ നിശ്ചിത യോഗ്യതയുള്ളവരെ (പഠനത്തിൽ സമർഥരും, ആത്മീയരും, നല്ല സാക്ഷ്യമുള്ളവരും )ഷോർട് ലിസ്റ്റിൽ ചെയ്യുന്നു. പിന്നീട് അവർക്ക് സ്വയം മാറാനുള്ള അവസരം നൽകുന്നു. ബാക്കിയുള്ളവരിൽ നിന്നും സ്റ്റുഡന്റ് ബോഡിയുടെ വോട്ടിങ്ങ് അനുസരിച്ചു ഏറ്റവും കൂടുതൽ വോട്ടു ലഭിക്കുന്ന മൂന്ന് പേരെ തിരഞ്ഞെടുക്കുന്നു. അവരുടെ പേരുകൾ എഴുതി ചിട്ടിടുന്നു. എല്ലാവരും ഒരുമിച്ചു പ്രാർത്ഥനന്തരം ആ ചീട്ടിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുക്കുന്നു. ആരുടെ പേരാണോ ചീട്ടിൽ ഇങ്ങനെ ലഭിക്കുന്നത് അയാൾ ലീഡർഷിപ്പിലേക്കു വരും. ഇത് അനുകരിക്കപ്പെടാൻ കൊള്ളാവുന്ന ഒന്നാണ്. ഇത് ബൈബിൾ അടിസ്ഥാനമാക്കിയതും രാഷ്ട്രീയത്തിന്റെ അതിപ്രസരം തടയുന്നതുമായ ഒരു രീതിയാണ്.
10.ഒരു കാലത്ത് അനേക യുവജനങ്ങൾ ദൈവവേലക്കു വേണ്ടി സമർപ്പിച്ചു ഇറങ്ങിത്തിരിക്കുമായിരുന്നു.എന്നാൽ ഇന്ന് വളരെ കുറച്ചു പേർ മാത്രം ദൈവവചനം പഠിക്കുവാൻ പോകുന്നു?
ഇതിന്റെ കാരണം സഭകൾ അല്ലെ? അവർ പ്രോത്സാഹിപ്പിക്കുകയോ, ദൈവവേലയുടെ മഹത്വത്തെ കുറിച്ചോ പറയുന്നില്ല.
സുവിശേഷ വേലക്കുവേണ്ടി സമർപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു എന്നത് ഇന്ന് പരക്കെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. എന്നാൽ ഇതിൽ എത്ര മാത്രം യാഥാർഥ്യമുണ്ട് എന്നത് ചർച്ച ചെയ്യപ്പെടേണ്ടതാണ്. ഇതിന് വ്യക്തമായ സ്ഥിതി വിവര കണക്കുകളും പഠനങ്ങളും ആവശ്യമാണ്. ബൈബിൾ കോളേജുകളിൽ (പലതിലും )ആളുകൾ കുറയുന്നു എന്നത് സത്യമാണ് (ഇപ്പോൾ ധാരാളം ബൈബിൾ കോളേജുകൾ ഉണ്ട് ).സുവിശേഷവേലക്കായി സഭകളിൽ പ്രോത്സാഹനം കുറയുന്നു എന്നത് യാഥാർഥ്യമാണ്.
11.ദൈവവചനാടിസ്ഥാനത്തിൽ സഭയുടെ വളർച്ച എങ്ങനെയായിരിക്കണം?
സഭാ വളർച്ച എന്നത് വിചിന്തന വിഷയമാക്കേണ്ട ഒന്നാണ്. കമ്പോള വൽക്കരണത്തിന്റെ അതിപ്രസരണം സഭകളെയും ബാധിച്ചിട്ടിട്ടുണ്ട്. എങ്ങനെയും അണികളെ കൂട്ടുന്ന ഒരു മതമായോ, സംഘടനയായോ, സാമ്പത്തിക വളർച്ചയുണ്ടാക്കുന്ന ഒരു വാണിജ്യ സ്ഥാപനമായോ “സഭ “മാറരുത്. ദൈവവചനത്തിനു പ്രാധാന്യം നൽകി, അതിൽ അടിസ്ഥാനപെട്ടായിരിക്കണം സഭയുടെ വളർച്ച.
സഭയെന്നത് മാസ്റ്റർപീസ് ആയ സൃഷ്ടിയാണ് (കൈപ്പണി -എഫേ 2:10)അത് ദൈവം ഇന്നും പണിഞ്ഞുകൊണ്ടിരിക്കുന്നു. ദൈവമാണ് സഭയെ വളർത്തുന്നത് (അപ്പൊ. പ്രവർത്തി 2:47, 1കോരി 3:6).ഇത് ക്രിസ്തുവിൽ അടിസ്ഥാനപെട്ടതാണ് (1കോരി 3:11), ക്രിസ്തുവിലേക്കാണ് ആളുകൾ ആകർഷിക്കപ്പെടേണ്ടതും (യോഹന്നാൻ 12:32).ദൈവഭയത്തിലും ആത്മനിറവിലും (അപ്പൊ പ്രവർത്തി 9:31)ആണ് സഭ വർദ്ധിച്ചു വരേണ്ടത്. ക്രിസ്തുവിനെ കുറിച്ചുള്ള പരിജ്ഞാനത്തിലും, സ്നേഹത്തിലും വിശുദ്ധിയിലും സഭ വളരേണം. ആയതിനാൽ സഭ വളർച്ച എന്നത് സഭയിലെ ഓരോ അംഗങ്ങളുടെയും വളർച്ചയാണ്, അത് ക്രിസ്തു എന്ന തലയോളം വളരേണം, ക്രിസ്തുവിനോട് അനുരൂപരായി വളരേണം (ലോകത്തിനു അനുരൂപരാകാതെ )അതുകൊണ്ട് വളർച്ച എന്നത് ആളുകളുടെ എണ്ണമായി പരിമിത പെടുത്തരുത്. എത്ര ആളുകൾ ലോക്കൽ ചർച്ചിൽ വരുന്ന എന്നതല്ല വളർച്ചയുടെ മാനദണ്ഡം, പ്രതുത സുവിശേഷത്തിന്റെ അഭിവൃദ്ധിയും വിശ്വാസികളുടെ ആത്മീയ വളർച്ചയുമായിരിക്കണം. സുവിശേഷീകരണത്തിൽ എത്രമാത്രം വ്യാപൃതരാണ് എന്നതും വിശ്വാസികൾ എത്രമാത്രം സ്നേഹത്തിലും, വിശുദ്ധിയിലും ക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിലും വളരുന്നു എന്നതാണ് പ്രാധാന്യം. സഭകൾക്ക് സുവിശേഷീകരണ പ്രവർത്തനങ്ങൾ കുറയുന്നു. മിക്ക സഭകളും ചടങ്ങുകൾ പോലെ ചില പ്രോഗ്രാമുകൾ നടത്തുന്നു എന്നതിലുപരി, സുവിശേഷവേലക്കുവേണ്ടിയുള്ള ആഹ്വനങ്ങളോ, പ്രോത്സാഹനങ്ങളോ കുറഞ്ഞു വരുന്നു എന്നത് അംഗീകരിക്കപ്പെടേണ്ട ഒന്നാണ്. സംഘടനയുടെ പ്രവർത്തനങ്ങളും പ്രോഗ്രാമുകളുമാണ് കൂടുതലായി ഉള്ളത്. ഓരോ സ്ഥലങ്ങൾക്കും അനുയോജ്യമായ രീതിയിലുള്ള സുവിശേഷ പ്രവർത്തനങ്ങൾക്കായി സഭയെ സജ്ജമാക്കുകയും അതിനായുള്ള ബൈബിൾ പഠനങ്ങളും പ്രസംഗങ്ങളും സഭാജനങ്ങൾക്കു നൽകുകയും ചെയ്യണം. സുവിശേഷ വേലക്കായി ലോക്കൽ സഭകൾ തന്നെ ആളുകളെ പ്രോത്സാഹിപ്പിക്കണം.
