ആയിരങ്ങൾ സന്ദർശിക്കുന്ന ദേവാലയം ചൈനീസ് സർക്കാർ അടച്ചുപൂട്ടി
ബെയ്‌ജിംഗ്: മതവിശ്വാസത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ചൈനയില്‍ വീണ്ടും ക്രൈസ്തവ വിശ്വാസത്തിന് വിലക്ക്. തെക്കന്‍ ചൈനയിലെ വിശ്വാസത്തിന്റെ ദീപസ്തംഭം എന്നറിയപ്പെടുന്ന ഗ്വാങ്ങ്ഷോവിലെ റോങ്ങുയിലി ദേവാലയം ഷി ജിന്‍പിങ്ങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അടച്ചുപൂട്ടി മുദ്രവെച്ചു. ഈ ശൈത്യക്കാലത്ത് സര്‍ക്കാര്‍ അടച്ചുപൂട്ടുന്ന മൂന്നാമത്തെ ദേവാലയമാണിത്. വിശ്വാസ സംബന്ധമായ നിയമങ്ങള്‍ തെറ്റിച്ചതിനാല്‍ ദേവാലയത്തിലെ എല്ലാവിധ പ്രവര്‍ത്തനങ്ങളും നിരോധിച്ചിരിക്കുന്നുവെന്ന നോട്ടീസും ദേവാലയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്തു മണിയോടെയാണ് വിദ്യാഭ്യാസം, റിലീജിയസ് അഫയേഴ്സ് തുടങ്ങിയ സര്‍ക്കാര്‍ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും, പോലീസുമടങ്ങുന്ന 60 അംഗ സംഘം ദേവാലയത്തില്‍ എത്തുന്നത്. കുട്ടികളുടെ ബൈബിള്‍ ക്ലാസ്സ് തടസ്സപ്പെടുത്തിക്കൊണ്ടാണ് സംഘം ദേവാലയത്തില്‍ പ്രവേശിച്ചത്. സര്‍ക്കാര്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ പ്രധാനപ്പെട്ട ദേവാലയങ്ങളിലൊന്നാണിത്. ചൈനയില്‍ ഭവനങ്ങളും, സ്വകാര്യ കെട്ടിടങ്ങളും കേന്ദ്രമാക്കി രഹസ്യമായി ആരാധനകള്‍ നടത്തുന്ന സമ്പ്രദായത്തിന് തുടക്കം കുറിച്ചവരില്‍ പ്രമുഖനായ സാമുവല്‍ ലാംബ് ഷിങ്ങാവോയാണ് ദേവാലയത്തിന്റെ സ്ഥാപകന്‍.
രാത്രി എട്ടു മണിവരെ ദേവാലയത്തില്‍ തങ്ങിയ പരിശോധക സംഘം ആരംഭത്തിൽ തന്നെ ദേവാലയ പ്രവേശനം വിലക്കിയിരുന്നു. നാലായിരത്തിലധികം പുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പിടിച്ചെടുത്തതിനു ശേഷമാണ് ദേവാലയം അടച്ചു മുദ്രവെച്ചത്. ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ഓരോ ആഴ്ചയും ഈ ദേവാലയം സന്ദര്‍ശിച്ചു കൊണ്ടിരുന്നത്. ആയിരത്തിഅഞ്ഞൂറോളം ഇടവകാംഗങ്ങളുണ്ടായിരുന്ന ബെയ്‌ജിംഗിലെ സിയോന്‍ ദേവാലയം കഴിഞ്ഞ സെപ്റ്റംബറിലാണ് സര്‍ക്കാര്‍ അടച്ചുപൂട്ടിയത്. അഞ്ഞൂറോളം ഇടവകാംഗങ്ങള്‍ ഉണ്ടായിരുന്ന ‘ഏര്‍ലി റെയിന്‍ കവനന്റ് ദേവാലയം’ അടച്ചുപൂട്ടിയത് കഴിഞ്ഞയാഴ്ചയാണ്.
അധോ സഭയിലെ (അണ്ടര്‍ഗ്രൗണ്ട് ചര്‍ച്ച്) പതിനായിരത്തോളം വിശ്വാസികളാണ് ഈ വര്‍ഷം പിടിക്കപ്പെട്ടിരിക്കുന്നതെന്ന് അമേരിക്കന്‍ ക്രിസ്ത്യന്‍ സന്നദ്ധ സംഘടനാ വിഭാഗമായ ‘ചൈന എയിഡ്’ലെ ബോബ് ഫു പറയുന്നു. കഴിഞ്ഞ വര്‍ഷം ഈ സംഖ്യ മൂവായിരമായിരുന്നു. ഒരു വശത്ത് വത്തിക്കാനുമായുള്ള അനുരഞ്ജന ചര്‍ച്ചകള്‍ നടത്തുമ്പോഴും, മറുവശത്ത് ദേവാലയങ്ങള്‍ തകര്‍ക്കുന്ന നടപടികള്‍ ചൈനീസ് സര്‍ക്കാര്‍ തുടരുകയാണ്.