ലിംകാ ബുക്ക് ജേതാവ് വിനുവിന്റെ മരണം വിശ്വസിക്കാനാവാതെ കൂട്ടുകാർ
ചെങ്ങന്നൂര്‍: കഴിഞ്ഞ ദിവസം റെയില്‍വേ മേല്‍പ്പാലത്തിനു സമീപം ഉണ്ടായ അപകടത്തില്‍ പൊലിഞ്ഞത് കാശ്മീരില്‍ നിന്നും കേരളത്തിലേക്ക് കാര്‍ ഓടിച്ചു ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ ചെറുപ്പക്കാരന്‍. കശ്മീർ മുതല്‍ കന്യാകുമാരി വരെ 58 മണിക്കൂര്‍ 52 മിനുട്ട് കൊണ്ട് കാര്‍ ഓടിച്ചെത്തിയാണ് വിനു കുര്യന്‍ ജേക്കബ് റെക്കോര്‍ഡ് സ്ഥാപിച്ചത്. 13 സംസ്ഥാനങ്ങളിലൂടെ 3888 കിലോമീറ്റര്‍ ആയിരുന്നു യാത്ര..തിരുവല്ല കുറ്റൂര്‍ സ്വദേശിയാണ്. അനുജനെയും , സുഹൃത്തിനെയും യാത്രയില്‍ ഒപ്പം കൂട്ടിയാണ് വേഗതയിലെ രാജകുമാരന്‍ തന്റെ സ്വപ്നം നേടിയെടുത്തത്.
കഴിഞ്ഞ ബുധനാഴ്ച വെളുപ്പിന് 12.30 സുഹൃത്തിനെ വിവാഹ വീട്ടില്‍ നിന്ന് മടങ്ങിയ ശേഷം, ചെങ്ങന്നൂരില്‍ – തിരുവല്ലാ ദിശയിലേക്കു ബൈക്കില്‍ വരുകയായിരുന്നു വിനു. എതിര്‍ ദിശയില്‍ വന്ന ടൂറിസ്റ്റ് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. പോലീസെത്തി ആശുപത്രില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുറ്റൂരില്‍ വ്യാപാരിയാണ് പിതാവ് ജേക്കബ് കുര്യന്‍. സഹോദരനും യാത്രയിലെ സന്തത സഹചാരിയുമായ ജോ ജേക്കബ് ഏറ്റുമാനൂരില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ജീവനക്കാരന്‍ ആണ്. ഇളയ സഹോദരന്‍ ക്രിസ് ജേക്കബ് തിരുവല്ല മാര്‍ത്തോമ സ്കൂള്‍ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിയും.




- Advertisement -