ചൈനയിൽ സുവിശേഷീകരണം തടയാന്‍ മാധ്യമ സ്വാതന്ത്യത്തിൽ സർക്കാരിന്റെ കടന്നു കയറ്റം

ബെയ്ജിംഗ്: എൺപതു കോടിയോളം ആളുകൾ ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളായുളള ചെെനയിൽ, വിശ്വാസികളുടെ മാധ്യമ സ്വാതന്ത്യത്തിൽ ചെെനീസ് കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ കടന്നുകയറ്റം. രാജ്യത്തിനു പുറത്തു നിന്നുള്ള ഉറവിടങ്ങളിൽ നിന്നുളള മത വെബ്സൈറ്റുകൾ ശക്തമായി നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായാണ് പുതിയ വിവരം. ഇനിമുതൽ ചെെനീസ് സർക്കാർ അംഗീകാരം ഉള്ള മതവിഭാഗങ്ങളുടെ വെബ്സൈറ്റുകളും, ഇതര ഇന്‍റര്‍നെറ്റ് സേവനങ്ങളും മാത്രമേ രാജ്യത്തെ ഇൻറ്റർനെറ്റ് ഉപഭോക്താക്കൾക്ക് ലഭ്യമാവുകയുള്ളൂ. അതും കടുത്ത നിയന്ത്രണങ്ങളോടെയാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

രാജ്യത്തിനു പുറത്തു നിന്നും പ്രവർത്തിക്കുന്ന വെബ്സൈറ്റുകളിലൂടെയും മറ്റും, രാജ്യത്തെ ജനത ദൈവ വിശ്വാസം പുൽകുമോ എന്ന ഭയമാണ് അടിസ്ഥാനപരമായി നിരീശ്വരവാദത്തിൽ വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിനെ ഇത്തരത്തിലുളള നിയന്ത്രണങ്ങൾക്ക് പ്രേരിപ്പിക്കുന്നത്. മതസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന നിയന്ത്രണങ്ങൾക്കിടയിലും ശക്തമായ രീതിയിൽ സുവിശേഷവത്കരണം നടക്കുന്ന രാജ്യമാണ് ചെെന. ഭരണത്തിൽ ഏറിയ കാലഘട്ടം മുതൽ ചെെനയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ഷി ചിൻപിംഗ് വലിയ തോതിൽ മതവിശ്വാസത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നുണ്ട്.

അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്‍റര്‍നെറ്റ് സ്വാതന്ത്യത്തിൽ സർക്കാർ നടത്തുന്ന ഇടപെടൽ. മതങ്ങളെ ചെെനീസ് വത്ക്കരിക്കുക എന്ന നയമാണ് ഷി ചിൻപിംഗ് പിന്തുടരുന്നത്. എന്നാൽ ചെെനിസ് ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്ക് എതിരെയും, മാധ്യമ സ്വാതന്ത്യ്രത്തിൽ നടത്തുന്ന കടന്നു കയറ്റങ്ങൾക്ക് എതിരെയും അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും വലിയ എതിർപ്പാണ് ഉയരുന്നത്. നേരത്തെ ഓണ്‍ലൈന്‍ ബൈബിള്‍ വില്‍പ്പന പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ട് ചൈന ഉത്തരവിറക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.