നാസിക്കിൽ മലയാളിയെ വെടിവച്ചുകൊന്ന സംഭവം: മുഖ്യപ്രതി പിടിയിൽ

മുംബൈ∙ നാസിക്കില്‍ മലയാളിയെ വെടിവച്ചുകൊന്ന മോഷണസംഘത്തിലെ മുഖ്യപ്രതി പിടിയില്‍. യുപി സ്വദേശി ജിതേന്ദ്ര പ്രതാപ് സിങ്ങാണ് പിടിയിലായത്. സൂറത്തില്‍നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന അഞ്ചുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു. നാസിക്കിൽ, മൂത്തൂറ്റ് ഫിനാൻസ് ശാഖ കൊള്ളയടിക്കാനെത്തിയ സംഘത്തിന്റെ വെടിയേറ്റാണ് മാവേലിക്കര സ്വദേശിയായ സാജു സാമുവൽ മരിച്ചത്. പുനലൂർ സ്വദേശി കൈലാഷ് ജയൻ, ബ്രാഞ്ച് മാനേജർ ദേശ്പാണ്ഡെ എന്നിവർക്കു പരുക്കേറ്റിരുന്നു. ദക്ഷിണ മുംബൈയിൽ നിന്ന് 110 കിലോമീറ്റർ അകലെ നാസിക് ഉൺഡ്‌വാഡി ശാഖയിൽ ഈ മാസം 14–നായിരുന്നു സംഭവം.
മുത്തൂറ്റിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്ററായിരുന്ന സാജു മുംബൈയിൽ നിന്നാണ് നാസിക്കിലെ ശാഖയിൽ കംപ്യൂട്ടർ തകരാർ പരിഹരിക്കാനെത്തിയതായിരുന്നു. മോഷണസംഘം എത്തിയപ്പോൾ അപായസൈറൻ മുഴക്കിയ സാജുവിനെ വെടിവച്ചശേഷം അക്രമികൾ ബൈക്കിൽ കടക്കുകയായിരുന്നു. ഗുജറാത്തിൽ ജോലി ചെയ്തിരുന്ന സാജു ഒരു വർഷം മുൻപാണ് മുംബൈയിൽ എത്തിയത്. 2017ലായിരുന്നു വിവാഹം. ഭാര്യ മാവേലിക്കര വെട്ടിയാർ സൗത്ത് വലിയപറമ്പിൽ ജെയ്സി. 9 മാസം പ്രായമുള്ള ജെർമി മകനാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply