പ്രാർത്ഥനകൾക്ക് ഫലം കണ്ടു: അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി
ന്യൂഡല്‍ഹി: പായ്‌വഞ്ചി അപകടത്തില്‍ പരിക്കേറ്റ മലയാളി നാവികൻ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. ഫ്രഞ്ച് കപ്പലിലെ സംഘമാണ് അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തിയത്. നാവിക സേനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മേഖലയില്‍ ഇന്ത്യന്‍ നാവിക സേനയുടെ വിമാനവും എത്തിയിട്ടുണ്ട്. അഭിലാഷ് ടോമിക്ക് പ്രാഥമിക ചികിത്സ നല്‍കുകയാണ് അടിയന്തര ദൗത്യം. ഫ്രഞ്ച് ഫിഷറീസ് പട്രോള്‍ വെസലായ ഓസിരിസിലേക്ക് അഭിലാഷിനെ മാറ്റിയിരിക്കുകയാണ്. അഭിലാഷ് ടോമി സുരക്ഷിതനെന്ന് നാവികസേന ട്വീറ്റ് ചെയ്തു.
പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണ മത്സരത്തില്‍ പങ്കെടുക്കുന്ന മലയാളി നാവികന്‍ അഭിലാഷ് ടോമിക്ക് പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ് അപകടമുണ്ടായത്. പായ്ക്കപ്പലിനു തകരാറുണ്ടായെന്നും തനിക്കു പരുക്കേറ്റുവെന്നും അഭിലാഷ് ടോമി സന്ദേശം നല്‍കിയിരുന്നു.
ജൂലൈ ഒന്നിനു ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലോന്‍ തുറമുഖത്തുനിന്ന് ആരംഭിച്ച പ്രയാണത്തില്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു അഭിലാഷ്. അര നൂറ്റാണ്ട് മുമ്ബുള്ള കടല്‍ പര്യവേക്ഷണ രീതികള്‍ മാത്രം ഉപയോഗിച്ചുള്ളതാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ്. ഏഴ് പേര്‍ ഇടയ്ക്കുവച്ച് പിന്മാറിയിരുന്നു.