സമൂഹത്തെ തിരുത്തേണ്ടവർ മൗനരായിരിക്കുന്നു: മാർ ക്ലീമിസ് കാതോലിക്കാ ബാവ
.
കുമ്പനാട്ട്: നിരന്തരമായ തിരുത്തലുകൾക്കു സമൂഹം വിധേയപ്പെട്ടേ മതിയാകൂവെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ.
കുമ്പനാട് സെന്റ് പോൾസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എന്നാൽ തിരുത്തലുകൾ കൊടുക്കേണ്ടവരുടെ എണ്ണം കുറയുകയും തിരുത്തലുകൾക്കു വിധേയരാകേണ്ടവർ കൂടിവരികയുമാണെന്ന് കർദിനാൾ പറഞ്ഞു.കുടുംബങ്ങളിലെ പരസ്പര ആശയവിനിമയം കുറഞ്ഞു. മൊബൈൽ, ടിവി ഉപയോഗം പരസ്പര സംഭാഷണങ്ങൾക്കു വിരമമിട്ടു.
മാതാപിതാക്കളെ വൃദ്ധ സദനങ്ങളിലാക്കുന്ന പ്രവണത കൂടി വരികയാണെന്നും ഇതിനു മാറ്റമുണ്ടാകാൻ ചെറുപ്രായത്തിലേ ആവശ്യമായ മാർഗനിർദേശങ്ങൾ നല്കാൻ ശ്രദ്ധിക്കണമെന്നും മാർ ക്ലീമിസ് ബാവ കൂട്ടിച്ചേർത്തു.
തിരുവല്ല അതിരൂപത വികാരി ജനറൽ മോൺ. ചെറിയാൻ താഴമൺ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പത്മഭൂഷൺ ബഹുമതി ലഭിച്ച ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്തയെ കർദിനാൾ ഏലയ്ക്കാ ഹാരമണിയിച്ചും ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പൊന്നാടയണിയിച്ചും ആദരിച്ചു.
ചാരിറ്റി ഫണ്ടിന്റെ ഉദ്ഘാടനം ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയും സുവനീർ പ്രകാശനം വീണാ ജോർജ് എംഎൽഎയും നിർവഹിച്ചു. ആന്റോ ആന്റണി എം. പി, കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോൻസി കിഴക്കേടത്ത്, അഡ്വ. തമ്പാൻ തോമസ് എക്സ് എം. പി, കോയിപ്രം ഗ്രാമ പഞ്ചായത്തംഗം ലില്ലിക്കുട്ടി ചിറ്റേഴത്ത്, വെണ്ണിക്കുളം മേഖലാ വികാരി ഫാ. അലക്സ് കണ്ണമല എന്നിവർ പ്രസംഗിച്ചു.
പ്ലാറ്റിനം ജൂബിലിയ്ക്ക് സമാപനം കുറിച്ചു നടന്ന വിശുദ്ധ കുർബാനയ്ക്ക് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു.