ക്രിസ്ത്യൻ സന്നദ്ധ സംഘടനകള്‍ക്കു ആമസോണ്‍ തലവന്റെ സഹായം

വാഷിംഗ്‌ടണ്‍ ഡി.സി: ലോകത്തെ ഏറ്റവും വലിയ ധനികരില്‍ ഒരാളും, പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണിന്റെ സ്ഥാപകനും, സി.ഇ.ഒയുമായ ജെഫ്‌ ബെസോസിന്റേയും, പത്നി മക്കെന്‍സി ബെസോസിന്റേയും സഹായം ക്രിസ്ത്യൻ സംഘടനകള്‍ക്ക്. ന്യൂ ഓര്‍ലീന്‍സ്, മിയാമി അതിരൂപതകളുടെ കത്തോലിക്ക ചാരിറ്റീസും, വെസ്റ്റേണ്‍ വാഷിംഗ്ടണ്‍ കത്തോലിക്ക കമ്മ്യൂണിറ്റി സര്‍വീസസുമാണ് ഡേ 1 ഫാമിലി ഫണ്ടിന് അര്‍ഹരായത്. 50 ലക്ഷം ഡോളര്‍ വീതം മൊത്തം 1.5 കോടി ഡോളറായിരിക്കും ഈ സന്നദ്ധ സംഘടനകള്‍ക്ക് ലഭിക്കുക. ഇത് കൂടാതെ മറ്റ് 23 എന്‍.ജി.ഒ സംഘടനകളാണ് ഈ ഫണ്ടിന് അര്‍ഹരായിരിക്കുന്നത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബെസോസിന്റെ ഡേ 1 ഫാമിലി ഫണ്ട് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 24 സംഘടനകളും വഴി 9.75 കോടി ഡോളര്‍ ഭവനരഹിതര്‍ക്കായി ചിലവിടുവാനാണ് ബെസോസ് പദ്ധതിയിടുന്നത്. ഫണ്ട് ലഭിച്ച മുൻ ക്രിസ്ത്യൻ സന്നദ്ധ സംഘടനകളും ബെസോസിന് നന്ദി അറിയിച്ചു. മിയാമി-ഡേഡ്, ബ്രൊവാര്‍ഡ്, മണ്‍റോ മേഖലകളിലെ ഭവനരഹിതരെ സഹായിക്കുവാന്‍ ഈ ഫണ്ട് വിനിയോഗിക്കുമെന്ന് മിയാമി കേന്ദ്രമായുള്ള സംഘടനയും, തങ്ങളുടെ മേഖലയിലെ പാര്‍പ്പിടമില്ലായ്മ എന്ന വെല്ലുവിളിയെ നേരിടുവാന്‍ ഈ ഫണ്ട് വിനിയോഗിക്കുമെന്നും, അടുത്ത 4 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭവനരഹിതരായ മൂവായിരത്തിയറുനൂറോളം കുടുംബങ്ങളെ സഹായിക്കുവാന്‍ ഫണ്ട് ഉപകരിക്കുമെന്നും കത്തോലിക്ക കമ്മ്യൂണിറ്റി സര്‍വീസസും അറിയിച്ചു.

കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് ആമസോണ്‍ തലവന്‍ ‘ഡേ 1 ഫണ്ട്’ സ്ഥാപിച്ചത്. ഭവനരഹിതര്‍ക്ക് വേണ്ടി എന്‍.ജി.ഒ സംഘടനകള്‍ വഴി വിതരണം ചെയ്യുന്ന ഫാമിലി ഫണ്ടിനും, ജീവിത വരുമാനം കുറഞ്ഞ പ്രദേശങ്ങളില്‍ പ്രീസ്കൂളുകള്‍ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള അക്കാഡമീസ് ഫണ്ടിനുമായിട്ടായിരിക്കും ഡേ വണ്‍ ഫണ്ട് ചിലവഴിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply