രാജാക്കന്മാരായിരുന്ന ജാവ ബൈക്കുകള് ഇന്ത്യയില് തിരിച്ചെത്തി
ന്യൂഡല്ഹി: പതിറ്റാണ്ടുകള്ക്കു മുന്പ് ഇന്ത്യന് നിരത്തുകളില് നിറസാന്നിധ്യമായിരുന്ന ഇരുചക്ര മോട്ടോര്സൈക്കിള് ബ്രാന്ഡ് ജാവ തിരിച്ചുവരവ് ഗംഭീരമാക്കി മൂന്നു മോഡലുകള് വിപണിയില് അവതരിപ്പിച്ചു.
മഹീന്ദ്ര ആന്ഡ് മഹീന്ദ്രയുടെ സബ്സിഡിയറി കമ്പനിയായ ജാവയില്നിന്ന് ക്ലാസിക്, സ്പോര്ട്, ബോബര് മോഡലുകളിലുള്ള മോട്ടോര്സൈക്കിളുകളാണ് എത്തുക. ക്ലാസിക് വേര്ഷന് മോട്ടോര്സൈക്കിളിന് 1.64 ലക്ഷം രൂപ (എക്സ് ഷോറൂം) ആണ് വില. 1970കളില് നിരത്തിലുണ്ടായിരുന്ന അതേ രൂപത്തില്ത്തന്നെയാണ് ഈ മോഡല് എത്തുന്നത്. ടയറുകളെ മറയ്ക്കുന്ന വലിയ മഡ് ഗാര്ഡുകള്, നിരവധി ക്രോം വരകളുള്ള ഡുവല് ടോണ് ഫ്യുവല്ടാങ്ക് എന്നിവയൊക്കെ 70കളിലെ ജാവയിലേതുപോലെ നിലനിര്ത്താന് ശ്രദ്ധിച്ചിട്ടുണ്ട്.
1.55 ലക്ഷം രൂപ എക്സ് ഷോറൂം വിലയുള്ള ജാവ 42ന് സ്പോര്ട്ടി പരിവേഷമാണ് നല്കിയിരിക്കുന്നത്. ഫ്ലാറ്റര് ഹാന്ഡില്ബാര് സെറ്റ് സ്പോര്ട്ടി ഡ്രൈവിംഗ് സാധ്യമാക്കുന്നു. ക്ലാസിക് മോഡലിന്റെ ഡിസൈന് തന്നെയാണെങ്കിലും മുന് ഫോര്ക്ക്, ഇന്സ്ട്രുമെന്റ് കണ്സോള്, വട്ടത്തിലുള്ള ഹാലജന് ഹെഡ് ലാന്പ് എന്നിവയില് മാറ്റമുണ്ട്. ഈ രണ്ടു മോഡലുകള്ക്കൊപ്പം ബോബര് സ്റ്റൈല് പതിപ്പായ പെരാക് എന്ന മോഡലും ജാവ അവതരിപ്പിച്ചു. 1.89 ലക്ഷം രൂപ (എക്സ് ഷോറൂം) ആണ് ഇതിന്റെ വില. 334 സിസി ലിക്വിഡ് കൂള്ഡ്, സിംഗിള് സിലിണ്ടര് ഡിഒഎച്ച്സി എന്ജിനാണ് പെരാക്കിന്റെ കരുത്ത്.
അതേസമയം, ജാവ, ജാവ 42 എന്നീ മോഡലുകള്ക്ക് 293 സിസി, ലിക്വിഡ് കൂള്ഡ് സിംഗിള് സിലണ്ടര് എന്ജിനാണ് കരുത്തേകുക. ജാവ ക്ലാസിക് മൂന്നു നിറങ്ങളിലും ജാവ 42 ആറു നിറങ്ങളിലുമാണ് എത്തുക.http://jawamotorcycles.com എന്ന വെബ്സൈറ്റിലൂടെ രണ്ടു മോഡലുകളും ബുക്ക് ചെയ്യാം. രാജ്യവ്യാപകമായി പ്രവര്ത്തനസജ്ജമായിക്കൊണ്ടിരിക്കുന്ന 105 ജാവാ മോട്ടോര്സൈക്കിള് ഡീലര്ഷിപ്പുകള് വഴിയാണ് വിതരണം നടക്കുക. അടുത്ത മാസം അഞ്ചു മുതല് ഡീലര്ഷിപ്പുകള് തുറന്നുതുടങ്ങും. 2019 ആദ്യം തന്നെ വാഹനങ്ങളുടെ വിതരണവും തുടങ്ങും.