ലേഖനം: അവഗണിക്കപ്പെടുന്നവരുടെ വസന്തങ്ങൾ (ധ്യാനത്തിനപ്പുറം-3)
അപ്പനായ യിസഹാക്കിൽ നിന്ന് അനുഗ്രഹം കവർന്നെടുത്ത് ജ്യേഷ്ഠനായ ഏശാവിനെ ഭയന്ന് വീടു വിട്ട് ഓടുന്ന യാക്കോബ് പ്രയാണ മധ്യേ കിഴക്കരുടെ ദേശത്ത് എത്തുന്നു. അവിടെ അവൻ ആടുകളുമായി വരുന്ന സുന്ദരിയായ റാഹേലിനെ കാണുന്നു. തുടർന്ന് റാഹേലിന്റെ അപ്പനും യാക്കോബിന്റെ അമ്മാവനുമായ ലാബാന്റെ കൂടെ താമസിച്ചു തുടങ്ങുന്നു.ആദ്യ ദർശനത്തിൽ തന്നെ റാഹേലിൽ അനുരുക്തനായ യാക്കോബ് അവൾക്കായി ലാബാനെ ഏഴുവർഷം സേവിക്കുന്നു. എന്നാൽ തികച്ചും നാടകീയമായി റാഹേലും അവളുടെ ജ്യേഷ്ഠത്തി ലേയയും യാക്കോബിന്റെ ഭാര്യമാരാവുന്നു. ഏകദേശം ഇരുപത് വർഷങ്ങൾക്ക് ശേഷം സ്വന്ത ഭവനത്തിലേക്ക് വലിയ സമ്പത്തുമായി യാത്രയാവുന്നു.
ഉല്പത്തി പുസ്തകം ഇരുപത്തി ഏഴാം അദ്ധ്യായം മുതൽ നാം ഈ സംഭവങ്ങൾ വായിക്കുന്നു. അവിടെ രണ്ടു സ്ത്രീകളെ നാം കണ്ടു മുട്ടുന്നുണ്ട്.ലേയയും റാഹേലും. ലേയയെക്കുറിച്ച് ഒറ്റ വാക്യത്തിൽ തിരുവചനം സംസാരിച്ച് അവൾക്ക് അടിവരയിടുന്നു. ലേയയുടെ കണ്ണുകൾ ശോഭ കുറഞ്ഞതായിരുന്നു. (ഉൽ 29:17) നമ്മുടെ ഇടയിലും ഇത്തരം ശോഭ കുറഞ്ഞ കണ്ണുള്ളവർ ഉണ്ട്. അവഗണനയുടെ പ്രഹരമേറ്റ് തളർന്നലയുന്നവർ. പരാജയത്തിന്റെ പുളിച്ച വീഞ്ഞ് കുടിച്ച് തൂങ്ങി നടക്കുന്ന കോലങ്ങൾ . തന്നിലേക്കു തന്നെ ഒതുങ്ങി കൂടി, തന്റെ കഴിവില്ലായ്മയെ വിളമ്പരം ചെയ്യുന്നവരുടെ പ്രതിനിധിയാണ് ഇവിടെ ലേയ .
മറ്റവൾ; റാഹേൽ, സുന്ദരിയും മനോഹര രൂപിണിയും ആയിരുന്നു. സ്ത്രീസൗന്ദര്യം അതിന്റെ മുഴുവൻ വശ്യതയോടും കൂടെ അവളിൽ നിറഞ്ഞ് തുളുമ്പുന്നുണ്ടായിരുന്നു.അവൾക്കായിട്ടാണ് യാക്കോബ് പതിനാല് സംവത്സരം ലാബാന്റെ വീട്ടിൽ ദാസ്യ വേല ചെയ്തത്. ആദ്യ ഏഴ് വർഷങ്ങൾക്ക് ശേഷം മുടന്തൻ ന്യായങ്ങളുടെ വലയിൽ കുടുക്കി, ലാബാൻ മൂത്തവളായ ലേയയെ അവന് സമ്മാനിക്കുമ്പോൾ (ഉൽ 29:23-28) അടുത്ത ഏഴ് വർഷം കൂടി കാത്തിരിക്കുവാൻ അവൻ തയ്യാറായത് റാഹേലിനോടുള്ള തീവ്രമായ പ്രനയത്തെയാണ് ദ്യോതിപ്പിക്കുന്നത്.
പതിനാലു വര്‍ഷങ്ങള്‍ക്ക് ശേഷം യാക്കോബ് തന്റെ രണ്ടു ലേയയെക്കാൾ അധികം റാഹേലിനെ സ്നേഹിച്ചു. (ഉൽ 28:30) ഇവിടെ അവരുടെ ദാമ്പത്യ ജീവിതത്തിലെ കലാപം നമ്മുക്ക് ദൃശ്യമാകുന്നു. ലേയ സ്വയം ശപിക്കുന്നു.സ്വന്തം സഹോദരിയോട് പക വെച്ചു പുലർത്തുന്നു . പിന്നീട് യാക്കോബ്, റാഹേലിന്റെ സൗന്ദര്യത്തിൽ മതി മറന്ന് ഉല്ലസിക്കുന്നത് കാണുമ്പോൾ ഒഴിഞ്ഞ കോണിലിരുന്ന്, കരച്ചിലിന്റെ ചീളുകൾ പുറത്തേക്ക് വരാതിരിക്കാനായി വസ്ത്രാഗ്രം അമർത്തി കടിച്ച്, ഏകാന്തതയുടെ ആഴത്തിൽ മുങ്ങി, നിരാശാ ഭരിതമായ മനസ്സോടെ യാക്കോബിന്റെ ഒരു നോട്ടത്തിനായി കേണ് , ഈ നരകത്തിലേക്ക് തന്നെ വലിച്ചിഴച്ച ലാബാനെ അതിക്രൂരമായി ശപിച്ച്, ഇങ്ങനെ ലേയ പുകയുന്ന ഒരു അഗ്നി ശൈലം പേറുന്നു.
അവഗണനയുടെ തീച്ചൂളയ്ക്കിടയിലും ആശ്വാസത്തിന്റെ ചാറൽ മഴയുണ്ടെന്ന് ലേയ വെളിപ്പെടുത്തുന്നു. സൗന്ദര്യത്തെക്കാൾ അധികം ഒരുവളെ സ്ത്രീയാക്കുന്നത് അവളുടെ മാതൃത്വമാണല്ലോ.ഉൽ 29: 31 ൽ പറയുന്നു, റാഹേലോ മച്ചി ആയിരുന്നു. മാത്രമല്ല ലേയയുടെ ജീവിതത്തിലെ അതികഠിനമായ അവഗണനയെ കാണേണ്ടവൻ കണ്ടു. രൂബേൻ പിറന്നു വീഴുമ്പോൾ ലോകത്തിനോടായി ലേയ പറയുന്നു, യഹോവ എന്റെ സങ്കടം തിരിച്ചറിഞ്ഞു. തീരാത്ത നൊമ്പരത്തിലമർന്നു നിഷ്ക്രിയത്വത്തിലേക്ക് പോകുന്നവരോട് ലേയ പ്രസ്താവിക്കുന്നു: നിങ്ങൾ എന്നെ നോക്കൂ, എന്റെ അഗാധമായ വേദന കാണേണ്ടവൻ കണ്ടു. അവൻ കാണുവാനായി ഞാൻ എന്നെ അവന്റെ മുന്നിൽ തുറന്നു കാട്ടി. എന്നെ വെറുത്ത ദേഹം ഇനി എന്നെ സ്നേഹിക്കും.ലേയയിൽ ഈ പ്രത്യാശ ഉളവാകുവാനായി എന്താണ് കാരണം? ഏതൊന്നാണോ അവളെ വേദനയിലാഴ്ത്തിയത് അത് ക്ഷണീകമാണെന്ന് അവൾ തിരിച്ചറിഞ്ഞു. ചിലപ്പോൾ നാം കരയുന്നത്, തെല്ല് ആശ്വാസത്തിനായി യാചിക്കുന്നത് കാര്യമില്ല കാര്യത്തിൽ`കാര്യത്തിൽ മുങ്ങിയാവും. നമ്മെ ദൈവത്തിന്റെ മുൻപിൽ തുറന്നുകാട്ടിയാൽ നാം നടത്തിയ വൃഥാ വിലാപം വെളിവാകും.
