യേശുവിനെ ട്വിറ്ററിലൂടെ ഏറ്റുപറഞ്ഞ് അമേരിക്കൻ നാഷ്ണൽ ഫുട്ബോൾ താരം
ലോസ് ആഞ്ചലസ്: യേശുവിനെ ലോകത്തിന്റെ മുൻപിൽ ഏറ്റുപറഞ്ഞ് അമേരിക്കൻ നാഷ്ണൽ ഫുട്ബോൾ ലീഗിലെ ലോസ് ആഞ്ചലസ് റാംസിന്റെ താരം ബ്രാൻഡിൻ കുക്സ്. സീസണിൽ അപരാജിതമായി ടീം മുന്നേറുന്നതിനിടയിലാണ് യേശു ലോകത്തിന്റെ പ്രകാശമാണ്, അവനെ അനുഗമിക്കുന്നവർ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ലായെന്ന് ബ്രാൻഡിൻ കുക്സ് തന്റെ ട്വിറ്റർ പേജിൽ ട്വീറ്റ് ചെയ്തത്. ഒരുലക്ഷത്തിപതിനയ്യായിരം ട്വിറ്റർ ഫോളോവേഴ്സ് ഉള്ള കുക്സിന്റെ പ്രസ്തുത പോസ്റ്റിന് എണ്ണൂറോളം ലെെക്കുകളും, നൂറിലധികം റീ ട്വീറ്റുകളും ലഭിച്ചു.
“യേശുവിന്റെ വഴിയെ നടക്കുക” എന്നുള്ള ചെറിയ വാചകത്തിൽ ബ്രാൻഡിൻ കുക്സ് ഒക്ടോബർ പത്താം തീയതി പോസ്റ്റു ചെയ്ത ട്വീറ്റിന് ആയിരത്തിഒരുനൂറോളം ലെെക്കുകളും, നൂറ്റിനാല്‍പ്പതു റീ ട്വീറ്റുകളുമാണ് ലഭിച്ചത്. ബ്രാൻഡിൻ കുക്സിന്റെ ട്വിറ്റർ പ്രൊഫെലിൽ “ഇടിമിന്നലയച്ച് അവരെ ചിതറിക്കണമേ! അസ്‌ത്രങ്ങളയച്ച് അവരെ തുരത്തണമേ” എന്ന സങ്കീര്‍ത്തന പുസ്തകത്തിലെ വചനങ്ങൾ ചേർത്തിട്ടുമുണ്ട്. ബ്രാൻഡിൻ കുക്സിനെ പോലെ അമേരിക്കൻ നാഷണൽ ഫുട്ബോൾ ലീഗിലെ പല പ്രശസ്ത താരങ്ങളും യേശുവിനെ ലോകത്തിനു മുൻപിൽ ഏറ്റുപറയുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ്.