ആശങ്കയുടെ മുൾമുനയിൽ നിന്നും ആ കുരുന്നിന്റെ ജീവനായ് പ്രാർത്ഥനയോടെ
കൊച്ചി: 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ചീറിപ്പായുകയാണ് ആംബുലന്‍സ്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്ത് എത്തേണ്ടത് 10 മണിക്കൂര്‍ കൊണ്ട്. ആംബുലന്‍സ് ഡ്രൈവര്‍ കാസര്‍ഗോഡ് ജില്ലയിലെ ഉദുമ മുക്കുന്നോത്ത് സ്വദേശി ഹസന്‍ ദേളി എന്ന 34കാരനാണ്. തിരുവനന്തപുരത്ത് എത്ര വേഗതയില്‍ പോയാലും ആരോഗ്യനില വഷളായ കുട്ടിയെ എത്തിക്കാന്‍ പറ്റുമോ എന്ന ആശങ്ക നിലനില്‍ക്കവെയാണ് സര്‍ക്കാര്‍ ഇടപെടല്‍.
കുഞ്ഞിനെ അമൃത ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. കുട്ടിയുടെ മാതാപിതാക്കളുമായും ആശുപത്രി അധികൃതരുമായും ആരോഗ്യമന്ത്രി കെകെ ശൈലജ ഇടപെട്ടു സംസാരിച്ചു. ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ചികില്‍സ ചെലവും സര്‍ക്കാര്‍ വഹിക്കാനും തീരുമാനിച്ചു.
രാവിലെ 11.15നാണ് ആംബുലന്‍സ് മംഗാലപുരത്ത് നിന്ന് പുറപ്പെട്ടത്. കാസര്‍ഗോഡ് സ്വദേശികളായ സാനിയ-മിത്താഹ് ദമ്പതികളുടെ കുഞ്ഞിനാണ് ഹൃദ്രോഗത്തെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളത്.
കുഞ്ഞിന്റെ ആരോഗ്യനില മോശമായതിനാല്‍ എയര്‍ലിഫ്റ്റിങ് പറ്റില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതോടെയാണ് റോഡ് മാര്‍ഗം കൊണ്ടുപോകാന്‍ തീരുമാനിച്ചു. ഹസന്‍ തയ്യാറായി വന്നതോടെ വീട്ടുകാര്‍ നടപടികള്‍ വേഗത്തിലാക്കി.
തിരുവനന്തപുരത്തെത്താന്‍ 15 മണിക്കൂര്‍ സമയം വേണ്ടിവരും. 625 കിലോമീറ്റര്‍ ദൂരം 10 മണിക്കൂര്‍ കൊണ്ട് താണ്ടുകയാണ് ഹസന്റെ മുന്നിലുണ്ടായിരുന്നു ദൗത്യം. ആംബുലന്‍സ് മലപ്പുറം ജില്ലയിലെത്തിയ വേളയിലാണ് സര്‍ക്കാര്‍ നീക്കങ്ങള്‍ വേഗത്തിലാക്കിയതും കുഞ്ഞിനെ കൊച്ചിയിലെ അമൃതയില്‍ ചികില്‍സിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയതും.
ഈ ആംബുലൻസിന്റെ വഴി തടസമില്ലാതെ ഒരുക്കുവാൻ മലയാളികൾ സോഷ്യൽ മീഡിയയിൽ കൂടി അപേക്ഷിച്ചിരുന്നു.