സുവിശേഷ വേല ചെയ്യുന്നവർ (വിശേഷിച്ചു പെന്തക്കോസ്തൽ കരിസ്മാറ്റിക് ചർച്ചിലെ സുവിശേഷകർ )ഏറ്റവും അധികം വിമർശിക്കപ്പെടുന്ന ഒരു കാലഘട്ടമാണിത്. അതിന് ന്യായമായ കാരണങ്ങൾ പലതുണ്ട്. എന്നിരുന്നാലും അവരോടുള്ള ബഹുമാനവും ആദരവും കുറഞ്ഞു പോകുന്നു എന്നത് വാസ്തവമാണ്. ദൈവ വേലയിലെ കഷ്ടത, സാമ്പത്തിക ഭദ്രയില്ലാഴ്മ, സമൂഹത്തിലെ പരിഹാസം, ഭാവിയെ കുറിച്ചുള്ള( പ്രത്യകിച്ചും തലമുറകളുടെ )ആശങ്ക, മറ്റു മേഖലകളിൽ താരതമ്യനാ ലഭിക്കുന്ന അഭിവൃദ്ധി തുടങ്ങിയവയൊക്കെ പലരെയും ദൈവവേലക്കായി സമർപ്പിക്കുന്നതിൽ നിന്നും മടുപ്പിക്കുന്ന വസ്തുതകളാണ്. ഇത്തരുണത്തിൽ സുവിശേഷവേലയെക്കുറിച്ചുള്ള ശരിയായ അവബോധവും, ബോധന പ്രക്രിയകളും, പ്രോത്സാഹനവും അത്യന്താപേഷിതമാണ്. നമ്മുടെ സഭകളെല്ലാം സുവിശേഷവേലയിൽ പങ്ക് വഹിക്കുന്ന, മിഷനറിമാരെ ഒരുക്കുന്ന, അയക്കുന്ന സഭകളായി മാറണം. ഓരോ ലോക്കൽ സഭകളും അവിടെ നിന്നും സുവിശേഷ വേലക്ക് പോയിട്ടുള്ള ആളുകളെ അഭിമാനത്തോടെ ഓർക്കുകയും, അവർക്കായി പ്രാർത്ഥിക്കുക മാത്രമല്ല, അവരിലാരെങ്കിലും സുവിശേഷം നിമിത്തം കഷ്ടത അനുഭവിക്കുന്നുവെങ്കിൽ അങ്ങനെയുള്ളവരെ ആവോളം സഹായിക്കുകയും ചെയ്യണം.
12.ഇന്നു ഭാരതത്തിൽ ക്രൈസ്തവ സഭകൾക്കെതിരെ ദൈവദാസന്മാർക്കെതിരെ അനേകം പീഡനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ മധ്യത്തിൽ അനേകം ദൈവമക്കൾ ഭയപെടുന്നുണ്ട്. അതിൽ നാം എങ്ങനെ പ്രതികരിക്കണം? ദൈവവചനാടിസ്ഥാനത്തിൽ എന്താണ് പറയാനുള്ളതു?
“നമുക്ക് നഷ്ടപ്പെടുവാൻ ചങ്ങലകൾ മാത്രമാണുള്ളത്, എന്നാൽ ലഭിക്കാനുള്ളത് ഒരു പുതിയ ലോകവും ;ഈ ചിന്ത കമ്മൂണിസ്റ്റുകാരാണ് പ്രചുരപ്രചാരമാക്കിയത്. എന്നാൽ ഇത് ആത്യന്തികമായി പുതിയനിയമത്തിലെ ചിന്തയാണ്. ചങ്ങലക്കിട്ടപ്പോഴും കാരാഗ്രഹത്തിന്റെ നടുവിലും പാടിയാരാധിക്കുവാൻ പ്രേരിപ്പിച്ച മാർഗമാണ് ക്രിസ്തീയ മാർഗം. ഇത് ക്രൂശിക്കപ്പെട്ട ക്രിസ്തുവിന്റെ മാർഗമാണ്. അവനിൽ വിശ്വസിക്കുവാൻ മാത്രമല്ല കഷ്ടം അനുഭവിക്കുവാൻ കൂടെ അവൻ നമുക്ക് വരം നൽകിയിരിക്കുന്നു (ഫിലി 1:29)കർത്താവിന്റെ വരവ് സമീപമാകുമ്പോഴേക്കും ഇത് വർദ്ധിച്ചു വരുകയേയുള്ളു. അതുകൊണ്ട് ഭയപ്പെടേണ്ട ആവശ്യമില്ല. ന്യായമായും ഭയവിഹ്വലമായ ഒരു സാഹചര്യമാണ് ഇന്ന് ഭാരതത്തിലുള്ളത്, വിശേഷിച്ചു ന്യൂനപക്ഷങ്ങൾക്കു. ഭയം പിശാചിന്റെ ഒരു തന്ത്രമാണ്. ആദിമ സഭയെ “ഭയപ്പെടുത്തി “ഒതുക്കിക്കളയുവാൻ രാഷ്ട്രീയവും മതവും ഒരുമിച്ചു ശ്രമിച്ചെങ്കിലും, ഞാൻ എന്റെ സഭയെ പണിയും, പാതാള ഗോപുരങ്ങൾ അതിനെ ജയിക്കുകയില്ല എന്നു പറഞ്ഞവൻ മരണത്തിലൊടുങ്ങിപോയ കേവലം മനുഷ്യനല്ല. പ്രതുത മരണത്തെ കീഴ്പ്പെടുത്തി, ഹേ മരണമേ !നിന്റെ ജയമെവിടെ ‘എന്ന് ചോദിച്ചുകൊണ്ട് ഉയർത്തെഴുന്നേറ്റവനാണ്. ആത്മാവിന്റെ നിറവിലും ക്രിസ്തുവിനെ കുറിച്ചുള്ള പരിജ്ഞാനത്തിലും ദൈവസ്നേഹത്തിലുള്ള വർദ്ധനവിലും ആദിമ ക്രൈസ്തവ സഭ “ഭയത്തെ “കീഴ്പെടുത്തി. തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കുന്നു എന്നല്ലോ ദൈവവചനം.അവർ ധൈര്യത്തോടെ വചനം പ്രസ്താവിച്ചു. വികാരപരമായ പ്രതികരണമായിരുന്നില്ല, വചനത്തിന്റെ അടിസ്ഥാനത്തിൽ വിവേക പൂർണമായ ഒരു പ്രതികരണമായിരുന്നു. ആയതിനാൽ ഈ കാലഘട്ടത്തിലും “ഉരുളക്കു ഉപ്പേരി “എന്ന രീതിയിലുള്ള വികാരപരമായ പ്രതികരണങ്ങൾ ഒഴിവാക്കുക. വചനത്തിന്റെ അടിസ്ഥാനത്തിൽ വിവേകത്തോടെ പ്രതികരിക്കുക. ഏറ്റവും അത്യന്താപേക്ഷിതമായതു പ്രാർത്ഥന ആണ്. നമ്മുടെ പോരാട്ടങ്ങൾ ജഡരക്തങ്ങളോടല്ല, നമ്മുടെ ആയുധങ്ങൾ ജഡീകങ്ങളുമല്ല എന്നാണ് വചനം പഠിപ്പിക്കുന്നത്. പോരുവിളികളും വെല്ലുവിളികളും ഒഴിവാക്കുക. ക്രൂശിൽ കിടന്നപ്പോഴും “ഇവർ ചെയ്യുന്നത് ഇന്നതെന്നു അറിയാഴ്കകൊണ്ടു ഇവരോട് ക്ഷെമിക്കണമേ “എന്ന പ്രാർത്ഥിച്ചവന്റെ അനുയായികളാണ് നാമെന്നു മറക്കരുത്. സ്നേഹവും ബഹുമാനവും നിറഞ്ഞ സംവാദങ്ങളും, എഴുത്തുകളും, പ്രഭാഷണങ്ങളുമാകാം. എല്ലാറ്റിലും ഉപരി ദൈവത്തിങ്കലേക്കു മടങ്ങിവന്നു, പ്രാർത്ഥനയിൽ ഒരുമിക്കാം. സ്വർഗ്ഗമല്ലേ കോടതികളുടെ കോടതി, ദൈവമല്ലേ ന്യായാധിപന്മാരുടെ ന്യായാധിപൻ. പ്രത്യാശ കൈവിടാതെ ദൈവത്തിൽ ആശ്രയിച്ചു ജീവിക്കുകയാണ് നമുക്ക് അഭികാമ്യമായിട്ടുള്ളത്.
13.ഇന്നത്തെ മാധ്യമ രംഗത്ത് ക്രൈസ്തവ എഴുത്തുപുര വിവിധങ്ങളായ പ്രവർത്തനങ്ങളെ കുറിച്ചുള്ള അഭിപ്രായം?
ഇന്നത്തെ നവീന മാധ്യമങ്ങളുടെ കാലത്ത് അനേക പ്രവർത്തനങ്ങൾ ഓൺലൈൻ കൂട്ടായ്മയിലൂടെ, സോഷ്യൽ മീഡിയയിലൂടെ നടക്കുന്നു. സുവിശേഷീകരണത്തിനും ആത്മീകവർദ്ധനക്കുമായി ഈ മാധ്യമങ്ങൾ ഉപയോഗിക്കുന്നത് അഭികാമ്യമാണ്.
ഇതിൽ ക്രൈസ്തവ എഴുത്തുപുര ചുരുങ്ങിയ സമയം കൊണ്ട് അസൂയാവഹവും അത്ഭുത പൂർണവുമായ വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. വാർത്തകളും ഈടുറ്റ ലേഖനങ്ങളും ആത്മപ്രചോദനത്തിനുതകുന്ന ചിന്തകളും ക്രൈസ്തവ ലോകത്തിനു എത്തിച്ചു കൊടുക്കുന്ന പ്രവർത്തങ്ങളെ ദൈവം വളർത്തട്ടെ. അതിലുപരി ക്രൈസ്തവ എഴുത്തുപുരയുടെ നേതൃത്വത്തിലുള്ള സാമൂഹിക സേവനങ്ങൾ തീർച്ചയായും ദൈവനാമ മഹത്വത്തിന് കാരണമാണ്. പ്രളയക്കെടുതിയിൽ കേരളം അകപെട്ടപ്പോൾ ക്രൈസ്തവ എഴുത്തുപുരയുടെ നേതൃത്വത്തിൽ ചെയ്ത രക്ഷാപ്രവർത്തനങ്ങൾ എടുത്തുപറയേണ്ടുന്ന ഒന്നാണ്. എഴുത്തുകാർക്കും, പ്രസംഗകർക്കും, സുവിശേഷവേലക്കും നൽകുന്ന പ്രോത്സാഹനങ്ങൾ തീർച്ചയായും അഭിനന്ദനാർഹമാണ്. തുടർന്നും ഈ പ്രവർത്തങ്ങളെ ദൈവം അനുഗ്രഹിക്കുമാറാകട്ടെ. പ്രാർത്ഥനയും എല്ലാ ഭാവുകങ്ങളും അറിയിക്കുന്നു.
14.മാതാപിതാക്കൾ, കുടുബം
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ തലവൂർ വില്ലേജിലാണ് ജനനം. യാക്കോബായ /ഓർത്തഡോക്സ് ബാക്ഗ്രൗണ്ടിലാണ് വളർത്തപ്പെട്ടത്. മാതാപിതാക്കൾ നടുത്തേരി അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിൽ കൂടിവരുന്നു. പിതാവ് റ്റി. ചാക്കോ മാതാവ് തങ്കമ്മ ഇരുവരും ഈ സഭയിലെ ആദ്യകാല വിശ്വാസികളാണ്. പള്ളിയിൽ സൺഡേ സ്കൂൾ അധ്യാപകനായിരുന്നു പിതാവ്. പത്തു കൽപ്പന പഠിപ്പിക്കുന്നതിലെ വൈരുധ്യമാണ് അവിടം വിട്ട് പെന്തക്കോസ്ത് അനുഭവത്തിലേക്ക് പിൽക്കാലത്തു വരാനുള്ള കാരണം. തുടക്കത്തിൽ പ്രതികൂലങ്ങളും പരിഹാസങ്ങളും ഒരുപാട് ഉണ്ടായിരുന്നു. എന്നാൽ കൃപയാൽ ഇന്നയോളം നിലനിർത്തി. കാർഷിക വൃത്തിയാണ് തൊഴിൽ. രണ്ട് സഹോദരന്മാർ ബിനു ചാക്കോ, ഷിജു ചാക്കോ ഇരുവരും നന്നായി ദൈവവചനം പ്രസംഗിക്കുന്നവരും സുവിശേഷ തല്പരരുമാണ്.
എന്റെ ഭാര്യ നിസ്സി സ്കൂളിൽ അധ്യാപികയാണ്. രണ്ട് കുഞ്ഞുങ്ങൾ ഷോൺ (ഏഴാം ക്ലാസ്സിൽ )ഷാരൻ (മൂന്നാം ക്ലാസ് ).
15.ഇപ്പോൾ വഹിക്കുന്ന ചുമതല?
ഇപ്പോൾ ഡെറാഡൂണിലെ ന്യൂ തിയോളജിക്കൽ കോളേജിൽ അസ്സോസിയേറ്റ് പ്രഫസർ ആയിരിക്കുന്നു. മുൻ വർഷങ്ങളിൽ സ്റ്റുഡന്റ് ഡീൻ ആയും അക്കാഡമിക്ക് ഡീൻ ആയും പ്രവർത്തിച്ചിട്ടുണ്ട്.
അഭിമുഖത്തിന് ശേഷം തന്റെ ഓഫീസിൽ നിന്നും പിരിയുമ്പോൾ സൗമ്യതയുടെയും ദീർഘവീക്ഷണത്തിന്റെയും അനുരഞ്ജനമില്ലാത്ത ആത്മീയ കാഴ്ചപ്പാടിന്റെയും ഉറച്ച മനസുള്ള ഒരു ദൈവമനുഷ്യനെയാണ് ഡോ. ബിജു ചാക്കോയിൽ നമുക്ക് കാണാൻ കഴിയുന്നത്.