യാക്കോബ് റാഹേലുമൊത്ത് മധുരഭാഷണം നടത്തവെ, ആ കളിചിരിയുടെ സ്പന്ദനങ്ങളെ ഭേദിച്ച് ഒരു ഹൃദയം അകാരണമായി ത്രസിച്ചിരുന്നു. കൂടാരത്തിൽ കനൽ ചാരമാവുന്നത് നോക്കി തനിച്ചിരിക്കുന്ന, വിതുമ്പുവാൻ മറന്നുപോയ ലേയ ആ ഘനീഭവിച്ച ഏകാന്തതയിൽ നിന്ന് രക്ഷ തേടിയത് ദൈവത്തിന്റെ മാറിൽ ചാരി ആയിരുന്നു. ശാപം നിറഞ്ഞ ജീവിതം നാംഎങ്ങനെയോ ജീവിച്ചു തീർക്കുന്നതിന് പകരം ദൈവവുമായി ചേരുമ്പോൾ ദൈവീകശക്തി നമ്മിൽ നിറയുന്നു. നമ്മുടെ ശാപജീവിതം തൻറെ മൂശയിലിട്ടു അനുഗ്രഹത്തിന്റെ ഭാഗമാക്കി അവൻ മാറ്റുന്നു ദൈവത്തോട് അടുക്കുമ്പോൾ നമ്മോടകന്ന് നമ്മെ ശപിച്ചവരും തള്ളിക്കളഞ്ഞവരും നമ്മോട് ചേരുമെന്ന് പറഞ്ഞ് അവൾ തന്റെ മൂന്നാമത്തെ മകന് ലേവി എന്ന് പേരിട്ടു.(ഉൽ 29:34)
ദൈവത്തെ വേദനയ്ക്കിടയിലും സ്തുതിക്കാൻ കഴിയുക ! വിലപിക്കുമ്പോഴും വാഴ്ത്തുവാൻ കഴിയുക! എത്ര അനുഗ്രഹമായ അനുഭവമാണത്. സ്തുതിയുടെ പാരമ്യത്തിൽ വിശ്രമിച്ച അവൾ തനിക്ക് പിറന്നവന് യഹൂദ എന്ന് പേരിട്ടതിൽ അത്ഭുതമില്ല. ജീവിതത്തിന്റെ സംഗ്രഹം മനസ്സിലാക്കിയ ലേയ ഭാരം ചുമക്കുന്നവർക്ക് നല്കുന്ന ആഹ്വാനമാണത്; സ്തുതിക്കുക. ഈ സ്തോത്ര യാഗത്തിന്റെ ഫലപ്രാപ്തി ആത്മശാന്തിയാണ്. അഗ്നി ശോധനയിലൂടെ ലേയ കടന്നു പോയതിന്റെ സാംഗത്യവും ഇത് തന്നെയായിരുന്നു, ദൈവീക സ്തുതി എന്ന ലക്ഷ്യ
പ്രാപ്തി തന്നെ.
സുന്ദരിയും മനോഹര രൂപിണിയും ആയ, യാക്കോബിന്റെ പ്രിയപ്പെട്ട റാഹേൽ ഉൽ 35:18 ൽ എഫ്രാത്തിനു പോകുന്ന വഴിയരികെ മരണപ്പെടുന്നു. തീരാത്ത വേദനയോടെ അവളെ അവിടെ അടക്കി, യാത്ര തിരിക്കുന്ന യാക്കോബിന്റെ അനുഗാമിയായ ഒരുവൾ, സ്വന്തം സൗന്ദര്യത്തിലും പ്രവർത്തിയിലും ഉണ്‍മയോ പുരോഗതിയോ പറയാനില്ലാത്ത ഒരുവൾ, ലേയ, പിന്നേയും ജീവിക്കുകയാണ്. അവളുടെ ചരിത്രം നീളുകയാണ്. അവൾ യിസ്രായേൽ ഗോത്രത്തിന്റെ മാതാവാകുകയാണ്. യഹൂദാ ഗോത്രത്തിലെ സിംഹമായവന്റെ മുത്തശ്ശിയാവുകയാണ്. അങ്ങനെ യിസ്രായേൽ ജനത അവളെ അടിസ്ഥാനമാക്കി പണിയപ്പെട്ടു തുടങ്ങി. അവളുടെ നാം മായിച്ചാലും മായാത്തതായി.എന്താണവൾ ചെയ്തത്? ആ വിരൂപ എങ്ങനെ ഇത്ര ഉന്നത പദവിയിലെത്തി? അതെ, ദൈവത്തിലെക്കവൾ നോക്കി, ദൈവത്തോടവൾ സംസാരിച്ചു, ദൈവത്തെ വാഴ്ത്തി, ദൈവത്തോടു ചേർന്നിരുന്നു .
അതിന് പട്ടണ വാതിൽക്കൽ ഇരിക്കുന്ന സകല ജനവും മൂപ്പന്മാരും പറഞ്ഞത്: ഞങ്ങൾ സാക്ഷികൾ തന്നെ. വീട്ടിൽ വന്നിരിക്കുന്ന സ്ത്രീ റാഹേലിനെ പോലെയും ലേയയെ പോലെയും ആക്കട്ടെ. അവർ ഇരുവരുമല്ലോ യിസ്രായേൽ ഗൃഹം പണിതത്. (രൂത്ത് 4:11,12) രൂത്തിന്റേയും ബോവസിന്റെയും വിവാഹ വേളയിൽ മാത്രമല്ല, ഇന്നും യരുശലേമിൽ ഈ വാക്കുകൾ വിവാഹാനന്തരം വിളിച്ചു പറയുന്നു. ഇവിടെ അവഗണിക്കപ്പെട്ടവളുടെ ചിത്രമല്ല നാം ലേയയിൽ കാണുന്നത്. മറിച്ച് നിറഞ്ഞ സന്തോഷത്തിന്റെ പരിസമാപ്തിയാണത്. ലേയ അതിന്റെ പൂർണ്ണതയിൽ അംഗീകരിക്കപ്പെട്ടതിന്റെ ഏറ്റവും വലിയ ഒരു തെളിവു കൂടിയുണ്ട്. യാക്കോബ് തന്റെ മരണ കിടക്കയിൽ വെച്ച് പറയുന്ന ഒരു വാചകമാണത്. ഉൽ 49:29-32 അവിടെ അവർ അബ്രഹാമിനേയും അവന്റെ ഭാര്യ സാറായേയും അടക്കി. യിസഹാക്കിനേയും അവന്റെ ഭാര്യ റിബേക്കയെയും അടക്കി. അവിടെ ഞാൻ ലേയയെയും അടക്കി. യാക്കോബ്, താൻ പ്രാണനെ പോലെ സ്നേഹിച്ച റാഹേൽ കിടക്കുന്ന എഫ്രാത്തിനു പോകുന്ന വഴിയ്ക്കരികെ തന്നെ അടക്കണമെന്നല്ല പറഞത്, മറിച്ച് പിതാക്കന്മാരുടെ കൂടെ, ലേയയുടെ കൂടെ.
ലേയയുടെ തുടക്കം ശാപത്തിന്റെയും അവഗണനയുടെയും നടുക്കയത്തിൽ നിന്നായിരുന്നു. എന്നാൽ ഒടുക്കം വിജയത്തിന്റെയും ആത്മശാന്തിയുടെയും വിഹായസ്സിലേക്കായിരുന്നു. നമ്മുടെ ഇടയിൽ എല്ലാവരാലും അവഗണിക്കപ്പെടുന്നവർക്ക് അപകർഷചിന്തയിൽ ഉഴലുന്നവർക്ക് ഇന്നും നേർരേഖയിലുള്ള വെല്ലുവിളിയാണ് ലേയ!