മ്യാന്മറില്‍ വിമത പോരാളികളുടെ തടവിലായ 100 ക്രൈസ്തവര്‍ മോചിതരായി
നയിപ്പിഡോ: മ്യാന്മറിലെ ഏറ്റവും വലിയ വിമത പോരാളി സംഘടനയായ ദി യുണൈറ്റഡ് വാ സ്റ്റേറ്റ് ആര്‍മി (UWSA) തടവിലാക്കിയ നൂറോളം ഗോത്രവര്‍ഗ്ഗക്കാരായ ക്രിസ്ത്യാനികള്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച മോചിപ്പിക്കപ്പെട്ടു. കടുത്ത നിബന്ധനകള്‍ക്ക് വഴങ്ങിയാണ് ക്രൈസ്തവര്‍ മോചിതരായത്. നിബന്ധനകള്‍ക്ക് വഴങ്ങാന്‍ വിസമ്മതിച്ച 7 പുരോഹിതര്‍ ഇപ്പോഴും വിമത സൈന്യത്തിന്റെ തടവിലാണ്. ദൈവശാസ്ത്ര വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ലാഹു ഗോത്രവര്‍ഗ്ഗക്കാരായ നൂറോളം ക്രിസ്ത്യാനികള്‍ ഇപ്പോഴും വാ സ്റ്റേറ്റ് ആര്‍മിയുടെ തടവിലുണ്ടെന്ന് ലാഹു ബാപ്റ്റിസ്റ്റ് കണ്‍വെന്‍ഷന്റെ (LBC) ജനറല്‍ സെക്രട്ടറിയായ റവ. ഡോ. ലാസറസ് പറഞ്ഞു.
മോങ്ങ് പാവുക് പട്ടണത്തില്‍ ബൈബിള്‍ ക്ലാസ്സില്‍ പങ്കെടുത്തുകൊണ്ടിരുന്ന വാ ഗോത്രവര്‍ഗ്ഗക്കാരായ വിദ്യാര്‍ത്ഥികളെ പോരാളികള്‍ തട്ടിക്കൊണ്ട് പോയതായി ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 25നാണ് പുറം ലോകം അറിയുന്നത്. ഇതേ മേഖലയില്‍പ്പെട്ട അന്‍പതിലധികം ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ അടച്ചുപൂട്ടുകയും, 3 ദേവാലയങ്ങള്‍ തകര്‍ക്കുകയും ചെയ്തിരിന്നു. കടുത്ത ക്രിസ്ത്യന്‍ വിരുദ്ധത വച്ചുപുലര്‍ത്തുന്നവരാണ് വാ സ്റ്റേറ്റ് ആര്‍മി.
‘വാ’ സംസ്ഥാനത്ത് ക്രിസ്ത്യന്‍ ദേവാലയങ്ങളുമായി സംഘടനകളും, ക്രിസ്ത്യന്‍ മിഷ്ണറിമാരും, ക്രിസ്ത്യന്‍ സ്കൂള്‍ അദ്ധ്യാപകരും, പുരോഹിതരും തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് സെപ്റ്റംബര്‍ മാസത്തില്‍ യുഡബ്ല്യുഎസ്‌എ പ്രഖ്യാപിച്ചിരുന്നു. വിദേശ മിഷ്ണറിമാര്‍ രാജ്യത്ത് പ്രവേശിക്കുന്നത് തടയുന്നതിനായി, മതനേതാക്കള്‍ പ്രദേശവാസികളായിരിക്കണമെന്നും, വാ ഗവണ്‍മെന്റിന്റെ സഹായത്തോടെമാത്രമേ ഇവര്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂവെന്നും, 1992-ന് ശേഷം പണിത ദേവാലയങ്ങള്‍ നിയമപ്രകാരമല്ലെന്നും അവയെ തകര്‍ക്കുമെന്നും സംഘടന പ്രഖ്യാപിച്ചിരുന്നു.
സ്വയം പ്രഖ്യാപിത ‘വാ’ സംസ്ഥാനത്തെ ഭരിക്കുന്ന ‘യുണൈറ്റഡ് സ്റ്റേറ്റ് പാര്‍ട്ടിയുടെ’ മിലിട്ടറി വിഭാഗമായ യുണൈറ്റഡ് വാ സ്റ്റേറ്റ് ആര്‍മി ഏതാണ്ട് 30,000-ത്തോളം ആയുധധാരികളായ പോരാളികള്‍ അടങ്ങുന്നതാണ്. വാ സംസ്ഥാനത്ത് ജനങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള ക്രൈസ്തവ വിശ്വാസത്തിന്റെ അതിവേഗത്തിലുള്ള വളര്‍ച്ച തടയുക എന്നതാണ് വിമത പോരാളികളുടെ നടപടികളുടെ പിന്നിലുള്ള ലക്ഷ്യം.






- Advertisement -